കുടുംബവഴക്ക് പരിഹരിക്കാനെത്തിയ പിതാവിന്റെ കാറിൽ വാഹനമിടിപ്പിച്ച് യുവാവ്; അഞ്ചുപേർക്ക് പരിക്ക് -വിഡിയോ

മുംബൈ: കുടുംബവഴക്ക് പരിഹരിക്കാനെത്തിയ കുടുംബാംഗങ്ങളെ യുവാവ് കാറിടിപ്പിച്ച് പരിക്കേല്‍പ്പിച്ചു. മഹാരാഷ്ട്രയിലെ താനെ അംബേര്‍നാഥിലെ ചിഖോലിയിൽ ചൊവ്വാഴ്ച വൈകീട്ട് ആറോടെയാണ് നടുറോഡില്‍ നടുക്കുന്ന രംഗങ്ങള്‍ അരങ്ങേറിയത്. സംഭവത്തില്‍ കുടുംബാംഗങ്ങളും വഴിയാത്രക്കാരും ഉൾപ്പെടെ അഞ്ചുപേർക്ക് പരിക്കേറ്റു. ഇതിൽ രണ്ടുപേരുടെ നില ഗുരുതരമാണ്.

അംബേര്‍നാഥ് സ്വദേശിയായ ബിന്ദേശ്വര്‍ ശര്‍മയാണ് പിതാവും കുടുംബവും സഞ്ചരിച്ച ടൊയോട്ട ഫോർച്യൂണർ കാറില്‍ ടാറ്റ സഫാരി കാർ ഇടിപ്പിച്ചത്. ഇതിന്റെ വീഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ബിന്ദ്വേശര്‍ ശര്‍മയും ഭാര്യയും തമ്മിലുള്ള പ്രശ്നങ്ങൾ പരിഹരിക്കാനായി പിതാവ് സതീഷ് ശര്‍മ ഭാര്യക്കും ഇളയമകനുമൊപ്പം മുംബൈയില്‍നിന്ന് കാറിൽ ഡ്രൈവറെയും കൂട്ടി അംബേര്‍നാഥിലെത്തിയിരുന്നു.

എന്നാല്‍, വീട്ടിലെത്തിയപ്പോള്‍ മകനെ അവിടെയുണ്ടായിരുന്നില്ല. മരുമകളെ സമാധാനിപ്പിച്ച ശേഷം ഇവര്‍ കാറില്‍ മുംബൈയിലേക്ക് തിരിച്ചു. മടങ്ങുന്നതിനിടെ മകന്‍ കാറില്‍ തങ്ങളെ പിന്തുടരുന്നത് സതീഷ് ശര്‍മയും കുടുംബവും കണ്ടു. ഇതോടെ സംസാരിക്കാൻ വരുകയാണെന്ന ധാരണയിൽ വാഹനം റോഡരികില്‍ നിര്‍ത്തുകയും ഇവര്‍ പുറത്തിറങ്ങുകയും ചെയ്തു.

എന്നാല്‍, ബിന്ദേശ്വര്‍ ശര്‍മ വാഹനം നിര്‍ത്താതെ പുറത്തിറങ്ങിയവരെ ഇടിച്ചുതെറിപ്പിച്ച് മുന്നോട്ടുനീങ്ങുകയായിരുന്നു. ഡ്രൈവറെ 50 അടിയിലധികം വലിച്ചിഴച്ച ശേഷം വാഹനം യു ടേണെടുത്ത് പിതാവും കുടുംബവും സഞ്ചരിച്ച വാഹനത്തിലും ഇടിപ്പിച്ചു. ഇടിയുടെ ആഘാതത്തില്‍ സതീഷ് ശര്‍മയുടെ വാഹനം പിന്നോട്ട് നീങ്ങി റോഡിലുണ്ടായിരുന്ന രണ്ട് ബൈക്കുകളിലിടിച്ചു. ഇതില്‍ സതീഷ് ശര്‍മയുടെ ഡ്രൈവറുടെയും ബൈക്ക് യാത്രക്കാരന്റെയും നില ഗുരുതരമാണ്.

അതേസമയം, സംഭവത്തിന് പിന്നാലെ ബിന്ദേശ്വര്‍ ശര്‍മ കടന്നുകളഞ്ഞെന്നാണ് വിവരം. ഇയാള്‍ക്കായി തിരച്ചില്‍ തുടരുകയാണെന്നും പരിക്കേറ്റവരുടെ മൊഴി രേഖപ്പെടുത്തിവരികയാണെന്നും പൊലീസ് അറിയിച്ചു.

Tags:    
News Summary - Man in SUV hits dad's car twice, mowing people on road, 5 hurt

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.