മനാമ: വ്യാജ സർട്ടിഫിക്കറ്റുമായി 15 വർഷത്തിലേറെ ബഹ്റൈനിൽ ഡെന്റൽ ടെക്നീഷ്യനായി ജോലിചെയ്ത ഏഷ്യക്കാരൻ പിടിയിലായി. 51കാരനായ ഇയാൾ വ്യാജ സർട്ടിഫിക്കറ്റ് സമർപ്പിച്ചാണ് എൻ.എച്ച്.ആർ.എയുടെ ലൈസൻസ് നേടിയെടുത്തതെന്ന് അന്വേഷണത്തിൽ വ്യക്തമായി.
ഇയാളുടെ അതേ രാജ്യക്കാരനാണ് ഇതു സംബന്ധിച്ച് എൻ.എച്ച്.ആർ.എക്ക് പരാതി നൽകിയത്. ഇവർ തമ്മിലുണ്ടായ തർക്കമാണ് തട്ടിപ്പ് വെളിച്ചത്തുവരാനിടയാക്കിയത്. ഇതേത്തുടർന്ന് ഇയാൾ നൽകിയ സർട്ടിഫിക്കറ്റുകളുടെ ആധികാരികത പരിശോധിക്കാൻ എൻ.എച്ച്.ആർ.എ ഒരു കമ്പനിയെ ചുമതലപ്പെടുത്തുകയായിരുന്നു. പ്രതി 2006ലാണ് എൻ.എച്ച്.ആർ.എയിൽ വ്യാജ സർട്ടിഫിക്കറ്റ് സമർപ്പിച്ചത്.
ഈ രേഖകളുടെ അടിസ്ഥാനത്തിൽ, 2007ൽ ദന്തചികിത്സ പ്രാക്ടീസ് ചെയ്യാനുള്ള ലൈസൻസ് ലഭിച്ചു. 2022 മേയ് 13 വരെ വർഷം തോറും ലൈസൻസ് പുതുക്കിവന്നു. ഡെന്റൽ ടെക്നീഷ്യൻ ലൈസൻസ് ലഭിക്കുന്നതിന് യൂനിവേഴ്സിറ്റി ബിരുദം ആവശ്യമായിരുന്നതിനാൽ 2004 -2005 കാലത്ത് സ്വന്തം നാട്ടിലെ ഒരു സുഹൃത്തിന്റെ സഹായത്തോടെ വ്യാജ യൂനിവേഴ്സിറ്റി സർട്ടിഫിക്കറ്റ് ഉണ്ടാക്കുകയായിരുന്നെന്ന് ഇയാൾ ചോദ്യംചെയ്യലിൽ സമ്മതിച്ചു.
2005 മുതൽ 2022 വരെ കൃത്രിമം കാണിച്ച് ജോലി ചെയ്തതിന് പബ്ലിക് പ്രോസിക്യൂഷൻ പ്രതിക്കെതിരെ കുറ്റം ചുമത്തുകയായിരുന്നു. കേസിൽ സെപ്റ്റംബർ 16ന് കോടതി വിധി പറയും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.