പാങ്ങോട്: വീട്ടമ്മയിൽനിന്ന് ഓൺലൈൻ വഴി അഞ്ചുലക്ഷം തട്ടിച്ച കേസിൽ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരായ മൂന്നുപേർ അറസ്റ്റിൽ. കോഴിക്കോട് കൊടുവള്ളി സ്വദേശി സെയ്ഫുൽ റഹ്മാൻ (24), കൊയിലാണ്ടി സ്വദേശികളായ ഹരികൃഷ്ണൻ (25), അഖിൽ ബാബു (26) എന്നിവരാണ് അറസ്റ്റിലായത്. കല്ലറ കുറുമ്പയം സ്വദേശിയായ വീട്ടമ്മയാണ് കഴിഞ്ഞ മാസം പാങ്ങോട് സ്റ്റേഷനിൽ പരാതി നൽകിയത്.
പൊലീസ് പറയുന്നത്: സമൂഹമാധ്യമം വഴി പരിചയപ്പെട്ട യുവാക്കൾ വീട്ടിലിരുന്ന് പണം സമ്പാദിക്കാം എന്നു പറഞ്ഞ് വീട്ടമ്മയുമായി സൗഹൃദം കൂടുകയായിരുന്നു. ചെറിയ തുകകൾ നിക്ഷേപിച്ചാൽ നിക്ഷേപത്തുകയുടെ പലിശ സഹിതം പിറ്റേദിവസം തന്നെ തിരികെ അക്കൗണ്ടിൽ നൽകുമെന്ന് ധരിപ്പിച്ച് ആദ്യം 1000 രൂപ വാങ്ങി. അടുത്ത ദിവസം 1300 രൂപ സംഘം അക്കൗണ്ടിലേക്ക് അയച്ചു. പിന്നീട് 3000 രൂപ നൽകി. ഇതിന് 3300 രൂപ മടക്കി നൽകി. തുടർന്ന് 50,000 രൂപ നൽകിയപ്പോൾ 53,000 രൂപ തിരികെ നൽകി. തുടർന്ന് വീട്ടമ്മ 80,000 രൂപ നൽകി. എന്നാൽ, ഈ തുക പിന്നീട് മടക്കി ലഭിച്ചില്ല. ഇവരെ ബന്ധപ്പെട്ടപ്പോൾ അക്കൗണ്ട് ബ്ലോക്ക് ആയി എന്ന് വീട്ടമ്മയെ അറിയിച്ചു.
തുടർന്ന് സംഘം ഒരു ലക്ഷം രൂപ ആവശ്യപ്പെട്ടു. വീട്ടമ്മ പണയം വെച്ചും വായ്പ വാങ്ങിയും അഞ്ചു ലക്ഷം രൂപ സംഘത്തിനു അയച്ച് കൊടുത്തു. അക്കൗണ്ട് ബ്ലോക്ക് മാറിയാൽ വൻ തുക തിരികെ ലഭിക്കുമെന്ന് സംഘം വീട്ടമ്മയെ ധരിപ്പിച്ചു. വിവിധ യു.പി.ഐ അക്കൗണ്ടുകളിലേക്കാണ് വീട്ടമ്മ സംഘത്തിനു പണം നൽകിക്കൊണ്ടിരുന്നത്. തുടർന്ന് അഞ്ചു ലക്ഷം രൂപ നഷ്ടപ്പെട്ടെന്ന് കാണിച്ച് പാങ്ങോട് പൊലീസിൽ പരാതി നൽകുകയായിരുന്നു.
പൊലീസ് നടത്തിയ അന്വേഷണത്തിൽ പ്രതികൾ കോഴിക്കോട് സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്നവരാണെന്ന് കണ്ടെത്തുകയും കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.