ജയ്പൂർ: രാജസ്ഥാനിലെ ജയ്പൂരിൽ 64കാരിയെ കൊലപ്പെടുത്തി മൃതദേഹം പത്ത് കഷണങ്ങളാക്കിയ മരുമകൻ അറസ്റ്റിൽ. 32 കാരനായ അനുജ് ശർമ്മയാണ് അറസ്റ്റിലായത്. കൊല്ലപ്പെട്ട സരോജിന്‍റെ സഹോദരന്‍റെ മകനാണ് പ്രതി അനൂജ്. അനൂജും പിതാവും സരോജിന്‍റെ ഭർത്താവിന്‍റെ മരണ ശേഷം ജയ്പൂരിലെ വിദ്യാധർ നഗറിൽ സരോജിനൊപ്പമായിരുന്നു താമസം.
ഒരു പരിപാടിയിൽ പങ്കെടുക്കുന്നതിനായി അനൂജ് ഡൽഹിയിലേക്ക് പോകുന്നത് തടഞ്ഞതാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. ഡിസംബർ 11ന് അച്ഛനും സഹോദരിയും ഇൻഡോറിലേക്ക് പോയതിനാൽ വീട്ടിൽ അരുണും സരോജും തനിച്ചായിരുന്നു. ഡൽഹിയിലേക്ക് പോകണമെന്ന് അനൂജ് ആഗ്രഹിച്ചിരുന്നുവെങ്കിലും സരോജ് തടഞ്ഞത് വാക്കുതർക്കത്തിനിടയാക്കി. തുടർന്ന് ചായ ഉണ്ടാക്കുന്നതിനിടെ സരോജിനെ ചുറ്റിക കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് മാർബിൾ കട്ടർ ഉപയോഗിച്ച് സ്ത്രീയുടെ മൃതദേഹം പത്ത് കഷ്ണങ്ങളാക്കി മുറിച്ചതിന് ശേഷം ജയ്പൂർ-സിക്കാർ ഹൈവേയിലെ ഒരു വിദൂര പ്രദേശത്ത് പ്രതി ഉപേക്ഷിക്കുകയായിരുന്നു.
ശരീരഭാഗങ്ങൾ ബക്കറ്റിലും സ്യൂട്ട്കേസിലുമാക്കി ഉപേക്ഷിച്ച ശേഷം സരോജിനെ കാണാനില്ലെന്ന് പ്രതി പൊലീസിൽ പരാതി നൽകി. പൊലീസിനെ തെറ്റിദ്ധരിപ്പിക്കാൻ ബന്ധുക്കൾക്കൊപ്പം ചേർന്ന് സരോജിനെ അന്വേഷിക്കാനും അനൂജ് നേതൃത്വം നൽകിയതായി പൊലീസ് പറഞ്ഞു.
അനൂജിന്‍റെ മൊഴികൾ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് കണ്ടെത്തിയ പൊലീസ് അയാളുടെ പ്രവർത്തനങ്ങൾ നിരീക്ഷിച്ച് തുടങ്ങി. സി.സി.ടി.വി ദൃശ്യങ്ങളിൽ ഇയാൾ സ്യൂട്ട്കേസും ബക്കറ്റുമായി വീട്ടിൽ നിന്ന് ഇറങ്ങുന്നതും പൊലീസ് കണ്ടെത്തി. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ സരോജിനെ ചുറ്റിക കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയെന്ന് അനൂജ് സമ്മതിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.