തിരുവനന്തപുരം: ഗുണ്ട-മണ്ണ് മാഫിയ ബന്ധം കണ്ടെത്തിയതിനെ തുടർന്ന് തിരുവനന്തപുരം മംഗലപുരം പൊലീസ് സ്റ്റേഷനിലെ എല്ലാ ഉദ്യോഗസ്ഥരെയും സ്ഥലംമാറ്റി. ഇതിൽ എസ്.എച്ച്.ഒ ഉൾപ്പെടെ ആറുപേർക്ക് സസ്പെൻഷനും നാലുപേർക്കെതിരെ വകുപ്പുതല നടപടിയുമുണ്ട്. മാഫിയ ബന്ധത്തിന്റെ പേരിൽ കേരള ചരിത്രത്തിലാദ്യമായാണ് ഒരു സ്റ്റേഷനിലെ മുഴുവൻ ഉദ്യോഗസ്ഥരെയും സ്ഥലംമാറ്റുന്നത്.
സ്റ്റേഷൻ പരിധിയിലെ മണ്ണ് മാഫിയകളുമായും ഗുണ്ടകളുമായും ബന്ധംസ്ഥാപിച്ച് സാമ്പത്തിക നേട്ടമുണ്ടാക്കിയെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടിയെന്ന് റൂറൽ ജില്ല പൊലീസ് മേധാവി ഡി. ശിൽപ വ്യക്തമാക്കി. ഈ വിഷയത്തിൽ എസ്.എച്ച്.ഒ സജീഷിനെ കഴിഞ്ഞദിവസം സസ്പെൻഡ് ചെയ്തിരുന്നു. തുടർന്ന് ഗ്രേഡ് എസ്.ഐമാരായ ഗോപകുമാർ, അനൂപ്കുമാർ, ഗ്രേഡ് എ.എസ്.ഐ ജയൻ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ കുമാർ, സുധികുമാർ എന്നിവരെ വ്യാഴാഴ്ച രാത്രി സസ്പെൻഡ് ചെയ്തു. അതിന് പിന്നാലെയാണ് എല്ലാ പൊലീസുകാരെയും മാറ്റിയത്. ചിറയിൻകീഴ് എസ്.എച്ച്.ഒ മുകേഷിനാണ് പകരം ചുമതല.
മംഗലപുരം എസ്.ഐയായിരുന്ന ആർ. മനുവിനെ ചിറയിൻകീഴിലേക്ക് സ്ഥലംമാറ്റി. പകരം ഡി.ജെ. ശാലുവിനെ നിയമിച്ചു. സ്റ്റേഷനിലെ മറ്റ് ഉദ്യോഗസ്ഥരെ ചിറയിൻകീഴ്, പോത്തൻകോട്, ആറ്റിങ്ങൽ, വെഞ്ഞാറമൂട്, വട്ടപ്പാറ സ്റ്റേഷനുകളിലും ഡി.സി.ആർ.ബി, ജില്ല ആംഡ് സർവിസ് എന്നിവിടങ്ങളിലേക്കുമാണ് സ്ഥലംമാറ്റിയത്. പകരം സമീപത്തെ സ്റ്റേഷനുകളിലുള്ളവരെ ഇവിടങ്ങളിലേക്ക് മാറ്റിനിയമിച്ചു.
അതിനിടെ, ഉദ്യോഗസ്ഥർക്കെതിരെ റിപ്പോർട്ട് നൽകിയ സ്പെഷൽ ബ്രാഞ്ച് എസ്.ഐ എം. സാജിദിനുനേരെ സസ്പെൻഷനിലായ എ.എസ്.ഐ ജയൻ വധഭീഷണി മുഴക്കുകയും തെറിയഭിഷേകം നടത്തുകയും ചെയ്തു. സ്പെഷൽ ബ്രാഞ്ച് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് തന്നെ സസ്പെൻഡ് ചെയ്തതെന്ന് ആരോപിച്ചായിരുന്നത്രെ ജയൻ ഫോണിൽ വിളിച്ച് വധഭീഷണി മുഴക്കിയത്. സ്പെഷൽ ബ്രാഞ്ച് എസ്.ഐ കഴക്കൂട്ടം പൊലീസിൽ പരാതി നൽകി. സാജിദിന്റെ മൊഴി രേഖപ്പെടുത്തി കഴക്കൂട്ടം പൊലീസ് കേസെടുത്തു. നേരത്തേ രണ്ട് ക്രിമിനൽ കേസുകളിൽ ജയിൽവാസം അനുഭവിച്ചയാളാണ് എ.എസ്.ഐ ജയൻ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.