എ4 പേപ്പറിൽ വ്യാജ കറൻസി നിർമാണം; ഫിറോസ്പൂരിൽ 22കാരൻ അറസ്റ്റിൽ

ചണ്ഡീഗഡ്: ഓൺലൈനിൽ പബ്ജി കളിച്ച് പരിചയപ്പെട്ട സുഹൃത്തിന്‍റെ നിർദേശപ്രകാരം വ്യാജ കറൻസികൾ നിർമിച്ച് 22കാരൻ. ഫിറോസ്പൂരിലെ സിറ ടൗണിലെ ജസ്‌കരൻ സിങ് എന്നയാളാണ് പ്രിന്‍ററും A4 കടലാസുകളും ഉപയോഗിച്ച് കറൻസി അടിച്ചത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ പക്കൽ നിന്ന് 3.42 ലക്ഷം രൂപ മൂല്യമുള്ള 500, 200, 100 രൂപയുടെ വ്യാജ കറൻസികൾ പിടിച്ചെടുത്തിട്ടുണ്ട്. കളർ പ്രിന്‍ററും A4 വലുപ്പമുള്ള പേപ്പർ റിമ്മുകളും ഇയാളുടെ വീട്ടിൽ നിന്ന് ഫിറോസ്പൂർ പൊലീസ് കണ്ടെടുത്തിരുന്നു. വീട്ടിൽ തന്നെയാണ് ഇയാൾ വ്യാജ കറൻസി നോട്ടുകൾ അച്ചടിച്ചിരുന്നത്.

കണ്ടെടുത്ത വ്യാജ കറൻസിയിൽ ഇരുവശവും അച്ചടിച്ച നോട്ടുകളും A4 പേപ്പറിൽ നിന്ന് വെട്ടിമാറ്റാനുള്ളവയും ഉണ്ടെന്ന് പൊലീസ് വ്യക്തമാക്കി. ഐ.പി.സി സെക്ഷൻ സെക്ഷൻ 178, 180 വകുപ്പുകൾ പ്രകാരം ഇയാൾക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. സിങിന്‍റെ കൂട്ടാളിയായ ആകാശ്ദീപ് സിങിനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ജസ്‌കരും ആകാശും ചേർന്ന് 50,000 രൂപയുടെ വ്യാജ കറൻസി ചൂതാട്ടക്കാർക്ക് നൽകിയിരുന്നു. എന്നാൽ കറൻസി നോട്ടുകൾ വ്യാജമാണെന്ന് തെളിഞ്ഞതോടെ കാര്യങ്ങൾ കൂടുതൽ സംഘർഷഭരിതമാവുകയായിരുന്നെന്നും പൊലീസ് വ്യക്തമാക്കി.

ഒന്നരമാസം മുമ്പാണ് ജസ്‌കരൻ കള്ളനോട്ടുകൾ അച്ചടിക്കാൻ തുടങ്ങിയത്. ബർഗർ ഷോപ്പുകൾ, ഫ്രൂട്ട് കാർട്ടുകൾ തുടങ്ങിയ ചെറുകിട കച്ചവടക്കാർക്ക് മാത്രമായിരുന്നു കള്ളനോട്ടുകൾ നൽകിയത്. വ്യാജ നോട്ടുകൾ അച്ചടിക്കാൻ ആവശ്യമായ കടലാസുകളും മറ്റും ഡൽഹിയിൽ നിന്നാണ് കൊണ്ടുവന്നിരുന്നത്. ഏകദേശം 14,000 രൂപക്ക് ഫ്ലിപ്പ്കാർട്ടിൽ നിന്ന് എച്ച്.പി കളർ പ്രിൻ്ററും വാങ്ങിയിരുന്നു. വ്യാജ കറൻസി നോട്ടുകൾ അച്ചടിക്കുന്നതിന് മുമ്പ് പബ്ജി ഉപയോക്താവിന്‍റെയും ഇന്‍റർനെറ്റിന്‍റെയും സഹായം തേടിയിരുന്നതായും യൂട്യൂബിലും മറ്റും വിഡിയോകൾ കാണുകയും ചെയ്തിട്ടുള്ളതായി അന്വേഷണത്തിൽ വ്യക്തമായി.

Tags:    
News Summary - Manufacture of counterfeit currency; A 22-year-old man was arrested in Ferozepur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.