കർദിനാൾ മാർ ആലഞ്ചേരി കോട്ടയം അഡീഷനൽ സെഷൻസ് കോടതിയിലേക്കെത്തുന്നു

ബിഷപ്പ് ഫ്രാങ്കോ പ്രതിയായ ബലാത്സംഗ കേസിൽ മാർ ആലഞ്ചേരി കോടതിയിൽ ഹാജരായി

കോട്ടയം: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ പ്രതിയായ ബലാത്സംഗ കേസിന്‍റെ വിചാരണക്ക് സീറോ മലബാർ സഭ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഹാജരായി. കോട്ടയം അഡീഷനൽ സെഷൻസ് കോടതിയിലാണ് മാർ ആലഞ്ചേരിയും പ്രതി ബിഷപ്പ് ഫ്രാങ്കോയും ഹാജരായത്. ബലാത്സംഗ കേസിൽ പ്രോസിക്യൂഷൻ സാക്ഷിയാണ് മാർ ആലഞ്ചേരി.

കുറവിലങ്ങാട് മഠത്തിൽവെച്ച് ബിഷപ് ഫ്രാങ്കോ ബലാത്സംഗം ചെയ്തെന്ന വിവരം കർദിനാൾ മാർ ആലഞ്ചേരിയെ അറിയിച്ചെന്നാണ് കന്യാസ്ത്രീ പൊലീസിന് മൊഴി നൽകിയിട്ടുള്ളത്. എന്നാൽ, ഈ വിഷയത്തിൽ നടപടി സ്വീകരിച്ചില്ലെന്നാണ് ആക്ഷേപം.

2018 ജൂൺ 17നാണ് മഠത്തിൽവെച്ച് ജലന്ധർ രൂപത അധ്യക്ഷനായിരുന്ന ബിഷപ്പ് ഫ്രാങ്കോ ബലാത്സംഗം ചെയ്തെന്ന പരാതിയുമായി കന്യാസ്ത്രീ ജില്ലാ പൊലീസ് മേധാവിയെ സമീപിക്കുന്നത്. തുടർന്ന് കന്യാസ്ത്രീകൾ കൊച്ചി ഹൈകോടതി ജംങ്ഷനിൽ നടത്തിയ പരസ്യ സമരത്തിനൊടുവിലാണ് ബിഷപ്പിന്‍റെ അറസ്റ്റുണ്ടായത്.

കേസിൽ നിരപരാധിയാണെന്നും വിടുതൽ നൽകണമെന്നും ആവശ്യപ്പെട്ട് ഹൈകോടതിയെയും സുപ്രീംകോടതിയെയും ഫ്രാങ്കോ സമീപിച്ചു. എന്നാൽ, ഇരു കോടതികളും ബിഷപ്പിന്‍റെ ആവശ്യം തള്ളുകയായിരുന്നു.

2019 ഏപ്രിലിലാണ് അന്വേഷണ ഉദ്യോഗസ്ഥനായ വൈക്കം ഡിവൈ.എസ്.പി കെ. സുഭാഷ് പാലാ ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. കേസിൽ ബലാത്സംഗം ഉൾപ്പെടെ ആറ് വകുപ്പുകളാണ് ബിഷപ്പ് ഫ്രാങ്കോക്കെതിരെ ചുമത്തിയത്. മൂന്ന് ബിഷപ്പുമാരും 11 വൈദികരും 24 കന്യാസ്ത്രീകളും ഉൾപ്പെടെ 84 സാക്ഷികളാണ് കേസിലുള്ളത്.

Tags:    
News Summary - Mar Alencherry appeared in court in the rape case of Bishop Franco

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.