നിലമ്പൂർ: മതം മാറി വിവാഹം ചെയ്തതിനുശേഷം മുങ്ങിയയാളെ വഴിക്കടവ് പൊലീസ് 15 വർഷത്തിനുശേഷം അറസ്റ്റ് ചെയ്തു. തമിഴ്നാട് തേനി സ്വദേശി മുഹമ്മദ് സലീം എന്ന കണ്ണനെയാണ് (50) വഴിക്കടവ് ഇൻസ്പെക്ടർ മനോജ് പറയറ്റ അറസ്റ്റ് ചെയ്തത്. മണ്ണാർക്കാട് കരിമ്പുഴ പ്രദേശത്ത് മറ്റൊരു വിലാസത്തിൽ രണ്ടാം ഭാര‍്യയോടൊപ്പം ഒളിവിൽ കഴിയുന്നതിനിടെയാണ് ഇയാൾ പാലക്കാട്ടുനിന്ന് പിടിയിലായത്. പ്രതിയെ നിലമ്പൂർ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു.
2006ലാണ് കേസിനാസ്പദമായ സംഭവം. കണ്ണൻ വഴിക്കടവിൽ ജോലിക്കായി വരുകയും മതം മാറിയ ശേഷം വഴിക്കടവ് സ്വദേശിനിയെ വിവാഹം കഴിക്കുകയും ചെയ്തു. ഒരു കുട്ടി ആയതിനുശേഷം ഭാര്യയുടെ സ്വർണവും പണവുമായി മുങ്ങുകയായിരുന്നു. സ്ത്രീയുടെ പരാതിയിൽ വഴിക്കടവ് പൊലീസ് കണ്ണനെ അറസ്റ്റ് ചെയ്ത് നിലമ്പൂർ കോടതിയിൽ ഹാജറാക്കി. മഞ്ചേരി ജയിലിലേക്ക് റിമാൻഡ് ചെയ്ത പ്രതി പിന്നീട് ജാമ്യത്തിലിറങ്ങി ഒളിവിൽ പോവുകയായിരുന്നു. ഹാജറാകാതെ വന്നതോടെ പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ചു. നിലമ്പൂർ ഡിവൈ.എസ്.പി സാജു കെ. എബ്രഹാമിന്‍റെ നിർദേശപ്രകാരം പ്രത്യേക സംഘം അന്വേഷണം നടത്തുന്നതിനിടെയാണ് പിടിയിലാവുന്നത്. പ്രൊബേഷൻ എസ്.ഐമാരായ ടി.എസ്. സനീഷ്, എച്ച്. തോമസ്, പൊലീസ് ഓഫിസർമാരായ കെ. നിജേഷ്, എസ്. പ്രശാന്ത് കുമാർ, ടി. ഫിറോസ് എന്നിവരാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.