മലപ്പുറം: വിവാഹത്തിന് താൽപര്യമുണ്ടെന്ന വ്യാജേന ഓണ്‍ലൈന്‍ മാട്രിമോണിയൽ വെബ്സൈറ്റുകൾ വഴി സ്ത്രീകളുമായി അടുപ്പത്തിലായി പീഡിപ്പിക്കുകയും സ്വര്‍ണവും പണവും കൈക്കലാക്കുകയും ചെയ്യുന്ന യുവാവ് അറസ്റ്റിൽ. മലപ്പുറം താമരക്കുഴി 'സരോവരം' വീട്ടില്‍ സഞ്ജുവാണ് (40) എറണാകുളം സ്വദേശികളായ രണ്ട് യുവതികളുടെ പരാതിയിൽ പിടിയിലായത്.
വിവാഹിതനായ സഞ്ജുവിന് ഒരു മകളുണ്ട്. ഇത് മറച്ചുവെച്ചാണ് മറ്റ് യുവതികളുമായി ബന്ധം സ്ഥാപിക്കുന്നത്. എറണാകുളത്ത് താമസിക്കുന്ന പ്രതി വെബ്സൈറ്റില്‍നിന്ന് സൗഹൃദത്തിലായ സ്ത്രീകളുടെ വീട്ടില്‍ വിവാഹ ആലോചനയുമായെത്തി അവരുടെ വീട്ടുകാരുമായും ബന്ധം സ്ഥാപിക്കും. വിവാഹവസ്ത്രം വാങ്ങി നൽകല്, കല്യാണ കത്ത് തയാറാക്കല്‍, വിവാഹം രജിസ്റ്റര്‍ ചെയ്യാനുള്ള രേഖകള്‍ വാങ്ങൽ തുടങ്ങിയവ ചെയ്ത് വിശ്വാസം പിടിച്ചുപറ്റും. പിന്നീട് ഓരോ കാരണം പറഞ്ഞ് ഒഴിഞ്ഞുമാറലാണ് രീതി.
എറണാകുളം സ്വദേശിനിയായ ഒരു പരാതിക്കാരിയില്‍നിന്ന് 32 പവനും ഒരു ലക്ഷം രൂപയും മറ്റൊരാളില്‍നിന്ന് 10 ലക്ഷവും ആറ് പവനും ഇയാള്‍ കൈക്കലാക്കിയിട്ടുണ്ട്.
നിരവധി പേരെ സമാന രീതിയില്‍ ഇയാള്‍ പറ്റിച്ചിട്ടുണ്ടെന്ന് പരാതിക്കാർ പറഞ്ഞു. സമാനരീതിയിൽ കൂടുതൽ തട്ടിപ്പുകൾ നടത്തിയിട്ടുണ്ടാകാമെന്ന നിഗമനത്തലാണ് പൊലീസ്.
മലപ്പുറം ജില്ല പൊലീസ് മേധാവി എസ്. സുജിത്ത്ദാസിന്റെ നിര്‍ദേശ പ്രകാരം മലപ്പുറം വനിത സെൽ സി.ഐ റസിയ ബംഗാളത്ത്, എസ്.ഐ സന്ധ്യാദേവി, മലപ്പുറം സി.ഐ ജോബി തോമസ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. മലപ്പുറം ഫസ്റ്റ് ക്ലാസ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ മഞ്ചേരി സബ്ജയിലില്‍ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.