കോഴിക്കോട്: മോഷ്ടാക്കളുടെ ഇഷ്ടകേന്ദ്രമായി മാറി മെഡിക്കൽ കോളജ് ആശുപത്രി. ആശുപത്രിയിൽ നിരന്തരമായി മോഷണം നടക്കുമ്പോഴും പ്രതികളെ പിടികൂടാനാകുന്നില്ല. അതുമൂലം മോഷ്ടാക്കളുടെ സുരക്ഷിത കേന്ദ്രം കൂടിയാവുകയാണ് ഇവിടം. അത്യാഹിത വിഭാഗത്തിനു മുന്നിലെ പാർക്കിങ് ഏരിയയിൽനിന്നും ബൈക്കുകൾ മോഷണം പോകുന്നത് സ്ഥിരം സംഭവമാണ്. കഴിഞ്ഞ ദിവസം അത്യാഹിത വിഭാഗത്തിനു മുന്നിൽ നിർത്തിയിട്ട കടലുണ്ടി സ്വദേശി വിജിത്തിന്‍റെ ബൈക്ക് മോഷണം പോയി. കഴിഞ്ഞ ആഴ്ചയും അത്യാഹിത വിഭാഗത്തിനു മുന്നിൽ നിന്ന് ബൈക്ക് മോഷണം പോയിരുന്നു.
ആശുപത്രിയിലേക്ക് അടിയന്തരമായി എത്തുന്ന പലരും വാഹനങ്ങൾ നിർത്തിയിട്ട് പിന്നീട് ഒന്നോ രണ്ടോ ദിവസത്തിനു ശേഷമാണ് എടുക്കാൻ വരുന്നത്. അപ്പോഴായിരിക്കും മോഷണം പോയ വിവരം മനസ്സിലാക്കുന്നത്. ആശുപത്രിയിൽ സി.സി.ടി.വി ഉണ്ടെങ്കിലും അത്യാഹിത വിഭാഗത്തിനു മുന്നിലെ പാർക്കിങ് മേഖലയിൽ കാമറയില്ലാത്തതും മോഷ്ടാക്കൾക്കും സൗകര്യമാവുകയാണ്.
ആശുപത്രി വാർഡുകൾക്കുള്ളിലും മോഷണം നിത്യസംഭവമാണ്. രോഗികളുടെ കൂട്ടിരിപ്പുകാരിൽനിന്ന് പണം, മൊബൈൽ ഫോൺ ഉൾപ്പെടെ വിലപിടിപ്പുള്ള വസ്തുക്കൾ വ്യാപകമായി നഷ്ടപ്പെടുന്നുണ്ട്. പലരും ആശുപത്രിയുമായി ബന്ധപ്പെട്ട തിരക്കിലാവുന്നതിനാൽ പരാതി നൽകാനും തയാറാകുന്നില്ല. ഇത് മോഷ്ടാക്കൾക്ക് കൂടുതൽ സൗകര്യമൊരുക്കുകയാണ്.
ആശുപത്രിയിൽ എത്തുന്നവരെ കൃത്യമായി നിരീക്ഷിക്കാനാകാത്തതാണ് മോഷണം പെരുകുന്നതിന് ഇടവെക്കുന്നത്. ഒരു വർഷം മുമ്പ് മെഡിക്കൽ കോളജ് പരിസരത്തുനിന്ന് മോഷ്ടിച്ച ഒരു ബൈക്ക് കൊല്ലത്തു നിന്ന് കണ്ടെത്തിയിരുന്നു. മോഷണത്തിനു പിന്നിൽ വൻ സംഘം പ്രവർത്തിക്കുന്നുണ്ടെന്ന് അന്ന് പൊലീസ് പറഞ്ഞെങ്കിലും പിന്നീട് മോഷ്ടാക്കളെ പിടികൂടാനുള്ള നടപടികളൊന്നും ഉണ്ടായില്ല. അത് മോഷ്ടാക്കൾക്കും ആശ്വാസമാവുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.