File Photo

മീശ വിനീത് വീണ്ടും പിടിയിൽ; ഇന്‍സ്റ്റഗ്രാമിൽ പരിചയപ്പെട്ട യുവതിയുടെ സ്വർണം കവർന്നു, വീട്ടിൽ വിളിച്ചുവരുത്തി ഉപദ്രവിച്ചു

തിരുവനന്തപുരം: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ കുപ്രസിദ്ധ ഇന്‍സ്റ്റഗ്രാം റീല്‍സ് താരം 'മീശ വിനീത്' എന്ന വിനീത് (26) കസ്റ്റഡിയില്‍. സ്വര്‍ണാഭരണങ്ങള്‍ കൈക്കലാക്കിയശേഷം യുവതിയെ വിളിച്ചുവരുത്തി ദേഹോപദ്രവം ഏല്‍പ്പിച്ചെന്ന കേസിൽ കിളിമാനൂര്‍ പൊലീസാണ് ഇയാളെ പിടികൂടിയത്. കിളിമാനൂര്‍ വെള്ളയൂര്‍ സ്വദേശിയായ വിനീത് നേരത്തെ പീഡനക്കേസിലും കവര്‍ച്ചാക്കേസിലും പൊലീസിന്റെ പിടിയിലായിരുന്നു.

കഴിഞ്ഞ ശനിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നതെന്ന് യുവതിയുടെ പരാതിയിൽ പറയുന്നു. ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട യുവതിയില്‍നിന്ന് പണയം വെക്കാനായി ആറുപവന്‍ സ്വര്‍ണാഭരണങ്ങള്‍ ഇയാള്‍ കൈക്കലാക്കുകയായിരുന്നു. ഉടൻ തിരികെ നൽകാമെന്ന ഉറപ്പിലാണ് ഒരുമാസം മുമ്പ് ആഭരണങ്ങള്‍ വാങ്ങിയത്. യുവതി ആഭരണങ്ങള്‍ തിരികെ ചോദിച്ചപ്പോള്‍ ഇത് നൽകാമെന്ന് വിശ്വസിപ്പിച്ച് വിനീത് യുവതിയോട് വീട്ടിലേക്ക് വരാൻ പറഞ്ഞു.

തുടർന്ന്, തിരുവനന്തപുരത്തുനിന്നും ബസില്‍ കിളിമാനൂരില്‍ എത്തിയ യുവതിയെ ബൈക്കില്‍ കയറ്റിയാണ് ഇയാള്‍ വീട്ടിലേക്ക് കൊണ്ടുപോയത്. പിന്നീട് ഇവിടെവെച്ച് ഭീഷണിപ്പെടുത്തുകയും ദേഹോപദ്രവം ഏല്‍പ്പിക്കുകയും ചെയ്‌തെന്നാണ് യുവതി പരാതിയില്‍ പറയുന്നത്. നേരത്തെ, ഇന്‍സ്റ്റഗ്രാമില്‍ പരിചയപ്പെട്ട പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലടക്കം ഒട്ടേറെ ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ആളാണ് വിനീത്. പത്ത് മോഷണക്കേസുകളിലും അടിപിടി കേസിലും ഇയാള്‍ പ്രതിയായിരുന്നു. മാസങ്ങൾക്ക് മുമ്പ്, പെട്രോൾ പമ്പ് മാനേജരിൽനിന്ന് രണ്ടര ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ വിനീതിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

മാർച്ച്‌ 23നാണ്‌ കണിയാപുരത്തെ നിഫി ഫ്യുവൽസ് മാനേജർ ഷായുടെ കൈയിലുണ്ടായിരുന്ന പണം വിനീതടക്കമുള്ള പ്രതികൾ കവർന്നത്‌. പമ്പിന്‍റെ കലക്ഷനായ രണ്ടര ലക്ഷം രൂപ തൊട്ടടുത്തുള്ള ബാങ്കിൽ അടക്കാൻ കൊണ്ടുപോകുമ്പോഴാണ് പ്രതികൾ പണമടങ്ങിയ ബാഗ് പിടിച്ചുപറിച്ച്‌ ബൈക്കിൽ കടന്നുകളഞ്ഞത്. പൊലീസ് അന്വേഷണത്തിൽ പ്രതികൾ ബൈക്ക് പോത്തൻകോട് പൂലൻതറയിൽ ഉപേക്ഷിച്ച്‌ ഓട്ടോയിൽ വെഞ്ഞാറമൂട് ഭാഗത്തേക്ക്‌ കടന്നതായി അറിഞ്ഞു. പിന്നീട്‌ നടന്ന അന്വേഷണത്തിലാണ്‌ പ്രതികളെ പിടികൂടിയത്‌. മോഷ്‌ടിച്ച പണം വിനീത് ബുള്ളറ്റ് വാങ്ങുകയും കടം തീർക്കുകയും ചെയ്‌തുവെന്നാണ് അന്ന് പൊലീസ് പറഞ്ഞത്.

Tags:    
News Summary - Meesha Vineeth in custody again; He stole gold from a young woman he met on Instagram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.