ജയ്പൂർ: രാജസ്ഥാനിലെ ജയ്പൂരിൽ വെള്ളി പാദസരങ്ങൾ മോഷ്ടിക്കാന്‍ 108 വയസുകാരിയുടെ കാല്‍പാദം വെട്ടിമാറ്റി മോഷ്ടാക്കളുടെ കൊടുംക്രൂരത. രാജസ്ഥാനിലെ ജയ്പൂരിലെ ഗാൽറ്റ ഗേറ്റ് പൊലീസ് സ്റ്റേഷൻ പരിധിയിലെ മീന കോളനിയിൽ ഞായറാഴ്ച പുലർച്ചെ 5.30നാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ യമുന ദേവി ആശുപത്രിയിൽ ചികിത്സയിലാണ്.
പാദസരങ്ങൾ കവരാനായി മോഷ്ടാക്കൾ വയോധികയുടെ കാൽമുട്ടുകൾക്കു താഴെയുള്ള ഭാഗം മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് വെട്ടിമാറ്റുകയായിരുന്നു. സംഭവം നടക്കുമ്പോൾ യമുന ദേവി ഒറ്റക്കായിരുന്നു വീട്ടിലുണ്ടായിരുന്നത്. അതിനാൽ മോഷ്ടാക്കൾ എത്തിയപ്പോൾ അലറിക്കരയാനല്ലാതെ മറ്റൊന്നിനും ഇവർക്കായില്ല.
സംഭവം നടന്ന രാത്രി മകൾക്കൊപ്പമാണ് യമുന ദേവി ഉറങ്ങാൻ കിടന്നത്. ഞായറാഴ്ച പുലർച്ചെ തന്നെ മകൾ എഴുന്നേറ്റ് അമ്പലത്തിൽ പോയി. ആളില്ലാത്ത നേരം നോക്കി വീട്ടിൽ കയറിയ മോഷ്ടാക്കൾ യമുനയെ പുറത്തേ ബാത്റൂമിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി. വയോധികയുടെ കാലിൽ കിടന്ന പാദസരം അഴിച്ചുമാറ്റാനാണ് ശ്രമം നടത്തിയത്. എന്നാൽ അതിനു സാധിക്കാത്തതിനാൽ കാൽപാദങ്ങൾ തന്നെ മുറിച്ചുമാറ്റുകയായിരുന്നു.
കാൽപാദങ്ങളും ആയുധവും വലിച്ചെറിഞ്ഞ ശേഷം മോഷ്ടാക്കൾ രക്ഷപ്പെട്ടു. വയോധികയുടെ കഴുത്തിലും കുത്തിപ്പരിക്കേൽപിച്ചിട്ടുണ്ട്. മകൾ തിരിച്ചെത്തിയപ്പോൾ രക്തം വാർന്ന് അവശനിലയിൽ കഴിയുകയായിരുന്നു യമുന. വിവരമറിഞ്ഞ് വൻ ജനക്കൂട്ടമാണ് ഇവരുടെ വീട്ടിലെത്തിയത്. മോഷ്ടാക്കളെ കണ്ടെത്താൻ ജയ്പൂർ പൊലീസ് അന്വേഷണം തുടങ്ങി. രാജസ്ഥാനിലെ ബുൻഡി സംസ്ഥാനത്തും സമാനരീതിയിൽ കവർച്ച നടന്നിരുന്നു. മോഷ്ടാക്കളെ പൊലീസിന് ഇതുവരെ പിടികൂടാൻ സാധിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.