പിടിയിലായ പ്രതികൾ

മൈക്രോ ഫിനാൻസ് വായ്പ തട്ടിപ്പ്: മൂന്നുപേർ അറസ്റ്റിൽ

പുനലൂർ: മൈക്രോ ഫിനാൻസിലൂടെ വായ്പ തരപ്പെടുത്തി നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ മൂന്നുപേരെ തെന്മല പൊലീസ് അറസ്റ്റ് ചെയ്തു. കുണ്ടറ പെരുമ്പുഴ ആലോളിൽ വീട്ടിൽ എസ്. ശ്യാം (26), ശൂരനാട് പടിഞ്ഞാറ്റുമുറി കൊച്ചുവീട്ടിൽ ആർ. രാഹുൽ (27), മൈനാഗപള്ളി നന്ദിയാട്ട് വടക്കേതിൽ പി. അഖിലാസ് (29) എന്നിവരാണ് പിടിയിലായത്.

പണം നഷ്ടമായ തെന്മല, ആര്യങ്കാവ് പഞ്ചായത്തുകളിലെ നിരവധി ആളുകൾ കഴിഞ്ഞദിവസങ്ങളിൽ പരാതി നൽകിയിരുന്നു. ജില്ലയുടെ കിഴക്കൻമേഖല കേന്ദ്രികരിച്ച് ഓണത്തിന് മുന്നോടിയായി ആശ്മിത മൈക്രോഫിനാൻസ് എന്ന പേരിലുള്ള സ്ഥാപനത്തിൽനിന്നും 40,000 രൂപ വായ്പ നൽകാമെന്ന പേരിലാണ് സംഘം പണവും മറ്റ് രേഖകളും തട്ടിയെടുത്തത്.

ഇതിനായി തെന്മല, ആര്യങ്കാവ് കേന്ദ്രീകരിച്ച് പത്ത് പേരിന് മുകളിലുള്ള സ്ത്രീകളുടെ വായ്പ ഗ്രൂപ്പുകൾ രൂപവത്കരിച്ചു. ഓരോ ആളുകളിൽനിന്നും ആദ്യ അടവ് തുക എന്ന പേരിൽ 2650 രൂപ മുൻ‌കൂർ വാങ്ങി. പിറ്റേദിവസം വായ്പ തുക ബാങ്ക് അക്കൗണ്ടിൽ ക്രെഡിറ്റ്‌ ആകുമെന്നും ഉറപ്പുനൽകി.

ദിവസങ്ങൾ കഴിഞ്ഞിട്ടും പണം ലഭിക്കാതെ വന്നതോടെയാണ് തട്ടിപ്പാണെന്നറിയുന്നത്. ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിട്ടും എടുക്കാതായതോടെ പണം നഷ്ടമായവർ തെന്മല പൊലീസിൽ പരാതി നൽകി. ഇടമൺ, തെന്മല, അച്ചൻകോവിൽ തുടങ്ങി സ്ഥലങ്ങളിൽ നിരവധി പേർക്ക് പണം നഷ്ടമായതായി സൂചനയുണ്ട്. പലരും പരാതി നൽകിയിട്ടുമില്ല.

മൊബൈൽ നമ്പർ കേന്ദ്രീകരിച്ച് പരിശോധന നടത്തിയതിന്റെ ഭാഗമായാണ് പ്രതികൾ സഞ്ചരിച്ച കാർ വ്യാഴാഴ്ച കണ്ടെത്തിയത്. പൊലീസിനെ കണ്ട് വെട്ടിച്ചുകടക്കാൻ ശ്രമിക്കുന്നതിനിടെ പിന്തുടർന്ന് കുളത്തൂപ്പുഴ കൂവകാട് നിന്നും കാറിലുണ്ടായിരുന്ന രണ്ടുപേരെ സാഹസികമായി പിടികൂടി.

തുടർന്ന് പിടിയിലായവർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ മൂന്നാമത്തെയാളെ കുറ്റാലത്തുനിന്ന് അറസ്റ്റ് ചെയ്തു. പ്രതികൾ പണം തട്ടിയെടുത്ത് ആഡംബര ജീവിതം നയിച്ചുവരികയാണെന്നും സമാനമായ തട്ടിപ്പുകൾ മറ്റ് എവിടെയെങ്കിലും നടത്തിയിട്ടുണ്ടോ എന്ന് അന്വേഷിക്കുന്നുണ്ടെന്നും തെന്മല എസ്.എച്ച്.ഒ കെ. ശ്യാം പറഞ്ഞു.

എസ്.ഐ സുബിൻ തങ്കച്ചൻ, സ്പെഷൽ ബ്രാഞ്ച് ഓഫിസർ സന്തോഷ്‌കുമാർ, സി.പി.ഒമാരായ അനീഷ്കുമാർ, ചിന്തു, അനൂപ്, സുനിൽകുമാർ, ശ്യം, സുജിത് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.

Tags:    
News Summary - Micro finance loan fraud-Three arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.