ലഖ്നോ: ഉത്തർപ്രദേശിൽ ഏഴുവയസുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി വയലിൽ ഉപേക്ഷിച്ചു. യു.പിയിലെ മൊറാദാബാദിലാണ് സംഭവം.
നാലുദിവസം മുമ്പ് കുട്ടിയെ കാണാനില്ലെന്ന് മാതാപിതാക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ കഴിഞ്ഞദിവസം പെൺകുട്ടിയുടെ മൃതദേഹം കരിമ്പ് പാടത്തുനിന്ന് കണ്ടെത്തുകയായിരുന്നു. പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ ശേഷം ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
വെള്ളിയാഴ്ച വയലിൽനിന്ന് അഴുകിയ മണം വന്നതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പെൺകുട്ടിയുടെ മൃതദേഹം കർഷകന്‍റെ ശ്രദ്ധയിൽപ്പെട്ടത്. ഡിസംബർ 22ന് വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെയാണ് പെൺകുട്ടിയെ കാണാതാകുന്നത്. ബുധനാഴ്ച വൈകിട്ട് തന്നെ മാതാപിതാക്കൾ പൊലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു. പെൺകുട്ടിയെ കണ്ടെത്താനായി രണ്ടംഗ സംഘത്തെ നിയോഗിച്ചിരുന്നു. എന്നാൽ രണ്ടു ദിവസം കഴിഞ്ഞിട്ടും കണ്ടെത്താൻ കഴിഞ്ഞില്ല. പെൺകുട്ടിയുടെ വീട്ടിൽനിന്നും രണ്ടുകിലോമീറ്റർ അകലെയുള്ള കരിമ്പ് വയലിലാണ് പിന്നീട് മൃതദേഹം കണ്ടെത്തിയത്.
ഞായറാഴ്ച പെൺകുട്ടിയുടെ മൃതദേഹം പോസ്റ്റ്മോർട്ടം നടത്തി. അതിൽ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ടതായി തെളിഞ്ഞതായി പൊലീസ് അഡീഷണൽ സൂപ്രണ്ട് വിദ്യ സാഗർ മിശ്ര പറഞ്ഞു. പ്രതികളെക്കുറിച്ച് സൂചന ലഭിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.
മൂന്നുകുട്ടികളിൽ ഏറ്റവും ഇളയയാളാണ് കൊല്ലപ്പെട്ട പെൺകുട്ടി. പച്ചക്കറി വ്യാപാരിയാണ് പെൺകുട്ടിയുടെ പിതാവ്. ഗ്രാമം മുഴുവൻ തിരഞ്ഞിട്ടും പെൺകുട്ടിയെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ലെന്ന് മാതാവ് പറഞ്ഞു. പെൺകുട്ടിക്ക് നീതി ലഭ്യമാക്കണമെന്നും അവർ ആവശ്യപ്പെട്ടു. പോക്സോ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തതായും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.