നെടുങ്കണ്ടം: ഹൈറേഞ്ചിലെ ഏലത്തോട്ടത്തിൽ മാതാപിതാക്കളോടൊപ്പം താമസിക്കവെ കാണാതായ 14 കാരി അന്തർ സംസ്ഥാന പെണ്‍കുട്ടിയെ പശ്ചിമബംഗാള്‍ ഈസ്റ്റ് മിഡ്നാപുര് ജില്ലയില്‍നിന്ന് നെടുങ്കണ്ടം പൊലീസ് കണ്ടെത്തി. മാതാപിതാക്കളോടൊപ്പം ഇടുക്കി ജില്ലയില്‍ ഏലത്തോട്ടത്തിൽ എത്തിയ പെണ്‍കുട്ടി തുടര്‍ന്ന് പഠിക്കുന്നതിന് ഇവിടെനിന്ന് മാതാപിതാക്കള്‍ അറിയാതെ നാട്ടിലേക്ക് മടങ്ങുകയായിരുന്നു.
എട്ടാം ക്ലാസില്‍ പഠിച്ചുകൊണ്ടിരുന്ന പെണ്‍കുട്ടിയുമായി ഫെബ്രുവരിയിലാണ് നെടുങ്കണ്ടത്തിനടുത്ത് സ്വകാര്യ ഏലത്തോട്ടത്തില്‍ മാതാപിതാക്കള്‍ പണിക്കെത്തിയത്. ഇവിടെ വന്നശേഷം പഠനം മുടങ്ങിയതില്‍ മാനസികമായി വിഷമത്തിലായിരുന്നു. തുടര്‍ന്നു പഠിക്കണമെന്ന തോന്നലില്‍ മാതാപിതാക്കളോട് പറയാതെ മടങ്ങുകയായിരുന്നു. സമീപത്ത് താമസിച്ചിരുന്ന സ്വന്തം ജില്ലക്കാരായ രണ്ട് ചെറുപ്പക്കാര്‍ നാട്ടിലേക്ക് മടങ്ങിപ്പോകുന്നതറിഞ്ഞ് അവരോടൊപ്പം എറണാകുളത്തെത്തി അവിടെനിന്നാണ് ട്രെയിന്‍ മാര്‍ഗം നാട്ടിലേക്ക് പോയത്.
പെണ്‍കുട്ടിയെ കാണാതായ മാതാപിതാക്കള്‍ നെടുങ്കണ്ടം പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിനിടെ നാട്ടിലെത്തിയ പെണ്‍കുട്ടി വല്യച്ഛന്റെയും വല്യമ്മയുടെയും അടുത്തെത്തിയതായി മാതാപിതാക്കളെ വിളിച്ചറിയിച്ചു. ഈസ്റ്റ് മിഡ്നാപുര് ജില്ലയിലെ ഖരുജി പൊലീസ് സ്റ്റേഷന് പരിധിയിലെത്തിയ നെടുങ്കണ്ടം പൊലീസ് പെണ്‍കുട്ടിയെ കണ്ടെത്തി ഓണ്‍ലൈന്‍ മുഖാന്തരം കോടതിയില്‍ ഹാജരാക്കി. പെണ്‍കുട്ടിയുമായി സംസാരിച്ച് കോടതി വിവരങ്ങള്‍ മനസ്സിലാക്കി പെണ്‍കുട്ടിയെ വല്യച്ഛന്റെയും വല്യമ്മയുടെയും സംരക്ഷണയിലാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.