ആലത്തൂർ: കാണാതായ പുതിയങ്കം സ്വദേശിനിയായ ബിരുദ വിദ്യാർഥിനിയെ മുംബൈയിലെ ഒരു വീട്ടിൽനിന്ന് ആലത്തൂർ പൊലീസ് കണ്ടെത്തി. കഴിഞ്ഞ ആഗസ്റ്റ് 30ന് രാവിലെ 11നാണ് വീട്ടിൽനിന്ന് പോയത്. ട്രെയിൻ മാർഗം ഒലവക്കോട്ടുനിന്ന് കോയമ്പത്തൂരിലേക്കും പിന്നീട് അവിടെനിന്ന് മുംബൈയിലേക്കും പോകുകയായിരുന്നു. യാത്രക്കിടെ പരിചയപ്പെട്ട തമിഴ്നാട് സ്വദേശിയോട് താൻ അനാഥയാണെന്നും എവിടെയെങ്കിലും താമസിക്കാൻ സൗകര്യമൊരുക്കിത്തരണമെന്നും വിദ്യാർഥിനി ആവശ്യപ്പെട്ടത്രെ.
തുടർന്ന് തമിഴ്നാട് സ്വദേശിയുടെ സഹായത്തോടെ മുംബൈയിലെ താെനയിൽ ഇയാളുടെ സുഹൃത്തായ രമേഷ് സ്വാമിയുടെ വീട്ടിലെത്തി. കുടുംബസമേതം താമസിക്കുന്ന രമേഷ് സ്വാമിയുടെ വീട്ടിലാണ് വിവരങ്ങളെല്ലാം മറച്ചുവെച്ച് വിദ്യാർഥിനി താമസിച്ചത്. താൻ വീടുവിട്ട് വന്നതാണെന്ന വിവരം പിന്നീട് ഈ കുടുംബത്തോട് വെളിപ്പെടുത്തി. തുടർന്ന് ഇവർ വിദ്യാർഥിനിയുടെ വീട്ടുകാരെ വിവരമറിയിച്ചു.
ഇതിനിടെയാണ് മുംബൈയിൽ വിദ്യാർഥിനി ഫേസ്ബുക്ക് അക്കൗണ്ട് തുടങ്ങി കൂട്ടുകാർക്ക് ഫ്രൻഡ് റിക്വസ്റ്റ് അയച്ച വിവരം പൊലീസിന് ലഭിച്ചത്. തുടർന്ന് കഴിഞ്ഞ ദിവസം ആലത്തൂർ സി.െഎ റിയാസ് ചാക്കീരിയും സംഘവും മുംബൈയിലെത്തി കുട്ടിയെ കൊണ്ടുവരുകയായിരുന്നു. ശനിയാഴ്ച ആലത്തൂർ കോടതിയിൽ ഹാജറാക്കിയ ശേഷം രക്ഷിതാക്കൾക്കൊപ്പമയച്ചു. പ്രത്യേക പൊലീസ് സംഘത്തെ ഏർപ്പെടുത്തിയാണ് അന്വേഷണം പൂർത്തിയാക്കിയത്. പഠനാവശ്യത്തിന് പുസ്തകം വാങ്ങാൻ ആലത്തൂർ ടൗണിലെ ബുക്ക്സ്റ്റാളിലേക്ക് പോകുന്നെന്ന് പറഞ്ഞാണ് വീട്ടിൽനിന്ന് പോയത്. രാത്രിയായിട്ടും കാണാതായതോടെയാണ് പിതാവ് പൊലീസിൽ പരാതിപ്പെട്ടത്. എസ്.എസ്.എൽ.സിയിലും പ്ലസ് ടു വിലും ഫുൾ എ പ്ലസ് നേടിയ വിദ്യാർഥിനി എം.ബി.ബി.എസ് പ്രവേശനത്തിനായി നേരത്തേ പാലായിൽ പരിശീലനത്തിലായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.