കളമശ്ശേരി: വാടകക്ക് താമസിച്ചുവന്ന വിദ്യാർഥികളുടെ വീട്ടിൽനിന്ന് ലക്ഷങ്ങൾ വിലവരുന്ന മൊബൈൽ ഫോണുകളും ഷൂസുകളും കവർന്ന കേസിൽ നാലുപേർ പിടിയിൽ.
മുളന്തുരുത്തി പള്ളിത്താഴം ഏലിയാട്ടയിൽ വീട്ടിൽ ജിത്തു ഷാജി (26), തൃക്കാക്കര തോപ്പിൽ വലിയപറമ്പിൽ ഷറഫുദ്ദീൻ (21), ഏലൂർ പയ്യപ്പിള്ളി വീട്ടിൽ അരുൺ ബാബു (28), കളമശ്ശേരി ഗ്ലാസ് ഫാക്ടറി കോളനി പുക്കാട്ട് വീട്ടിൽ നിജാസ് (25) എന്നിവരാണ് കളമശ്ശേരി പൊലീസ് പിടിയിലായത്.
കഴിഞ്ഞ 27നാണ് ഇടപ്പള്ളി ടോൾ ഗേറ്റിന് സമീപം എ.കെ.ജി റോഡിലെ വീട്ടിൽ വാടകക്ക് താമസിക്കുന്ന വിദ്യാർഥികളുടെ ഏകദേശം 3,39,000 രൂപ വിലവരുന്ന ആറ് മൊബൈൽ ഫോണും 9000 രൂപ വിലവരുന്ന മൂന്ന് ജോടി കാൻവാസ് ഷൂസും പ്രതികളായ ജിത്തുഷാജി, ഷറഫുദ്ദീൻ എന്നിവർ ചേർന്ന് മോഷ്ടിച്ചത്.
മോഷണമുതൽ അരുൺ ബാബുവിനും നിജാസിനും ഇവർ വിൽക്കുകയായിരുന്നു. പത്തടിപ്പാലത്ത് ലോഡ്ജിൽ ഒളിവിൽ താമസിക്കുകയായിരുന്ന ജിത്തു ഷാജിയെയും ഷറഫുദ്ദീനെയും കസ്റ്റഡിയിലെടുത്തതോടെയാണ് അരുൺ ബാബുവിനും നിജാസിനും ഇവർ വിൽപന നടത്തിയതായി അറിയുന്നത്. തുടർന്ന് സി.ഐ പി.ആർ. സന്തോഷിന്റെ നേതൃത്വത്തിൽ പൊലീസ് സംഘം വൈക്കത്തുനിന്ന് ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. ജിത്തുഷാജിയുടെ പേരിൽ കൊലപാതകം, വധശ്രമം, മോഷണം തുടങ്ങി നിരവധി കേസുകൾ നിലവിലുള്ളതായി പൊലീസ് പറഞ്ഞു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.