മോഡലുകളുടെ മരണത്തിൽ ദുരൂഹത ബാക്കി; ഡി.ജെ. പാർട്ടിയിൽ പങ്കെടുത്ത ആറു പേരെ വിളിച്ചു വരുത്തി, അന്വേഷണം ക്രൈംബ്രാഞ്ചിന്

കൊച്ചി: പാലാരിവട്ടത്ത് മോഡലുകൾ വാഹനാപകടത്തിൽ കൊല്ലപ്പെട്ട സംഭവം പ്രത്യേക സംഘം അന്വേഷിക്കും. എറണാകുളം ക്രൈംബ്രാഞ്ചിന് കീഴിലുള്ള പ്രത്യേക സംഘമാകും അന്വേഷണം നടത്തുക. ഇതിനുള്ള ഉത്തരവ് ഉടൻ കൈമാറുമെന്ന് പൊലീസ് അറിയിച്ചു. അറസ്റ്റിലായവരുടെ മൊഴികളിലെ വൈരുദ്ധ്യവും ദുരൂഹതയും നിലനിൽക്കുന്ന സാഹചര്യത്തിലാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറുന്നത്.

മോഡലുകളുടെ കാർ പിന്തുടരാൻ ഷൈജുവിനെ അയച്ചത് താനെന്ന് ഹോട്ടൽ ഉടമ റോയ് വയലാട്ട് പൊലീസിന് മൊഴി നൽകി. മദ്യപിച്ച് വാഹനം ഒാടിക്കരുതെന്ന് മോഡലുകളോട് ആവശ്യപ്പെട്ടു. ഇത് കണക്കാക്കാതെ സംഘം യാത്ര തുടർന്നതെന്നും റോയ് അന്വേഷണ സംഘത്തെ അറിയിച്ചതാ‍യാണ് വിവരം.

അതേസമയം, നമ്പർ 18 ഹോട്ടലിൽ ഡി.ജെ. പാർട്ടി നടന്നതുമായി ബന്ധപ്പെട്ട് കൂടുതൽ ചോദ്യം ചെയ്യുന്നതിന് ആറു പേരെ പാലാരിവട്ടം സ്റ്റേഷനിൽ വിളിച്ചുവരുത്തി. ഇവരുടെ വിശദമൊഴി രേഖപ്പെടുത്താനാണ് പൊലീസ് തീരുമാനിച്ചിട്ടുള്ളത്. ഡി.ജെ. പാർട്ടിക്കിടെ അനിഷ്ട സംഭവങ്ങൾ ഉണ്ടായിട്ടുണ്ടോ, ആരെങ്കിലുമായി മോഡലുകൾ വാക്കുതർക്കത്തിൽ ഏർപ്പെട്ടോ തുടങ്ങിയ കാര്യങ്ങളിൽ സ്ഥിരീകരണം വരുത്താനാണ് പൊലീസ് ശ്രമം.

ഇതിനിടെ, മോഡലുകളുടെ കാർ പിന്തുടർന്ന ഷൈജു മുൻകൂർ ജാമ്യത്തിനായി ഹൈകോടതിയെ സമീപിച്ചു. കാറിൽ സഞ്ചരിച്ചിരുന്ന മോഡലുകൾ മദ്യപിച്ചിരുന്നു. യാത്ര ഒഴിവാക്കാൻ സംഘത്തോട് ആവശ്യപ്പെട്ടു. മോഡലുകളുടെ കാറിന് പിറകെ താൻ ഉണ്ടായിരുന്നു.

കാക്കനാട്ടെ വീട്ടിലേക്ക് താൻ പോകുന്നതിനിടെയാണ് ബൈക്കപകടം ശ്രദ്ധയിൽപ്പെട്ടത്. ഇതിന് പിന്നാലെ മോഡലുകളുടെ കാർ അപകടത്തിൽപ്പെട്ടതും കണ്ടു. ഉടൻ തന്നെ വിവരം പൊലീസിനെ അറിയിച്ചു. മോഡലുകളെ ചേസ് ചെയ്തിട്ടില്ലെന്നും ഷൈജു മുൻകൂർ ജാമ്യാപേക്ഷയിൽ ചൂണ്ടിക്കാട്ടുന്നു.

നവംബർ ഒന്നിന് പുലർച്ചെ പാലാരിവട്ടം ചക്കരപറമ്പിന് സമീപം ദേശീയപാതയിലാണ് നിയന്ത്രണംവിട്ട കാർ മീഡിയനിലെ മരത്തിലിടിച്ചത്. വൈറ്റിലയിൽ നിന്ന് ഇടപ്പള്ളി ഭാഗത്തേക്ക് പോവുകയായിരുന്നു സംഘം. ബൈക്കിൽ ഇടിക്കാതിരിക്കാൻ കാർ ഇടത്തേക്ക് വെട്ടിച്ചപ്പോഴായിരുന്നു അപകടം.

2019ലെ മിസ് കേരളയും ആറ്റിങ്ങൽ സ്വദേശിയുമായ അൻസി കബീർ, റണ്ണറപ്പും മാള സ്വദേശിയുമായ ഡോ. അഞ്ജന ഷാജൻ എന്നിവർ സംഭവ സ്ഥലത്ത് തന്നെ മരിച്ചിരുന്നു. ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന കെ.എ മുഹമ്മദ് ആഷിഖ് പിന്നീടും മരിച്ചു. 

Tags:    
News Summary - Model ansi kabeer and anjana shajan death case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.