ന്യൂഡൽഹി: പ്രമാദമായ ശ്രദ്ധവാൽകർ കൊലപാതകക്കേസിൽ ഡൽഹി പൊലീസ് തയാറാക്കിയ കുറ്റപത്രത്തിൽ 6600 പേജുകളാണുള്ളത്. കൊലക്കേസിൽ പ്രതിയെ കണ്ടെത്താൻ സഹായിച്ച നിർണായക തെളിവുകളെ കുറിച്ച് കുറ്റപത്രത്തിൽ വിശദീകരിക്കുന്നുണ്ട്.
പങ്കാളിയായ ശ്രദ്ധയെ ശ്വസം മുട്ടിച്ചുകൊന്ന് മൃതദേഹം കഷണങ്ങളാക്കി വെട്ടിമുറിച്ച ശേഷം അഫ്താബ് പൂനവാല വിവിധയിടങ്ങളിൽ ഉപേക്ഷിക്കുകയായിരുന്നു. ശ്രദ്ധയെ കാണാനില്ല എന്നു പറഞ്ഞതിനു ശേഷവും അവരുടെ അക്കൗണ്ടിൽ നിന്ന് തന്റെ അക്കൗണ്ടിലേക്ക് അഫ്താബ് പണം മാറ്റിയതാണ് ഏറ്റവും വലിയ തെളിവ്. അതുവരെ ശ്രദ്ധയെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് കള്ളമായിരുന്നു അഫ്താബ് പൊലീസിനോട് പറഞ്ഞത്. മേയ് 18നാണ് അഫ്താബ് ശ്രദ്ധയെ കൊലപ്പെടുത്തിയത്. അന്ന് 50,000 രൂപയാണ് ശ്രദ്ധയുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് തന്റേതിലേക്ക് മാറ്റിയത്. പിന്നീട് 4000 രൂപയും ട്രാൻസ്ഫർ ചെയ്തു. ഒരു ദിവസം കഴിഞ്ഞപ്പോൾ 250 രൂപയും മാറ്റി.
ജൂൺ ഏഴിന് 6000രൂപയാണ് ശ്രദ്ധയുടെ അക്കൗണ്ടിൽ നിന്ന് അഫ്താബിന്റെ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്തത്. ശ്രദ്ധയെ കുറിച്ച് തനിക്ക് ഒന്നുമറിയില്ല എന്ന അഫ്ഗാബിന്റെ വാദം പൊളിക്കുന്നതായിരുന്നു ഈ ബാങ്ക് ഇടപാടുകൾ. ശ്രദ്ധയുപയോഗിച്ചിരുന്ന ലിപ്സ്റ്റിക്, മൊബൈൽ ഫോൺ, ക്രെഡിറ്റ്,ഡെബിറ്റ് കാർഡുകൾ എന്നിവ മുംബൈയിലെ നദിയിലാണ് അഫ്താബ് ഒഴുക്കിയത്.
കൊലപാതദിവസം ഉപയോഗിച്ചിരുന്ന മൊബൈൽ ഫോൺ ആമസോൺ വഴിയാണ് അഫ്താബ് വിൽപ്പന നടത്തിയത്. അത് വാങ്ങിയ ആളെ പൊലീസ് കണ്ടെത്തിയിരുന്നു. അഫ്താബിന്റെ ശ്രദ്ധയുടെയും കൗൺസലിങ്ങുകൾ വിഡിയോ റെക്കോർഡ് ചെയ്തതും പൊലീസ് ഫോണിൽ നിന്ന് കണ്ടെടുത്തു.
കൊലപാതകത്തിനു ശേഷവും ശ്രദ്ധയുടെ മൊബൈൽ ഫോൺ ആക്ടീവായിരിക്കുന്നതും പൊലീസ് മനസിലാക്കി. ജൂൺ ഒന്നിനും എട്ടിനും ഇടയിൽ അഫ്താബിന്റെയും ശ്രദ്ധയുടെയും മൊബൈൽ ലൊക്കേഷനുകൾ ഒരേ സ്ഥലത്തുതന്നെയാണെന്നും മനസിലായി. മേയ് 18നു ശേഷം ശ്രദ്ധയുടെ ഫോണിൽ നിന്ന് കോളുകൾ പോയിട്ടില്ല. അവസാനമായി കോൾ പോയത് മേയ് 20നാണ്. അവസാന സന്ദേശം മേയ് 26നും. അതിനു ശേഷം ഫോൺ ആക്ടീവായിട്ടില്ല.
അഫ്താബിന്റെ വിചിത്രമായ ഷോപ്പിങ് രീതിയും പൊലീസിനു തെളിവായി. പങ്കാളിയെ കൊലപ്പെടുത്തിയതിനു ശേഷം അഫ്താബ് സൊമാറ്റോ വഴി ഒരു ചിക്കൻ റോൾ ആണ് ഓർഡർ ചെയ്തത്. ഉച്ചക്ക് രണ്ടുപേർക്ക് ലഞ്ച് ഓർഡർ ചെയ്ത ആൾ ഡിന്നറിന് ഒരാൾക്കുള്ള ഭക്ഷണമാണ് ഓർഡർ ചെയ്തത്. മൃതദേഹം ഒളിപ്പിച്ചുവെകാൻ 11 കി.ഗ്രാം അരിയാണ് അഫ്താബ് ഓർഡർ ചെയ്തതെന്നും കുറ്റപത്രത്തിൽ പറയുന്നുണ്ട്. കൊലപാതകം നടന്ന് മൂന്നു ദിവസത്തിനകം, അഫ്താബ് 20 ലിറ്റർ ബോട്ടിൽ ടോയ്‍ലറ്റ് ക്ലീനറും ഓർഡർ ചെയ്തിരുന്നു. ശ്രദ്ധ തന്നെ വിട്ടുപോയതായി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ജീവിച്ചിരിക്കുന്നു എന്നു കാണിക്കാനായി ദിവസങ്ങൾക്കു ശേഷം ശ്രദ്ധയുടെ ഇൻസ്റ്റഗ്രാം അഫ്താബ് തുറക്കുകയും ചെയ്തു.
Money Trail, Bizarre Shopping List Were Clues In Delhi Murder Case
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.