തിരുവനന്തപുരം: വിഴിഞ്ഞത്ത് മൂന്ന് യുവാക്കളെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയും സ്വർണമാല കവർച്ച ചെയ്യുകയും ചെയ്ത 19 അംഗ സംഘത്തിലെ നാലു പേരെ കൂടി പൊലീസ് പിടികൂടി. വിഴിഞ്ഞം ഹാർബർ റോഡിൽ കപ്പച്ചാല ഹൗസിൽ അബ്ദുൽ റസാഖ് (36), വിഴിഞ്ഞം ഹാർബർ റോഡിൽ ചെന്നവിളാകത്ത് യാസർ (35), വിഴിഞ്ഞം പുല്ലൂർക്കോണം ടി.സി 62/359ൽ ഷാജഹാൻ (32), വിഴിഞ്ഞം ചെന്നവിളാഹം ഹൗസ് നമ്പർ 389-ൽ ഹിസാൻ (32) എന്നിവരെയാണ് വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്തത്.
കോവളം സ്വദേശികളായ മൂന്നു യുവാക്കളെ അക്രമി സംഘം ഇടിക്കട്ട കൊണ്ടും മറ്റും ആക്രമിച്ച് പരിക്കേൽപിക്കുകയും സ്വർണമാല പിടിച്ചുപറിച്ചെടുത്ത് കടന്നുകളയുകയുമായിരുന്നു. യുവാക്കളിൽ ഒരാളുടെ പിതാവിനെ മുമ്പ് പ്രതികളിൽ ചിലർ ചേർന്ന് മർദിച്ചത് ചോദ്യം ചെയ്തതിലുള്ള വിരോധമാണ് ആക്രമണത്തിന് കാരണം.
നിരവധി അടിപിടിക്കേസുകളിൽ പ്രതികളായ ഇവർ ആക്രമണത്തിനുശേഷം പല സംഘങ്ങളായി പിരിയുകയും ഞായറാഴ്ച ഒരുമിച്ചുചേർന്ന് ബംഗളൂരുവിലേക്ക് കടക്കാൻ ശ്രമിക്കുകയും ചെയ്തു. ഈ സമയമാണ് പ്രതികളെ വിഴിഞ്ഞം പൊലീസ് പിടികൂടിയത്. ഈ കേസിൽ ഉൾപ്പെട്ട ഒരു പ്രതിയെ പൊലീസ് നേരത്തേ പിടികൂടിയിരുന്നു.
എസ്.എച്ച്.ഒ പ്രജീഷ് ശശി, എസ്.ഐമാരായ സമ്പത്ത്, ലിജോ പി. മണി, ഹർഷകുമാർ, എ.എസ്.ഐ സാബു ചന്ദ്രൻ, എസ്.സി.പി.ഒ സാജൻ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
ഒളിവിൽ കഴിയുന്ന മറ്റു പ്രതികളെ പിടികൂടാൻ അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.