ഒറ്റപ്പാലം: ഒറ്റപ്പാലം സ്വദേശിനിയായ ഖദീജയുടെ മരണം വായയും മുഖവും പൊത്തിപ്പിടിച്ച് കഴുത്ത് ഞെരിച്ചതിനെ തുടർന്നെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. റെയിൽവേ സ്റ്റേഷൻ റോഡിലെ തെക്കേത്തൊടിയിൽ ഖദീജ മൻസിലിൽ ഖദീജ (63) വീട്ടിലെ കിടപ്പുമുറിയിൽ ദുരൂഹ സാഹചര്യത്തിൽ വ്യാഴാഴ്ച രാത്രി എട്ടരയോടെയാണ് മരിച്ചത്. സംഭവത്തിൽ ഖദീജയുടെ സഹോദരിയുടെ മകൾ ഷീജ (44), ഷീജയുടെ മകൻ യാസിർ (21) എന്നിവരെ രാത്രി തന്നെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
ഖദീജയുടെ ആഭരണങ്ങൾ കൈക്കലാക്കാനായി നടത്തിയ കൊലപാതകം ആത്മഹത്യയാക്കാൻ പ്രതികൾ കൊലപാതകത്തിനുശേഷം ഖദീജയുടെ കൈയിലെ ഞരമ്പുകൾ മുറിച്ചിരുന്നു. പത്തര പവൻ ആഭരണങ്ങൾ കൈക്കലാക്കിയ പ്രതികൾ വ്യാഴാഴ്ച ഉച്ചക്ക് നഗരത്തിലെ സ്വകാര്യ ജ്വല്ലറിയിൽ വിൽക്കാൻ ശ്രമം നടത്തിയിരുന്നു. ലോക്കറ്റിൽ ഖദീജ എന്ന് രേഖപ്പെടുത്തിയിരുന്നതും ആവശ്യപ്പെട്ടപ്പോൾ നൽകിയ ആധാർ കാർഡിൽ ഷീജ എന്ന പേരും തമ്മിലെ വ്യത്യാസമാണ് സ്ഥാപനത്തിലുള്ളവരിൽ സംശയം ജനിപ്പിച്ചത്. തുടർന്ന് പൊലീസിൽ വിവരം നൽകി.
കാണാതായ ആഭരണത്തെക്കുറിച്ചുള്ള അന്വേഷണത്തിലായിരുന്നു ഖദീജ അപ്പോൾ. പൊലീസ് നിർദേശിച്ചതനുസരിച്ച് ഖദീജ സ്റ്റേഷനിൽ എത്തുകയും പ്രതികൾ ബന്ധുക്കളെന്നറിഞ്ഞതോടെ പരാതിയില്ലെന്ന് രേഖാമൂലം എഴുതി നൽകുകയുമായിരുന്നു. സ്റ്റേഷനിൽനിന്ന് ഊരിപ്പോന്ന പ്രതികൾക്ക് കൊലപാതത്തിന് അവസരം നൽകിയത് പരാതിയില്ലെന്ന ഖദീജയുടെ അപേക്ഷയാണ്. കൈയിൽ കിട്ടിയ മോഷ്ടാക്കൾക്കെതിരെ നടപടി സ്വീകരിക്കാതിരുന്നത് പൊലീസിനെതിരെ വിമർശനത്തിനും ഇടയാക്കി. തുടർന്ന് വീട്ടിലെത്തിയ ശേഷം ഇക്കാര്യത്തെ ചൊല്ലിയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ഇതിനുശേഷം രാത്രി വീണ്ടും 13 പവനുമായി പ്രതികൾ ഇതേ സ്ഥാപനത്തിൽ ചെന്നു.
സ്ഥാപനത്തിലുള്ളവർ നൽകിയ വിവരത്തിെൻറ അടിസ്ഥാനത്തിൽ വീണ്ടും നടത്തിയ അന്വേഷണത്തിലാണ് കിടപ്പ് മുറിയിൽ ഖദീജയെ മരിച്ച നിലയിൽ കണ്ടെത്തിയത്. അവിവാഹിതയായ ഖദീജയുടെ വീട്ടിലാണ് ഷീജയും മക്കളും താമസിച്ചിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.