ലഖ്നോ: ഉത്തർപ്രദേശിലെ ഷംലിയിൽ മുസ്‍ലിം യുവാവിനെ ആൾക്കൂട്ടം മോഷണക്കുറ്റമാരോപിച്ച് അടിച്ചുകൊന്നു. ഗംഗ ആര്യനഗറിലെ ജലാലാബാദ് പ്രദേശത്തേക്ക് ജോലിക്കായി പോയ ഫിറോസ് ഖുറേശിയെ ആണ് പിങ്കിയും പങ്കജ് രാജേന്ദ്രയും കൂട്ടാളികളും ചേർന്ന് ക്രൂരമായി മർദിച്ചു കൊലപ്പെടുത്തിയത്.
ഫിറോസിനെ അക്രമികളുടെ പിടിയിൽ നിന്ന് രക്ഷപ്പെടുത്താൻ ഗ്രാമീണർ ശ്രമിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. വൈകീട്ട് അഞ്ചുമണിയോടെയാണ് ഫിറോസിനെ ആൾക്കൂട്ടം ക്രൂരമായി മർദിച്ചതെന്ന് സഹോദരൻ അഫ്സൽ പറഞ്ഞു. ആക്രി സാധനങ്ങൾ ശേഖരിക്കുന്ന തൊഴിലായിരുന്നു ഫിറോസിനെന്നും അഫ്സൽ പറഞ്ഞു. ഒരു ക്രിമിനൽ കേസുപോലും ഫിറോസിന്റെ പേരിലുണ്ടായിരുന്നില്ല. മൂന്നുമക്കളടങ്ങുന്ന കുടുംബത്തിന്റെ അത്താണിയായിരുന്നു. ''അവൻ കള്ളനോ ക്രിമിനൽ കേസുകളിലെ പ്രതിയോ ആയിരുന്നില്ല. കുടുംബത്തിന്റെ സംരക്ഷകനായിരുന്നു. അവനെ എന്തിനാണ് കൊലപ്പെടുത്തിയതെന്ന് ഞങ്ങൾക്ക് മനസിലാകുന്നില്ല.''-അഫ്സൽ പറയുന്നു.
നീതിതേടി ഫിറോസിന്റെ കുടുംബം പ്രാദേശിക പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരിക്കുകയാണ്. പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും സഹോദരൻ ആവശ്യപ്പെട്ടു.
കുടുംബത്തിന്റെ പരാതിയിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. പ്രതികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഫിറോസിന്റെ മൃതദേഹവുമായി പൊലീസ് സ്റ്റേഷനുമുന്നിൽ പ്രതിഷേധിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.