ലഖ്നോ: ഉത്തർപ്രദേശ് മുസഫർനഗറിലെ സ്കൂളിൽ 10ാം ക്ലാസ് വിദ്യാർഥികളായ 17 പെൺകുട്ടികളെ ബലാത്സംഗം ചെയ്ത കേസിൽ മാനേജർ അറസ്റ്റിൽ. ബലാത്സംഗത്തിന് വിധയേമായ രണ്ടുപെൺകുട്ടികളെ പൊലീസ് കോടതിയിൽ ഹാജരാക്കുകയും ചെയ്തു. ഇതിൽ ഒരു പെൺകുട്ടിയുടെ മൊഴി കോടതിയിൽ രേഖപ്പെടുത്തി.
സി.ബി.എസ്.ഇ പ്രാക്ടിക്കൽ പരീക്ഷയുടെ പേരിൽ 17 പെൺകുട്ടികളോട് സ്കൂളിൽ തങ്ങാൻ ആവശ്യപ്പെട്ടതിന് ശേഷമായിരുന്നു അതിക്രമം. പെൺകുട്ടികൾക്ക് ഭക്ഷണത്തിൽ മയക്കുഗുളിക നൽകിയശേഷമാണ് മാനേജർ ബലാത്സംഗത്തിന് വിധേയമാക്കിയത്. തൊട്ടടുത്ത ദിവസം പെൺകുട്ടികൾ വീട്ടിൽ തിരിച്ചെത്തി. സംഭവം പുറത്തുപറഞ്ഞാൽ വീട്ടുകാരെ കൊലപ്പെടുത്തുമെന്ന് പെൺകുട്ടികളെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിലെയാണ് പെൺകുട്ടികൾ എല്ലാവരും.
വീട്ടിലെത്തിയ ശേഷം രണ്ടു പെൺകുട്ടികൾ മാതാപിതാക്കളോട് സംഭവം വിവരിക്കുകയായിരുന്നു. പൊലീസിൽ ആദ്യം പരാതി നൽകിയപ്പോൾ കേസെടുക്കാൻ തയാറായില്ലെന്ന് മാതാപിതാക്കൾ ആരോപിച്ചു. പിന്നീട്, എം.എൽ.എയെ സമീപിക്കുകയായിരുന്നു അവർ.
സ്കൂൾ മാനേജറായ യോഗേഷ് കുമാറിനെ അറസ്റ്റ് ചെയ്യുകയും കോടതിയിൽ ഹാജരാക്കുകയുമായിരുന്നു. ഇയാളെ ജയിലിൽ അയച്ചു. സംഭവത്തിൽ പൊലീസിനെതിരെ വകുപ്പുതല അന്വേഷണവും പ്രഖ്യാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.