കൊട്ടാരക്കര: പ്രവാസിയിൽനിന്ന് ഒരു കോടിയിലധികം രൂപ തട്ടിയെടുത്ത സംഘത്തിലെ പ്രധാന സൂത്രധാരനായ നാഗാലാൻഡ് കൊഹിമ സ്വദേശി പിടിയിൽ. നാഗാലാൻഡ് കൊഹിമ സ്വദേശിയായ യാമ്പമോ ഒവുങ് (33)നെ റൂറൽ കൊല്ലം സൈബർ ൈക്രം വിഭാഗം പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.
ബിസിനസ് പങ്കാളിയാക്കാമെന്നും ലക്ഷങ്ങൾ വിലയുള്ള ഗിഫ്റ്റ് നൽകാമെന്നും വാഗ്ദാനം ചെയ്തും ഗിഫ്റ്റ് ലഭിക്കുന്നതിന് കസ്റ്റംസ് ഡ്യൂട്ടി ഇനത്തിൽ പണം ആവശ്യപ്പെട്ടും ഒന്നരവർഷംകൊണ്ട് കുന്നിക്കോട് സ്വദേശി ആയ പ്രവാസിയിൽനിന്നും 1.06 കോടിയിലധികം രൂപയാണ് സംഘം തട്ടിയത്. ഡൽഹി ഗുഡ്ഗാവ് ഐ.ടി പാർക്കിൽ കസ്റ്റമർ കെയർ സർവിസ് റെപ്രസെന്‍റേറ്റിവ് ആയി ജോലി നോക്കിവരുകയായിരുന്നു പ്രതി. സൗത്ത് ഡൽഹിയിൽ വസന്ത്കുഞ്ച് എന്ന സ്ഥലത്ത് താമസിക്കുന്ന ഇയാളെ കിഷൻഗഢിൽനിന്നുമാണ് അറസ്റ്റ് ചെയ്തത്. റൂറൽ ജില്ല പൊലീസ് മേധാവി കെ.ബി. രവിയുടെ നിർദേശ പ്രകാരം കൊല്ലം റൂറൽ സൈബർ ക്രൈം പൊലീസ് കേസ് എടുക്കുകയായിരുന്നു. രണ്ടാഴ്ചയോളമായി ഡൽഹിയിലും അയൽ സംസ്ഥാനങ്ങളിലുമായി നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതി പിടിയിലായത്.
പാട്യാല മെട്രോ പൊളിറ്റൻ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ പ്രതിയെ കൊല്ലം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കുന്നതിനായി വാറന്‍റ് അനുവദിച്ചു. തിങ്കളാഴ്ച പ്രതിയെ കോടതിയിൽ ഹാജരാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.