തിരുവല്ല: സി.പി.എം ഭരിക്കുന്ന നെടുമ്പ്രം പഞ്ചായത്തിൽ നടന്ന 69 ലക്ഷം രൂപയുടെ കുടുംബശ്രീ സി.ഡി.എസ് ഫണ്ട് തട്ടിപ്പ് കേസിൽ വിജിലൻസ് അന്വേഷണത്തിന് ശിപാർശ ചെയ്ത് തിരുവല്ല ഡിവൈ.എസ്.പി ജില്ല പൊലീസ് മേധാവിക്ക് കത്ത് നൽകി. സി.ഡി.എസ് ചെയർപേഴ്സൻ പി.കെ. സുജ, അക്കൗണ്ടന്റ് എ. സീനാമോൾ, മുൻ വി.ഇ.ഒ വിൻസി എന്നിവർക്കെതിരെ കുടുംബശ്രീ ഓഡിറ്റ് വിഭാഗം കണ്ടെത്തിയ തട്ടിപ്പിന്റെ അടിസ്ഥാനത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റും മെംബർ സെക്രട്ടറിയും പുളിക്കീഴ് പൊലീസിൽ നൽകിയ പരാതിയുടെ ഭാഗമായി അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് വിജിലൻസ് അന്വേഷണത്തിന് ശിപാർശ. തിരുവല്ല ഡിവൈ.എസ്.പി എസ്. അഷാദ് തിങ്കളാഴ്ച ജില്ല പൊലീസ് മേധാവി വി. അജിത്തിനാണ് കത്ത് നൽകിയത്.
അന്വേഷണത്തിന്റെ ഭാഗമായി പഞ്ചായത്തിലെ കുടുംബശ്രീ ഓഫിസിൽ എത്തിയ ഡിവൈ.എസ്.പിയും ഭൂരേഖ തഹസിൽദാർ മിനി കെ. തോമസും അടങ്ങുന്ന സംഘവും ഫണ്ട് വിനിയോഗവുമായി ബന്ധപ്പെട്ട രേഖകൾ പിടിച്ചെടുത്തിട്ടുണ്ട്.
പരിശോധന ചൊവ്വാഴ്ചയും തുടരും. സംഭവം വിവാദമായതോടെ ഒളിവിൽപോയ സി.ഡി.എസ് ചെയർപേഴ്സൻ സുജയുടെ വീട്ടിൽ പരിശോധന നടത്തി ബാങ്ക് ഇടപാടുകൾ അടക്കം രേഖകൾ പിടിച്ചെടുത്തു. സുജയെ ചെയർപേഴ്സൻ സ്ഥാനത്തുനിന്ന് നീക്കംചെയ്യാനും അക്കൗണ്ടന്റ് എ. സീനാമോളെ സസ്പെൻഡ് ചെയ്യാനും വി.ഇ.ഒ വിൻസിക്ക് എതിരെ വകുപ്പുതല നടപടിക്കും രണ്ടാഴ്ച മുമ്പ് ഗ്രാമപഞ്ചായത്ത് ഹാളിൽ വിളിച്ചുചേർത്ത സി.ഡി.എസ് യോഗത്തിലും പൊതുസഭയിലും തീരുമാനമായിരുന്നു. വിജിലൻസ് അന്വേഷണം അടക്കം ആവശ്യപ്പെട്ട് പ്രതിപക്ഷ കക്ഷികളായ കോൺഗ്രസും ബി.ജെ.പിയും സമരപരിപാടികളുമായി രംഗത്തുണ്ട്.
ക്രമക്കേടുകൾ ഏറെയും നടന്നതായി കണ്ടെത്തിയത് 2020 മുതൽ 23 വരെയാണ്. പ്രളയത്തിനുശേഷം 2019ൽ പഞ്ചായത്തിലെ 174 കുടുംബശ്രീ യൂനിറ്റിനും 10 ലക്ഷം രൂപ വീതം അനുവദിച്ചിരുന്നു. ഇതിൽ മൂന്നാംഘട്ട സബ്സിഡിയായി അനുവദിച്ച 66,97,610 രൂപ വിതരണം ചെയ്തതിന്റെ രേഖകൾ ഇല്ല. സംരംഭക ഗ്രൂപ്പുകൾക്ക് റിവോൾവിങ് ഫണ്ടായി നൽകിയ 6,60,900 രൂപക്കും മുഖ്യമന്ത്രിയുടെ സഹായ വായ്പ പദ്ധതിയിൽ അനുവദിച്ച 4,51,029 രൂപക്കും കണക്കില്ല.
13 വാർഡുകളുടെയും സി.ഡി.എസുകൾക്ക് സഹായമായി ഓരോ ലക്ഷം രൂപ അനുവദിച്ചെങ്കിലും കുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്സന്റെ ഒന്നാം വാർഡ് ഒഴിച്ച് മറ്റ് 12 വാർഡിലും തുക നൽകിയിട്ടില്ല. 2022 ഏപ്രിലിൽ ഷാലോം കുടുംബശ്രീ യൂനിറ്റ് നെടുമ്പുറം സർവിസ് സഹകരണ ബാങ്കിൽ അടക്കാൻ നൽകിയ 1.47 ലക്ഷം രൂപയും ബാങ്കിൽ അടച്ചിട്ടില്ല. അയൽക്കൂട്ടം ഗ്രൂപ്പുകൾക്ക് നൽകേണ്ട സബ്സിഡി തുക പിൻവലിച്ച് സ്വകാര്യ ആവശ്യങ്ങൾക്ക് ഉപയോഗിച്ചതായും കണ്ടെത്തിയിട്ടുണ്ട്. ജീവൻ ദീപം ഡെത്ത് ക്ലെയിം ഇനത്തിൽ എട്ടാം വാർഡിലെ ഒരു അംഗത്തിന് ഒരുലക്ഷം രൂപ നൽകിയതായി രേഖയിൽ ഉണ്ടെങ്കിലും ഇവർക്ക് 50,000 രൂപ മാത്രമാണ് ലഭിച്ചത്. 2022 അനുഗ്രഹ കുടുംബശ്രീക്ക് നൽകാൻ നാലരലക്ഷം രൂപ സി.ഡി.എസ് ചെയർപേഴ്സൻ പി.കെ. സുജയുടെ പേരിൽ പിൻവലിച്ചെങ്കിലും തുക സംരംഭകർക്ക് നൽകിയതിന്റെ ഒരു രേഖയും ഇല്ല. പല രേഖകളിലും വ്യാജ ഒപ്പാണ് ഇട്ടിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.