അന്ന് കൊലപാതകി, ഇന്ന് നടൻ: 'മോസ്റ്റ് വാണ്ടഡ്' കുറ്റവാളിയായ ഹിന്ദി താരം 30 വർഷത്തിന് ശേഷം അറസ്റ്റിൽ

ഗാസിയാബാദ്: ഷൂട്ടിങ്ങിന് പോകാൻ വീട്ടിൽ ഒരുങ്ങി ഇരിക്കുകയായിരുന്നു ഹിന്ദി സിനിമാ സഹനടൻ ഓം പ്രകാശ് എന്ന പാഷ. പെട്ടെന്ന് പൊലീസ് വരുന്നു, വാതിലിൽ മുട്ടുന്നു. അറുപത്തഞ്ചുകാരനായ ഓം പ്രകാശിനെ സിനിമ ​സ്റ്റൈലിൽ വീട്ടിൽനിന്ന് പൊക്കുന്നു. ഹരിയാനയിൽനിന്നുള്ള പൊലീസ് സംഘമാണ് ഏകദേശം 30 വർഷം മുമ്പുള്ള കൊലക്കേസിന്റെ ചുരുളഴിച്ച് നടനെ അറസ്റ്റ് ചെയ്തത്.

കവർച്ച, കൊലപാതകം തുടങ്ങിയ കേസുകളിൽ പ്രതിയായ ഇയാൾ ഇടക്കാലത്ത് ​സൈനികനായി സേവനമനുഷ്ഠിച്ചിരുന്നു. സംഭവ ശേഷം സ്വദേശമായ ഹരിയാനയിൽനിന്ന് മുങ്ങിയ പ്രതി ഉത്തർപ്രദേശിൽ സ്ഥിരതാമസമാക്കി. പൊലീസിന്റെ മൂക്കിന് താഴെയാണ് ഇപ്പോൾ ജീവിക്കുന്നത്. ഇവിടെവെച്ച് ഒരു സ്ത്രീയെ വിവാഹം കഴിച്ചു. ഇപ്പോൾ മൂന്ന് കുട്ടികളുടെ പിതാവാണ്. 15 വർഷമായി അഭിനയരംഗത്ത്. ഇതിനി​െ2 സിനിമയിൽ പൊലീസ് കോൺസ്റ്റബിളിന്റെ വേഷവും ഇദ്ദേഹം നന്നായി അഭിനയിച്ചു. ഉത്തർപ്രദേശിലെ ഗാസിയാബാദ് നഗരത്തിലെ വീട്ടിൽ നിന്നാണ് ഇയാളെ പൊലീസ് പിടിച്ചത്.

കാറുകളും ഇരുചക്രവാഹനങ്ങളും മോഷ്ടിച്ചാണ് ഇയാൾ കുറ്റകൃത്യങ്ങൾ തുടങ്ങിയത്. ഈ കേസിൽ ജയിൽ മോചിതനായ ശേഷം സൈന്യത്തിൽ ചേർന്നു. എന്നാൽ, 1988ൽ 12 വർഷത്തെ സർവിസിന് ശേഷം ഡ്യൂട്ടിക്ക് ഹാജരാകാത്തതിനാൽ പിരിച്ചുവിടപ്പെട്ടു. 1992 ജനുവരി 15നാണ് ഹരിയാനയിലെ ഭിവാനിയിൽ മോഷണശ്രമത്തിനിടെ ഓംപ്രകാശും സഹായിയും ചേർന്ന് മോട്ടോർ സൈക്കിൾ യാത്രക്കാരനെ കുത്തിക്കൊന്നതെന്ന് പൊലീസ് പറഞ്ഞു.

കൊലപാതകത്തിന് പിന്നാലെ നാടുവിട്ട് വേഷംമാറി കഴിയുകയായിരുന്നു. പ്രാദേശിക സിനിമകളിലെ അഭിനയം ഉൾപ്പെടെയുള്ള ജോലികൾ ചെയ്തു. ഇതുവരെ 28 സിനിമകളിൽ അഭിനയിച്ചിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്.

ഈയിടെ, ഹരിയാനയിലെ സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് സംസ്ഥാനത്തെ ഒളിവിലുള്ള കുറ്റവാളികളെ അന്വേഷിക്കാൻ തീരുമാനിച്ചതോടെയാണ് ഓംപ്രകാശിന്റെ പേര് വീണ്ടും ഉയർന്നത്. ഏറെക്കാലമായി കാണാനില്ലാത്തതിനാൽ കേസ് അവസാനിപ്പിക്കാമെന്ന അഭിപ്രായം ഉയർന്നെങ്കിലും മോസ്റ്റ് വാണ്ടഡ് ക്രിമിനൽ ലിസ്റ്റിൽ ഉൾപ്പെടുത്തി വീണ്ടും അന്വേഷിക്കുകയായിരുന്നു. ഇയാളെക്കുറിച്ച് വിവരം നൽകുന്നവർക്ക് 25,000 രൂപ ഇനാം പ്രഖ്യാപിച്ചിരുന്നു.

വേഷം മാറി ഒളിവിൽ ജീവിക്കുമ്പോഴും ഓം പ്രകാശ് ത​െന്റ എല്ലാ പുതിയ രേഖകളിലും തന്റെയും പിതാവിന്റെയും യഥാർത്ഥ പേരുകൾ തന്നെ ഉപയോഗിച്ചത് അന്വേഷണം എളുപ്പമാക്കാൻ പൊലീസിനെ സഹായിച്ചു. രണ്ട് മാസം മുമ്പ്, പാനിപ്പത്തിലുള്ള തന്റെ സഹോദരനെ ഓം പ്രകാശ് വാട്ട്‌സ്ആപ്പ് വഴി വിളിച്ചതാണ് കുരുക്ക് മുറുക്കാൻ സഹായിച്ചത്. അന്വേഷണസംഘം ഇയാളുടെ നമ്പർ ട്രാക്ക് ചെയ്താണ് താമസസ്ഥലം കണ്ടെത്തി അറസ്റ്റ് ചെയ്തത്. 

Tags:    
News Summary - Once murderer, now actor: How India’s ‘most wanted’ criminal was arrested after 30 years

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.