കൊച്ചി: ഒന്നരവയസ്സുകാരിയെ മുത്തശ്ശിയുടെ സുഹൃത്ത് ഹോട്ടല്‍ മുറിയില്‍ ബക്കറ്റിലെ വെള്ളത്തിൽ മുക്കിക്കൊന്നു. അങ്കമാലി പാറക്കടവ് കോടുശ്ശേരി മാനന്താനത്ത് വീട്ടിൽ സജീവിന്റെയും ഡിക്സിയുടെയും ഇളയമകൾ നോറ മരിയയാണ് മരിച്ചത്.
സംഭവത്തില്‍ കുഞ്ഞിന്റെ മുത്തശ്ശി സിപ്സിയുടെ (50) സുഹൃത്തും തോപ്പുംപടി പ്യാരി ജങ്ഷൻ സ്വദേശിയുമായ ബിനോയ് ഡിക്രൂസിനെ (28) പൊലീസ് അറസ്റ്റ് ചെയ്തു. സജീവും ഭാര്യ ഡിക്സിയും പിണങ്ങിക്കഴിയുകയാണ്. മൂന്ന് മാസം മുമ്പ് ഡിക്സി ഗൾഫിലേക്ക് പോയി. നോറയും സഹോദരൻ ലെനിനും (അഞ്ച്) സജീവിന്റെ മാതാവ് സിപ്സിക്കൊപ്പമാണ് കഴിഞ്ഞിരുന്നത്. ബിനോയ്യും സിപ്സിയും അടുപ്പത്തിലാണ്. ശനിയാഴ്ചയാണ് ഇരുവരും കുട്ടികൾക്കൊപ്പം കലൂരിലെ ഹോട്ടലില്‍ മുറിയെടുത്തത്. ബിനോയ് അകലുന്നതായി തോന്നിയതോടെ, നോറ ബിനോയ്യിൽ തനിക്കുണ്ടായ കുട്ടിയാണെന്ന് സിപ്സി പറഞ്ഞുനടന്നിരുന്നു. ഇതിലെ വൈരാഗ്യമാണ് കുഞ്ഞിന്റെ കൊലപാതകത്തിൽ കലാശിച്ചതെന്ന് അന്വേഷണ സംഘം നൽകുന്ന വിവരം.
ഹോട്ടലിൽ മുറിയെടുത്ത ശേഷവും വാക്തർക്കമുണ്ടായതിനെ തുടർന്ന് തിങ്കളാഴ്ച സിപ്സി കാമുകനെതിരെ പൊലീസിൽ പരാതി നൽകി. പരാതിയിൽ കഴമ്പില്ലെന്ന് പൊലീസ് കണ്ടെത്തി. ഇതോടെ ഇരുവരും 8.30ഓടെ ഹോട്ടലിലേക്ക് തന്നെ മടങ്ങി. രാത്രി പത്തരയോടെ സിപ്സി ഹോട്ടലിൽനിന്ന് പുറത്തേക്കു പോയ സമയത്താണ് ബിനോയ് കുട്ടിയെ ശൗചാലയത്തിലെ ബക്കറ്റിലെ വെള്ളത്തിൽ മുക്കി കൊന്നത്. തിരികെയെത്തിയ സിപ്സി കുഞ്ഞിനെ ആശുപത്രിയിൽ കൊണ്ടുപോയി.
കുപ്പിപ്പാൽ ശ്വാസനാളത്തിൽ കുടുങ്ങിയതാണെന്നാണ് ആദ്യം പറഞ്ഞത്. ആശുപത്രിയിലെത്തും മുമ്പ് തന്നെ കുഞ്ഞ് മരിച്ചിരുന്നു. ദുരൂഹതതോന്നിയതോടെ ആശുപത്രി അധികൃതർ പൊലീസിൽ അറിയിച്ചു. ചോദ്യം ചെയ്യലിൽ ബിനോയ് കുറ്റം സമ്മതിച്ചു. ലെനിനെ ഗൾഫിൽനിന്നെത്തിയ മാതാവ് ഡിക്സിക്കൊപ്പം വിട്ടു. സിപ്സിയെയും ചോദ്യം ചെയ്ത് വിട്ടയച്ചു. നോറയുടെ മൃതദേഹം സംസ്കരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.