കൊല്ലങ്കോട്: എറണാകുളം സ്വദേശിയെ തട്ടിക്കൊാണ്ടുപോയി മോചനദ്രവ്യമായി 49 ലക്ഷം തട്ടിയ സംഘത്തിലെ ഒരാൾ അറസ്റ്റിൽ. എറണാകുളം സൗത്ത് റെയിൽവേ ക്വാർട്ടേഴ്സ് സ്വദേശി രതീഷാണ് (39) അറസ്റ്റിലായത്. കഴിഞ്ഞ മാർച്ച് 21നാണ് മുതലമടയിൽനിന്ന് വാഴക്കാല സ്വദേശി ഷിബു ഐസക്കിനെയും സുഹൃത്ത് ജഫ്രിനെയും തട്ടിക്കൊണ്ടുപോയത്. എറണാകുളത്തുതന്നെയുള്ള ആറുപേരടങ്ങുന്ന സംഘം ചുള്ളിയാർ ഡാമിന് സമീപത്തുനിന്ന് ഇരുവരെയും പിടികൂടി കാറിൽ കയറ്റി എറണാകുളത്തെത്തിച്ചു. പോകുന്ന വഴിയിൽ ജഫ്രിനെ തൃശൂരിൽ ഇറക്കിവിടുകയായിരുന്നു. ഷിബു ഐസക്കിനെ എറണാകുളത്തെ ലോഡ്ജിൽ രണ്ട് ദിവസം തടങ്കലിൽ പാർപ്പിച്ചശേഷം മർദിക്കുകയും മോചനദ്രവ്യം ഈടാക്കി വിട്ടയക്കുകയുമായിരുന്നു. സുഹൃത്ത് ജഫ്രി വഴി ഷിബു ഐസക്കിന്റെ വീട്ടുകാരെയും സുഹൃത്തുക്കളെയും സംഘം ബന്ധപ്പെട്ടു. വീട്ടുകാരിൽനിന്നും സുഹൃത്തുക്കളിൽനിന്നും സ്വരൂപിച്ച 49,65,000 രൂപ ജഫ്രി എത്തിച്ചുനൽകിയതിനുശേഷമാണ് ഷിബുവിനെ സംഘം വിട്ടയച്ചത്. ഇയാൾ മുതലമടയിലെ സ്ഥലം വാങ്ങുന്നതിന് പ്രതികളിലൊരാളായ ആലുവ സ്വദേശിയിൽനിന്ന് 40 ലക്ഷം വായ്പയായി വാങ്ങിയിരുന്നു.
എന്നാൽ, വസ്തുവിന്റെ ഇടപാട് കഴിഞ്ഞിട്ടും മുൻകൂട്ടി പറഞ്ഞ പ്രകാരം പണം തിരികെ നൽകിയില്ല. ഇതോടെയാണ് ഷിബു ഐസക്കിനെ തട്ടിക്കൊണ്ടുപോകുന്നതിനും പണം വാങ്ങുന്നതിനും ആലുവ സ്വദേശിയുടെ നിർദേശപ്രകാരം സംഘം പദ്ധതി തയാറാക്കിയത്. പ്രതികളിലൊരാളായ രതീഷും സംഘവും ഷിബു ഐസക്കിന്റെ സ്ഥലം വാങ്ങാനെത്തിയ വസ്തു ഇടപാടുകാരാണെന്ന് തെറ്റിദ്ധരിപ്പിച്ച് സമീപിക്കുകയായിരുന്നു. തുടർന്നാണ് ഇരുവരെയും ബലമായി വാഹനത്തിൽ കയറ്റി കൊണ്ടുപോയത്. മോചനദ്രവ്യം കൈക്കലാക്കിയ ശേഷം ഷിബു ഐസക്കിനെ വിട്ടയക്കുന്ന സമയം ചില വസ്തുവകകൾ കൈമാറ്റം ചെയ്യണമെന്നും ഭീഷണിപ്പെടുത്തിയിരുന്നു. ഇതിനു തയാറാകാതെ വന്നതിനാൽ ഷിബുവിന്റെ വീട്ടിൽചെന്ന് രതീഷും സംഘവും ഭാര്യയെ ഭീഷണിപ്പെടുത്തുകയും കൈയേറ്റത്തിന് ശ്രമിക്കുകയും ചെയ്തതിന് തൃക്കാക്കരയിൽ കേസുണ്ട്. കൊല്ലങ്കോട് പൊലീസ് കഴിഞ്ഞ കുറച്ചുദിവസങ്ങളിലായി കൊച്ചിയിൽ എത്തി അന്വേഷണം നടത്തിവരുകയായിരുന്നു. എറണാകുളത്തുനിന്നാണ് രതീഷ് പിടിയിലാകുന്നത്. ഇയാൾ സിനിമമേഖലയിൽ പ്രവർത്തിക്കുന്ന ആളാണ്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതി റിമാൻഡ് ചെയ്തു. മറ്റു പ്രതികളെ പിടികൂടാൻ ശ്രമം നടക്കുന്നതായി കൊല്ലങ്കോട് പൊലീസ് ഇൻസ്പെക്ടർ എ. വിപിൻദാസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.