യുവാക്കളെ തട്ടിക്കൊണ്ടുപോയ കേസിൽ കോട്ടക്കലിൽ അറസ്റ്റിലായ അഞ്ചംഗ സംഘം
കോട്ടക്കല്‍: ഓണ്‍ലൈന്‍ ബിസിനസുമായി ബന്ധപ്പെട്ട് യുവാക്കളെ തട്ടിക്കൊണ്ടുപോയി 65 ലക്ഷം രൂപ ആവശ്യപ്പെട്ടെന്ന പരാതിയിൽ അഞ്ചംഗസംഘം കോട്ടക്കലില്‍ അറസ്റ്റില്‍. പുളിക്കല്‍ സ്വദേശികളായ മുഹമ്മദ് അനീസ് (34), അബ്ദുറഹൂഫ് (34), ജാഫര്‍ (43), മുജീബ് റഹ്മാന്(34), കിഴിശ്ശേരി സ്വദേശി ശിഹാബുദ്ദീന് (36) എന്നിവരാണ് അറസ്റ്റിലായത്.
എസ്.ഐ എസ്.കെ. പ്രിയനാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഞായറാഴ്ചയാണ് സംഭവം. കോട്ടക്കൽ പുത്തൂർ ബൈപാസില്‍നിന്ന് വാഹനത്തില്‍ തട്ടിക്കൊണ്ടുപോയവരെ പാലക്കാട് കല്ലടിക്കോട്ടുനിന്നുമാണ് പൊലീസ് പിടികൂടിയത്. ക്യുനെറ്റ് ഓൺലൈൻ ഇടപാടിൽ പിടിയിലായവർക്ക് പണം നഷ്ടപ്പെട്ടതായാണ് വിവരം. കരിപ്പൂർ സ്വദേശിയായ കൊളത്തൊടി ഫസൽ റഹ്മാനെയാണ് സംഘം ആദ്യം കടത്തികൊണ്ടുപോയത്.
ശേഷം ഇയാളുമൊത്ത് ഞായറാഴ്ച വൈകീട്ട് കൊടിഞ്ഞി സ്വദേശിയായ റഫീഖിനെ പിടികൂടാൻ സംഘം പുത്തൂരിലെത്തി. ഈ സമയം ഫസൽ വാഹനത്തിൽനിന്ന് രക്ഷപ്പെട്ടു. ശേഷം പൊലീസിൽ പരാതി നൽകി. തുടർന്ന് അർധരാത്രിയോടെ സംഘത്തെ പിടകൂടുകയായിരുന്നു. ഇവരുടെ വാഹനനും കസ്റ്റഡിയിൽ എടുത്തു. ജില്ല പൊലീസ് മേധാവി സുജിത് ദാസിന്റെ നിർദേശപ്രകാരം ഡാൻസാഫ് ടിം അംഗങ്ങൾ, കോട്ടക്കൽ എസ്.ഐ സുരേന്ദ്രൻ, സി.പി.ഒമാരായ രതീഷ്, വിനോദ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.