അഞ്ചൽ: ഓൺലൈന്‍ വഴി ജോലി നല്‍കുമെന്ന് വാഗ്ദാനം ചെയ്തു വീട്ടമ്മയില്‍നിന്ന് രണ്ടര ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ വയനാട് സ്വദേശികളായ രണ്ട് യുവാക്കളെ അഞ്ചല്‍ പൊലീസ് അറസ്റ്റ് ചെയ്തു. കല്‍പ്പറ്റ ചെന്നലോട് ഇളങ്ങോളി ഹൗസില്‍ മുഹമ്മദ് ഫയസ് (23), കട ഹൗസില്‍ സദ്ദാം ഹുസൈന് (32) എന്നിവരെയാണ് കല്പറ്റയില്നിന്ന് കസ്റ്റഡിയിലെടുത്തത്. അഞ്ചല്‍ പയറ്റുവിള സ്വദേശിനിയായ വീട്ടമ്മയാണ് തട്ടിപ്പിനിരയായത്.
ഓണ്‍ലൈന്‍ ജോലികള്‍ ചെയ്യാന്‍ ഉദ്യോഗാർഥികളെ ആവശ്യമുണ്ടെന്ന് ഫേസ്ബുക്ക് പരസ്യം കണ്ടാണ് വീട്ടമ്മ ഇവരുമായി ബന്ധപ്പെട്ടത്. മണിക്കൂറില്‍ 1300 രൂപ മുതല്‍ 5,500 രൂപ വരെ പ്രതിഫലം ലഭിക്കുമെന്നായിരുന്നു വാഗ്ദാനം. തുടക്കത്തിൽ പരിശീലനം എന്നനിലയില്‍ 1000 രൂപയുടെ ഇലക്ട്രോണിക്സ് ഉല്പന്നങ്ങള് വാങ്ങാനും വില്ക്കാനുമുള്ള നിര്‍ദേശങ്ങള്‍ അനുസരിച്ച വീട്ടമ്മക്ക് പ്രതിഫലമായി 1300 രൂപ ലഭിക്കുകയും ചെയ്തു.
തുടർന്ന് വീട്ടമ്മയുടെ വിശ്വാസം മുതലെടുത്താണ് ഓൺലൈൻ ട്രേഡിങ്ങിന്റെ ഭാഗമായി നിശ്ചിത തുക അടച്ചു ജോലിയിൽ ഏർപ്പെടാൻ നിർദേശിച്ചത്. പലഘട്ടങ്ങളിലായി 2.4 ലക്ഷം രൂപ ഇങ്ങനെ ഇവർ തട്ടിയെടുത്തു.
തുക നല്‍കിയശേഷം ജോലി ചെയ്യാന്‍ കഴിയാതായതോടെ വീട്ടമ്മ ഇവരെ ബന്ധപ്പെടാന്‍ ശ്രമിക്കുമ്പോഴെല്ലാം പലകാരണം പറഞ്ഞ് ഒഴിവാകുകയായിരുന്നു. ഇതോടെ സംശയം തോന്നിയ വീട്ടമ്മ പൊലീസിൽ പരാതി നൽകി. സംസ്ഥാനത്തിനകത്തും പുറത്തും സമാന രീതിയിൽ തട്ടിപ്പു നടത്തുന്ന സംഘത്തിലെ കണ്ണികളാണ് പ്രതികളെന്നും ഇവരെ സഹായിക്കാൻ ചില ഉന്നത ഇടപെടലുകൾ നടന്നതായി സൂചനയുണ്ട്.
അഞ്ചല്‍ ഇന്‍സ്പെക്ടര്‍ ഹരീഷ്, എസ്.സി.പി.ഒമാരായ വിനോദ് കുമാര്‍, അനില്‍കുമാര്‍, സി.പി.ഒ അബീഷ് എന്നിവരടങ്ങുന്ന സംഘമാണ് വയനാട്ടില്‍നിന്ന് പ്രതികളെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.