ഓണ്‍ലൈന്‍ വായ്പ തട്ടിപ്പുകള്‍ പെരുകുന്നതായി റിപ്പോര്‍ട്ട്: കോട്ടയത്ത് റിപ്പോര്‍ട്ട് ചെയ്തത് നൂറോളം കേസ്

ഏറ്റുമാനൂര്‍: കോട്ടയം ജില്ലയില്‍ ഓണ്‍ലൈന്‍ വായ്പ തട്ടിപ്പുകള്‍ പെരുകുന്നതായി സൈബര്‍ സെല്‍ വിഭാഗത്തിന്‍റെ അന്വേഷണ റിപ്പോര്‍ട്ട്. നിരവധിപേർ ഓണ്‍ലൈന്‍ തട്ടിപ്പില്‍ കുടുങ്ങിയെന്നും ഒരു വര്‍ഷത്തിനിടെ നൂറോളം കേസ് ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തുവെന്നുമാണ് ജില്ല സൈബര്‍സെല്‍ വിഭാഗത്തിന്‍റെ കണ്ടെത്തല്‍. തട്ടിപ്പിനിരയാകുന്നവരില്‍ അധികവും വീട്ടമ്മമാരാണ്. 40 വയസ്സിന് താഴെയുള്ളവരാണ് കെണിയില്‍ വീണതിൽ അധികവും. ഇടത്തരം കുടുംബങ്ങളെ ലക്ഷ്യവെച്ചാണ് ഓണ്‍ലൈന്‍ തട്ടിപ്പ് ലോബി പ്രവര്‍ത്തിക്കുന്നത്. മാസത്തില്‍ മൂന്നുമുതല്‍ 10 വരെ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെന്നും മലയാളികളടക്കമുള്ളവര്‍ തട്ടിപ്പുസംഘത്തിലുണ്ടെന്നുമാണ് ജില്ല സൈബര്‍ വിഭാഗം നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയത്.

കോവിഡ്, പ്രളയകാല സാമ്പത്തിക പ്രതിസന്ധി മുതലെടുത്താണ് തട്ടിപ്പുസംഘം വലവിരിച്ചിരിക്കുന്നത്. ലളിതമായ വ്യവസ്ഥയില്‍ മിനിറ്റുകള്‍ക്കുള്ളിൽ ലോണ്‍ എന്ന പരസ്യവാചകമാണ് സാധാരണക്കാരെ ആകര്‍ഷിക്കുന്നത്. ആപ് ഡൗണ്‍ലോഡ് ചെയ്ത് ബാങ്ക് പാസ്ബുക്കും പാന്‍കാര്‍ഡും അപ്ലോഡ് ചെയ്താല്‍ മിനിറ്റുകള്‍ക്കുള്ളില്‍ ലോണ്‍ എന്നതാണ് വാഗ്ദാനം.

ഇതനുസരിച്ച് ആപ് ഡൗണ്‍ലോഡ് ചെയ്യുമ്പോള്‍ നമ്മുടെ ഫോണിലെ വിവരങ്ങളെല്ലാം കമ്പനി കൈക്കലാക്കുന്നു. തുടര്‍ന്ന്, വായ്പ കുടിശ്ശിക വരുത്തിയാല്‍ ഫോണ്‍ ഹാക്ക് ചെയ്ത് നമ്മുടെ സുഹൃത്തുക്കള്‍ക്കും മറ്റും അശ്ലീല സന്ദേശമയക്കുകയും സ്ത്രീകളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിക്കുകയുമാണ് രീതി. ഇത്തരത്തില്‍ നിരവധി വീട്ടമ്മമാര്‍ ഓണ്‍ലൈന്‍ തട്ടിപ്പില്‍ കുടുങ്ങിയിട്ടുണ്ടെന്നും സൈബര്‍വിഭാഗം വെളിപ്പെടുത്തുന്നു.

പത്താം കളമെന്ന് അറിയപ്പെടുന്ന കഴുത്തറപ്പന്‍ പണമിടപാടാണ് ഓണ്‍ലൈന്‍ ലോബികള്‍ നടത്തുന്നത്. 5000 രൂപ ലോണ്‍ അനുവദിച്ചാല്‍ 2800 രൂപ മാത്രമേ അക്കൗണ്ടിലെത്തൂ. ബാക്കി 2200 രൂപ പലിശയിനത്തില്‍ കമ്പനി അപ്പോള്‍തന്നെ കൈക്കലാക്കും. തിരിച്ചടക്കുമ്പോള്‍ അയ്യായിരവും അതിന്‍റെ പലിശയും വേറെ നല്‍കണം. തിരിച്ചടവ് മുടങ്ങിയാല്‍ ഭീഷണിയും അപവാദപ്രചാരണവും തുടങ്ങും. പണം അടച്ചുതീര്‍ത്താലും തട്ടിപ്പുകാര്‍ വെറുതെ വിടില്ല, പലിശ ഇനിയും ബാക്കിയുണ്ടെന്ന് കാണിച്ച് വീണ്ടും പിന്നാലെ കൂടും. കൂടാതെ, നമ്മുടെ കോണ്ടാക്ട് ലിസ്റ്റിലുള്ളവരെ വിളിച്ച് ലോണിന് ജാമ്യക്കാരന്‍ തങ്ങളാണെന്നും പണമടച്ചില്ലെങ്കില്‍ നിയമനടപടി ഉണ്ടാകുമെന്നും ഭീഷണി മുഴക്കും. ഇത്തരത്തില്‍ ഓരോരുത്തരേയും മാനസികമായും കുടുംബപരമായും തകര്‍ക്കുന്ന നടപടികളാണ് ഓണ്‍ലൈന്‍ തട്ടിപ്പ് സംഘങ്ങള്‍ നടത്തുന്നതെന്നും ഇത്തരക്കാരില്‍നിന്നും അകലം പാലിക്കണമെന്നുമാണ് ജില്ല സൈബര്‍ സെല്‍ വിഭാഗം നല്‍കുന്ന മുന്നറിയിപ്പ്.

Tags:    
News Summary - Online loan scams are on the rise

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.