അ​ഭി​ജി​ത്ത്, അ​മ​ൽ

ഓപറേഷൻ ആഗ്: ആലപ്പുഴ ജില്ലയിൽ 160 പേർ അറസ്റ്റിൽ

ആലപ്പുഴ: ഗുണ്ടകളെയും ക്രിമിനലുകളെയും പിടികൂടാൻ ‘ഓപറേഷൻ ആഗ്’ പേരിൽ നടത്തിയ സ്പെഷൽ ഡ്രൈവിൽ ജില്ലയിൽ 160 പേർ അറസ്റ്റിൽ. ഇതിൽ രണ്ടുപേരെ കാപ്പ ചുമത്തി നാടുകടത്തിയെന്ന് ജില്ല പൊലീസ് മേധാവി ചൈത്ര തെരേസ ജോൺ വാർത്തസമ്മേളനത്തിൽ അറിയിച്ചു.

ജാമ്യമില്ല വകുപ്പ് പ്രകാരം വാറന്‍റ് ഉണ്ടായിരുന്ന 57 പേരും ദീർഘകാലമായി വാറന്‍റുള്ള 13 പേരും അന്വേഷണം നടക്കുന്ന വിവിധ കേസുകളിലെ പ്രതികളായ 26 പേരും അറസ്റ്റിലായി. സാമൂഹികവിരുദ്ധരായ 64 പേരെ കരുതൽ തടങ്കലിലും വെച്ചു. ഇതിനൊപ്പം കാപ്പ ശിക്ഷാകാലാവധി കഴിഞ്ഞ് പുറത്തിറങ്ങിയ 33 പേരുടെ വീടുകളിൽ നിരീക്ഷണവും ശക്തമാക്കി.

കായംകുളം പൊലീസ് സ്റ്റേഷൻ പരിധിയിലെ എരുവമുറിയില്‍ പുല്ലംപ്ലാവ് ചെമ്പക നിവാസില്‍ അമല്‍ (ചിന്തു -23), കീരിക്കാട് വില്ലേജിൽ കണ്ണമ്പള്ളി ഭാഗം മുറിയിൽ നന്ദനം വീട്ടിൽ അഭിജിത് എസ്. കുമാർ (21) എന്നിവരെയാണ് നാടുകടത്തിയത്. ഇവർക്ക് ഒരുവർഷത്തേക്ക് ജില്ലയില്‍ പ്രവേശിക്കാൻ പാടില്ല. നിരവധി ക്രിമിനൽ കേസിൽ പ്രതിയായ അഭിജിത് എസ്. കുമാർ, കഞ്ചാവ് കേസിൽ ശിക്ഷ അനുഭവിച്ചിട്ടുമുണ്ട്.

ശനിയാഴ്ച രാത്രി മുതൽ ഞായറാഴ്ച പുലർച്ച വരെയായിരുന്നു പരിശോധന. ജില്ലയിലെ സാമൂഹികവിരുദ്ധ/ഗുണ്ട പ്രവര്‍ത്തനം തടയുക, കാപ്പ നിയമപ്രകാരം നടപടി സ്വീകരിച്ചവരുടെ പ്രവര്‍ത്തനം വിലയിരുത്തുക, കുറ്റകൃത്യങ്ങള്‍ തടയുക എന്നിവയാണ് ഓപറേഷൻ ആഗ് സ്പെഷൽ ഡ്രൈവിലൂടെ നടത്തിയത്.

എല്ലാ പൊലീസ് സ്റ്റേഷൻ പരിധികളിലെയും ഗുണ്ട/സാമൂഹികവിരുദ്ധര്‍/ക്രിമിനലുകള്‍ എന്നിവരുടെ പ്രവര്‍ത്തനങ്ങള്‍ പ്രത്യേകം നിരീക്ഷിച്ചു.കാപ്പ നിയമപ്രകാരം നടപടി നേരിടുന്ന പ്രതികള്‍ നിയന്ത്രണ ഉത്തരവുകള്‍ ലംഘിക്കുന്നുണ്ടോയെന്ന് കണ്ടെത്താൻ അവരുടെ വീടുകളും മുന്‍കാല പ്രവര്‍ത്തന മേഖലകളും സഹകാരികളെ കേന്ദ്രീകരിച്ചും പ്രത്യേക നിരീക്ഷണമുണ്ടായിരുന്നു.  

Tags:    
News Summary - Operation Aag: 160 people arrested in Alappuzha district

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.