പണിക്കൻകുടി (ഇടുക്കി): പണിക്കൻകുടിയിൽ അയൽവാസിയുടെ അടുക്കളയിൽ കൊലപ്പെടുത്തി കുഴിച്ചുമൂടിയ വീട്ടമ്മയുടെ മൃതേദഹം പുറത്തെടുത്തു. കാണാതായ സിന്ധുവിന്റേതാണ് മൃതദേഹമെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. മൃതദേഹത്തിന് മൂന്നാഴ്ച പഴക്കമുണ്ടെന്നാണ് നിഗമനം. പോസ്റ്റ് മോർട്ടത്തിനായി മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റും.
മൃതദേഹത്തിന്റെ വസ്ത്രങ്ങൾ നീക്കം ചെയ്ത നിലയിലായിരുന്നു. കൂടാതെ, പ്ലാസ്റ്റിക് കവർ കൊണ്ട് മുഖം മൂടിയിരുന്നു. സ്ഥലത്ത് ഫോറൻസിക് വിദഗ്ധരുടെ പരിശോധന പുരോഗമിക്കുകയാണ്. അടുക്കളയിൽ കുഴിച്ചു മൂടിയ മൃതദേഹം പൊലീസ് ഡോഗ് സ്ക്വാഡ് കണ്ടുപിടിക്കാതിരിക്കാൻ പ്രതി മുളകുപൊടി വിതറിയിരുന്നതായി പൊലീസ് പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്.
പണിക്കൻകുടിയിൽ വീട്ടമ്മയെ സമീപത്തെ വീടിന്റെ അടുക്കളയിൽ കൊലപ്പെടുത്തി കുഴിച്ചിട്ട നിലയിൽ കണ്ടെത്തുന്നതിലേക്ക് നയിച്ചത് 13കാരെൻറ സംശയമാണ്. മൂന്നാഴ്ച മുമ്പ് സ്ഥലത്തു നിന്ന് കാണാതായ സിന്ധുവിെൻറ മകനാണ് സംശയം ഉന്നയിച്ചത്. ആഗസ്റ്റ് 12നാണ് സിന്ധുവിനെ കാണാതായത്. മകൻ വിവരം സിന്ധുവിന്റെ സഹോദരന്മാരെ അറിയിച്ചു. 15ന് ഇവർ വെള്ളത്തൂവല്‍ പൊലീസില്‍ പരാതി നല്‍കിയെങ്കിലും അന്വേഷണത്തില്‍ കാര്യമായ പുരോഗതി ഉണ്ടായില്ല. ബിനോയി സ്വന്തം വീട്ടില്‍ പുതിയ അടുപ്പ് പണിതതായി രണ്ടുദിവസം മുമ്പ് കുട്ടി പറഞ്ഞു. അമ്മയെ കാണാതായ ദിവസം ബിനോയിയുടെ വീട്ടില്‍ എത്തിയപ്പോഴാണ് പുതിയ അടുപ്പ് ശ്രദ്ധയില്‍ പെട്ടത്. ഇതോടെ സംശയം ഉടലെടുത്തു.
വെള്ളിയാഴ്ച ബിനോയിയുടെ വീട് പരിശോധിക്കാന്‍ ഇവര്‍ തീരുമാനിച്ചു. ബിനോയിയുടെ വീട്ടില്‍ എത്തിയപ്പോള്‍ അടുക്കളവാതില്‍ ചാരിയനിലയിലായിരുന്നു. വീട്ടില്‍ കയറിയ ഇവര്‍ കുട്ടി പറഞ്ഞ കാര്യം ശരിയാണെന്ന് ഉറപ്പിച്ചു. പിന്നീട് പുതുതായി പണിത അടുപ്പ് പൊളിച്ച് ഇളകിയ മണ്ണ് നീക്കിയപ്പോള്‍ കൈയും വിരലുകളും കണ്ടെത്തി. തുടര്‍ന്ന് ഇവര്‍ തന്നെ പൊലീസില്‍ അറിയിക്കുകയായിരുന്നു.
16ന് ഒളിവില്‍പോയ ബിനോയി അയല്‍ സംസ്ഥാനത്തേക്ക് കടന്നതായാണ് പൊലീസ് സംശയിക്കുന്നത്. 29ന് തൃശൂരില്‍ ബിനോയി എ.ടി.എം ഉപയോഗിച്ച് പണമെടുത്തതായി പൊലീസ് കണ്ടെത്തി. പിന്നീട് പാലക്കാട്ടും എത്തിയതായി വിവരമുണ്ട്. ക്രിമിനല്‍ പശ്ചാത്തലമുള്ളയാളാണ് ബിനോയി എന്നും നേരത്തേ വിവിധ കേസുകളിൽ ഉള്‍പ്പെട്ടിട്ടുണ്ടെന്നും പൊലീസ് പറയുന്നു.
അകന്ന് കഴിയുന്ന ഭര്‍ത്താവ് അടുത്തിടെ പല തവണ സിന്ധുവിനെ ഫോണില്‍ വിളിച്ചിരുന്നു. ഇതോടെ ബിനോയി അസ്വസ്ഥനായി. ഭര്‍ത്താവ് വിളിച്ചാല്‍ ഫോണ്‍ എടുക്കരുതെന്നും സിന്ധുവിനോട് പറഞ്ഞിരുന്നു. എന്നാല്‍, ഭര്‍ത്താവുമായി ഒത്തു പോകാന്‍ തീരുമാനിച്ചതോടെ സിന്ധുവിനെ ബിനോയി വകവരുത്തിയെന്നാണ് പൊലീസിന്റെ നിഗമനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.