കോഴിക്കോട്: നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ സമാന്തര ടെലിഫോൺ എക്സ്ചേഞ്ചുകൾ സ്ഥാപിച്ച കേസിൽ എൻ.ഐ.എ അന്വേഷണം വന്നേക്കും. രണ്ടുതവണ കേസിന്റെ വിവരങ്ങൾ കൊച്ചിയിൽനിന്നുള്ള എൻ.ഐ.എ ഉദ്യോഗസ്ഥർ ശേഖരിച്ചിരുന്നു. വയനാട്ടിലേക്ക് സ്ഥലംമാറിപ്പോയ അന്വേഷണ ഉദ്യോഗസ്ഥൻ സി-ബ്രാഞ്ച് അസി. കമീഷണർ ടി.പി. ശ്രീജിത്ത് തന്നെ കേസിന്റെ തുടരന്വേഷണം എൻ.ഐ.എക്ക് വിടണമെന്നുകാട്ടി അന്വേഷണ സംഘം മേധാവി ചൈത്ര തെരേസ ജോണിന് റിപ്പോർട്ട് നൽകിയിട്ടുണ്ട്.
ദേശവിരുദ്ധ പ്രവർത്തനങ്ങൾക്കടക്കമാണ് സമാന്തര എക്സ്ചേഞ്ചുകൾ സ്ഥാപിച്ചത് എന്ന പൊലീസ് കണ്ടെത്തൽ ചൂണ്ടിക്കാട്ടിയാണ് എൻ.ഐ.എ അന്വേഷണം ശിപാർശ ചെയ്തത്. എന്നാൽ, കൂടിയാലോചനകൾക്കുശേഷം മാത്രമേ ആഭ്യന്തരവകുപ്പ് അന്വേഷണം കൈമാറൂവെന്നാണ് വിവരം. അതേസമയം, കേസ് രജിസ്റ്റർ ചെയ്ത് പത്തുമാസമായിട്ടും മുഴുവൻ പ്രതികളെയും പിടികൂടാനാവാത്തത് പൊലീസിനും വെല്ലുവിളിയായി.
കോഴിക്കോട് ചാലപ്പുറം സ്വദേശി പി.പി. ഷബീർ (45), ബേപ്പൂർ സ്വദേശി പി. അബ്ദുൽ ഗഫൂർ (45), പൊറ്റമ്മൽ സ്വദേശി എം.ജി. കൃഷ്ണപ്രസാദ് (34), മലപ്പുറം വാരങ്ങോട് സ്വദേശി നിയാസ് കുട്ടശ്ശേരി (40) എന്നിവരാണ് ഒളിവിലുള്ളത്. ഇവർക്കായി പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. പ്രതികളിൽ ചിലർ വിദേശത്തേക്ക് കടന്നതായും സൂചനയുണ്ട്. ഒളിവിലുള്ള പ്രതികൾ പലതവണ മുൻകൂർ ജാമ്യത്തിനും കേസിന്റെ എഫ്.ഐ.ആർ റദ്ദാക്കാനും ഹൈകോടതിയെ സമീപിച്ചിരുന്നു. അന്വേഷണ ഉദ്യോഗസ്ഥനെ സ്ഥലംമാറ്റിയതുതന്നെ കേസിലെ പ്രതികളുടെ ഉന്നത ബന്ധങ്ങളുപയോഗിച്ചാണെന്നും ആരോപണമുയർന്നിരുന്നു.
ജൂലൈ ഒന്നിനാണ് നഗരത്തിലെ ഏഴിടത്ത് സമാന്തര ടെലിഫോൺ എക്സ്ചേഞ്ചുകൾ കണ്ടെത്തിയത്. സിം ബോക്സ് ഉൾപ്പെടെ ഉപകരണങ്ങളും നൂറുകണക്കിന് സിം കാർഡുകളും കണ്ടെത്തിയതിനു പിന്നാലെ ജീവനക്കാരൻ കൊളത്തറ സ്വദേശി ജുറൈസിനെ അറസ്റ്റ്ചെയ്തു. പിന്നീട് സമാന കേസിൽ ബംഗളൂരുവിൽ പിടിയിലായ മലപ്പുറം കാടാമ്പുഴ സ്വദേശി ഇബ്രാഹീം പുല്ലാട്ടിനെയും കേസിൽ പ്രതി ചേർത്ത് അറസ്റ്റ്ചെയ്തു.
കസബ സ്റ്റേഷനിൽ അഞ്ചും നല്ലളം സ്റ്റേഷനിൽ ഒന്നും ഉൾപ്പെടെ ആറു കേസുകളാണ് രജിസ്റ്റർ ചെയ്തത്. അന്വേഷണത്തിന് പ്രത്യേക സംഘം രൂപവത്കരിക്കുകയായിരുന്നു. ഒളിവിലുള്ള പ്രതികളുടെ സ്വത്തുക്കൾ കണ്ടുകെട്ടാൻ അന്വേഷണ സംഘം നടപടിയാരംഭിച്ചിട്ടുണ്ട്. -
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.