പാലക്കാട്: നഗരത്തിൽ സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് കണ്ടെത്തിയ കേസിൽ മുഖ്യപ്രതി അറസ്റ്റിൽ. കോഴിക്കോട് സിവിൽ സ്‌റ്റേഷന് സമീപം പുത്തൻ പീടിയേക്കൽ വീട്ടിൽ മൊയ്തീൻകോയയെയാണ് (63) പാലക്കാട് ടൗൺ നോർത്ത് പൊലീസ് കോഴിക്കോട് നല്ലളത്ത് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ സെപ്റ്റംബർ 14ന് രാത്രിയാണ് പാലക്കാട് മേട്ടുപ്പാളയം സ്ട്രീറ്റിലെ ഷോപ്പിങ് കോംപ്ലക്സിലെ കടമുറിയിൽ സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് പ്രവർത്തിച്ചിരുന്നതായി കണ്ടെത്തിയത്.
മൊയ്തീൻ കോയ എട്ടു വർഷമായി മേട്ടുപ്പാളയം സ്ട്രീറ്റിൽ കീർത്തി ആയുർവേദിക് എന്ന സ്ഥാപനം നടത്തിവരുകയായിരുന്നു. ഇതിെൻറ മറവിലാണ് സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് പ്രവർത്തിച്ചിരുന്നത്. സ്ഥാപനത്തിെൻറ പേരിൽ 200ഓളം ജിയോ, ബി.എസ്.എൻ.എൽ സിം കാർഡുകൾ ഇയാൾ എടുത്തിരുന്നു. ഇൻറർനാഷനൽ ഫോൺകാളുകൾ എസ്.ടി.ഡി കാളുകളാക്കി മാറ്റംവരുത്തി സാമ്പത്തിക ലാഭം ഉണ്ടാക്കുകയായിരുന്നു ഇയാളുടെ ലക്ഷ്യമെന്ന് പൊലീസ് പറഞ്ഞു.
മകൻ ഷറഫുദ്ദീനെതിരെ ചേവായൂരിലും, സഹോദരൻ ഷബീറിനെതിരെ കോഴിക്കോട്ടും സമാന രീതിയിലുള്ള കുറ്റകൃത്യം ചെയ്തതിന് കേസുണ്ട്. മലപ്പുറം വണ്ടൂരിൽ തനിമ ബയോവേദിക് എന്ന സ്ഥാപനത്തിെൻറ മറവിൽ സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് നടത്തിയതിന് മൊയ്തീൻകോയക്കെതിരെ രണ്ടുമാസം മുമ്പ് വണ്ടൂർ പൊലീസ് കേസെടുത്തിരുന്നു. തുടർന്ന് ഒളിവിൽ കഴിയവെയാണ് പാലക്കാട് പൊലീസിെൻറ പിടിയിലായത്.
ഞായറാഴ്ച ഉച്ചയോടെ സ്ഥാപനത്തിൽ തെളിവെടുപ്പ് നടത്തി. ഒരു മുസ്ലിം സംഘടനയുമായും ബന്ധമില്ലെന്നും സ്ഥാപനത്തിൽനിന്ന് കണ്ടെടുത്തതായി ആരോപിക്കുന്ന ലഘുലേഖകളെക്കുറിച്ച് അറിയില്ലെന്നും മൊയ്തീൻകോയ മൊഴി നൽകി. കോടതിയിൽ ഹാജറാക്കി റിമാൻഡ് ചെയ്തു. സമാന്തര എക്സ്ചേഞ്ചുകളുടെ മറവിൽ ഹവാല ഇടപാടുകള്‍ നടന്നിരുന്നോ എന്നും അന്വേഷിക്കുന്നുണ്ട്. പാലക്കാട് ജില്ല പൊലീസ് മേധാവി ആർ. വിശ്വനാഥിെൻറ മേൽനോട്ടത്തിൽ, പാലക്കാട് ഡിവൈ.എസ്.പി ഹരിദാസ്, വാളയാർ സി.െഎ മുരളീധരൻ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് അന്വേഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.