അഴിയൂരിൽ എട്ടാം ക്ലാസുകാരിയെ ലഹരിക്കടത്തിന് ഉപയോഗിച്ച സംഭവം: ഗുരുതരമായ ആരോപണവുമായി ബന്ധുക്കൾ

അഴിയൂരിൽ എട്ടാം ക്ലാസുകാരിയെ ലഹരി മാഫിയ കാരിയറാക്കിയ സംഭവത്തിൽ സ്കൂളിനെതിരെ ഗുരുതരമായ ആരോപണവുമായി വിദ്യാർഥിനിയുടെ ബന്ധുക്കൾ രംഗത്ത്. അഴിയൂരിൽ 12 വയസ്സുള്ള മകളെ ലഹരി നൽകി പ്രലോഭിപ്പിച്ച സംഭവത്തിൽ സ്കൂൾ അധികൃതർക്കും പിടിഎയ്ക്കും സംഭവിച്ചത് കുറ്റകരമായ അനാസ്ഥയാണെന്ന് മാതാവ് പറയുന്നു. വിഷയത്തിൽ സ്കൂൾ അധികൃതരും പിടിഎയും എല്ലാം ചെയ്തുവെന്ന് പറയുന്നത് വസ്തുത വിരുദ്ധമാണ്.

നവംബർ 24-നാണ് മകളെ സ്കൂളിൽ നിന്നും ക്ഷീണിതയായ നിലയിലും യൂണിഫോം മുഴുവനായും നനഞ്ഞുനിലയിലും അധ്യാപിക കണ്ടെത്തുന്നത്. വിവരം അറിയിച്ചതിണെ തുടർന്ന് പിതാവി​െൻറ ബന്ധുക്കൾ സ്കൂളിൽ എത്തിയപ്പോൾ മകൾക്ക് ക്ഷീണം ഉണ്ടെന്നും ഇപ്പോൾ പ്രശ്നമില്ലെന്നുമാണ് ​പ്രധാനധ്യാപിക, ക്ലാസ് ടീച്ചർ, സ്കൂൾ കൗൺസിലർ എന്നിവർ പറഞ്ഞത്. മകളോട് അധ്യാപകരും കൗൺസിലറും ചോദിച്ചപ്പോൾ ആരോ എന്നെ വെള്ളപ്പൊടി മണപ്പിച്ചു എന്ന് പറയുകയും ചെയ്തിരുന്നു. എന്നാൽ ആ വിവരം ഇപ്പോൾ പുറത്ത് പറയണ്ടെന്നും പിടിഎ വിളിച്ചു ചർച്ച ചെയ്യാമെന്നുമാണ് അധ്യാപകരും കൗൺസിലറും പറ​ഞ്ഞതെന്നാണ് മാതാവ് പറയുന്നു.

നവംബർ 25ന് സ്കൂൾ പിടിഎ ജനറൽ ബോഡിയിൽ മാതാവ് പങ്കെടുത്തിരുന്നു. അന്ന് ഈ വിഷയം ഒന്നും ചർച്ച ചെയ്തിരുന്നില്ല. പിന്നീട് അധ്യാപകർ ഒന്നും പറയാതിരുന്നപ്പോൾ 29ന് സ്കൂളിൽ പോയി കാര്യം ചോദിച്ചപ്പോൾ പ്രധാനധ്യാപിക അവധിയിലാണെന്നും പിടിഎ വിളിച്ചു ചർച്ച ചെയ്യാമെന്നുമാണ് പറഞ്ഞത്. 25ന് തന്നെ വിദ്യാർഥിനിയുടെ പിതാവിൻ്റെ മാതാവ് അന്നത്തെ പിടിഎ പ്രസിന്റി​നെ ഫോൺ വിളിച്ചു വിഷയം പറഞ്ഞിരുന്നു.

ഡിസംബർ രണ്ടിന് മകൾ പറഞ്ഞ അടയാളങ്ങളുള്ള യുവാവിനെ പിടികൂടി സ്കൂൾ ഓഫീസിലെത്തിച്ചതായി മാതാവ് പറയുന്നു. ആ സമയം വരെ വിഷയം ഒന്നും ചർച്ച ചെയ്യാൻ പോലും പിടിഎ തയ്യാറായില്ല. സ്കൂൾ ഓഫീസിൽ യുവാവിനെ കൊണ്ടുവന്നപ്പോൾ അയാൾ ഓടി രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ ബന്ധു ഹെൽമറ്റ് കൊണ്ട് എറിഞ്ഞു ഓടിപ്പിച്ചാണ് യുവാവിനെ ഓഫീസിലെത്തിച്ചത്. ഇതു കണ്ടപ്പോഴാണ് ഒരു അധ്യാപകൻ ചോമ്പാല പൊലീസിൽ വിളിച്ചു പറഞ്ഞത്. ആ സമയത്താണ് പൊലീസിലെത്തുന്നത്. അന്നാണ് മൊഴിയെടുക്കുന്നതും.

ഡിസംബർ മൂന്നിന് സ്കൂൾ അധികൃതർ, പിടിഎ, ചോമ്പാല പൊലീസ്, ബന്ധുക്കൾ എന്നിവരുടെ സാന്നിധ്യത്തിൽ ഏകദേശം നാല് മണിക്കൂർ സ്കൂളിൽ നിന്നും മകളുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. ആ സമയവും പ്രതികളുടെ പേരും അടയാളങ്ങളും മകൾ പറഞ്ഞിട്ടുണ്ട്. എന്നിട്ടും ഒരു രേഖാമൂലമുള്ള പരാതി ചൈൽഡ് ലൈൻ അധികൃതർക്കോ ചോമ്പാല പൊലീസിലോ നൽകാൻ പിടിഎ തയ്യാറായില്ല.

വിദ്യാർത്ഥികളുടെ അവകാശ നിയമത്തിൽ ഇത്തരം സന്ദർഭങ്ങളിൽ ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച് കൃത്യമായി പറയുന്നുണ്ട്. ഇതൊന്നും ചെയ്യാതെ പ്രതികളെ സഹായിക്കുന്ന നിലപാടാണ് സ്കൂൾ അധികൃതരും പിടിയും സ്വീകരിക്കുന്നത്. സ്കൂളിനെതിരെ ഒരു ദുഷ്പ്രചാരണവും നടന്നിട്ടില്ല. വളരെ ഗൗരവമായ വിഷയമായിട്ട് പോലും തീർത്തും ഉത്തരവാദിത്വ രഹിതമായാണ് സ്കൂൾ അധികൃതരും പിടിഎയും പെരുമാറിയത്. ഇത് സംബന്ധിച്ച് വിദ്യാഭ്യാസ മന്ത്രി, വിദ്യാഭ്യാസ വകുപ്പ് എന്നിവർക്ക് പരാതി നൽകിയിരുന്നു. മകൾ പേര് പറഞ്ഞ് മൊഴി നൽകിയ പോക്സോ കേസിലെ പ്രതിയെ പോലീസ് നിരുപാധികം വിട്ടയച്ചപ്പോഴാണ് പലരും വിഷയത്തിൽ ഇടപെട്ടത്.

വിദ്യാർഥികൾക്കുൾപ്പെടെ ലഹരി നൽകി പ്രലോഭിപ്പിച്ച് നശിപ്പിക്കുന്ന സംഭവത്തിലെ പ്രതികളെ പിടികൂടാൻ ആത്മാർത്ഥമായി പരിശ്രമിക്കുന്നതിന് പകരം മറ്റ് താൽപര്യങ്ങൾ വലിച്ചിഴച്ച് സംഭവത്തെ വഴിതിരിച്ചുവിടാൻ പിടിഎ തന്നെ ശ്രമിക്കുന്നത് സ്കൂളിൻറെ വിശ്വാസ്യത തകർക്കുകയാണ് ചെയ്യുകയെന്നാണ് മാതാവ് പറയുന്നത്. വിഷയത്തിൽ പൊലീസ് അന്വേഷണം നടക്കുകയാണ്. 

അഴിയൂര്‍ സ്‌കൂളിനെതിരായ ദുഷ്പ്രചരണം പരാതി നല്‍കി

വടകര: അഴിയൂര്‍ ഗവ: ഹയര്‍സെക്കന്ററി സ്‌കൂള്‍ വിദ്യാര്‍ഥിനി ലഹരിക്ക് അടിപ്പെട്ടുവെന്ന വാര്‍ത്തയെ തുടര്‍ന്ന് സര്‍ക്കാര്‍ തലത്തില്‍ പോലീസ് അന്വേഷണം നടക്കുമ്പോള്‍ ചില തല്പര കക്ഷികള്‍ നടത്തുന്ന ദുഷ്പ്രചരണത്തെക്കുറിച്ച് സ്‌കൂള്‍ പി.ടി.എ കമ്മറ്റി മുഖ്യമന്ത്രിക്ക് പരാതി നല്‍കി.

ലഹരി വിഷയത്തില്‍ ഒട്ടും വീഴ്ച വരുത്താതെ സ്‌കൂളും പി.ടി.എയും യഥാസമയം ഇടപെടുകയും സ്‌കൂള്‍ കൗണ്‍സലറുടെ നേതൃത്വത്തില്‍ കുട്ടിയില്‍ നിന്നും വിവരങ്ങള്‍ ചോദിച്ചറിയുകയും രക്ഷിതാക്കളെ അറിയിക്കുകയും വേണ്ട നാപടികള്‍ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ സോഷ്യല്‍ മീഡിയയിലൂടെയും മറ്റും തെറ്റായ പ്രചരണങ്ങള്‍ നടത്തി സ്‌കൂളിനെ താറടിച്ചു കാണിക്കാന്‍ ചിലര്‍ ശ്രമിച്ചു കൊണ്ടിരിക്കയാണെന്ന് പി.ടി.എ കുറ്റപ്പെടുത്തി.

കഴിഞ്ഞ എസ്എസ്എല്‍സി പരീക്ഷയിലടക്കം 100 ശതമാനം വിജയം നേടി ഭൗതിക സൗകര്യങ്ങളുടെയും അക്കാദമിക മികവുകളുടെയും കാര്യത്തില്‍ ജില്ലയിലെ മറ്റു വിദ്യാലയങ്ങള്‍ക്കൊപ്പം തലയുയര്‍ത്തി നില്‍ക്കുന്ന സ്‌കൂളിനെ സംരക്ഷിക്കണമെന്നും ലഹരിവിഷയത്തില്‍ എത്രയും പെട്ടെന്ന് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റവാളികളെ കണ്ടെത്തി സ്‌കൂള്‍ പ്രവര്‍ത്തനം സുഗമമാക്കാനുള്ള സാഹചര്യം സൃഷ്ടിക്കണമെന്നും പി.ടി.എ. ഭാരവാഹികള്‍ മുഖ്യമന്ത്രിയോട് അഭ്യര്‍ഥിച്ചു.

Tags:    
News Summary - Parents of Kozhikode minor girl used as drug carrier seek high-level probe

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.