കൊടുങ്ങല്ലുർ: പേർഷ്യൻ പൂച്ച വിൽപനയുടെ മറവിൽ ന്യൂജൻ ലഹരി വിഭവങ്ങളായ സിന്തറ്റിക്ക്, കെമിക്കൽ മയക്കുമരുന്ന് ഇടപാട് നടത്തിവന്ന യുവാവ് സംയുക്ത എക്സൈസ് സംഘത്തിെൻറ വലയിലായി.
യുവാക്കൾക്കിടയിൽ ന്യൂജൻ ലഹരി എന്ന പേരിൽ അറിയപ്പെടുന്ന എം.ഡി.എം.എ, എൽ.എസ്.ഡി സ്റ്റാമ്പ്, കഞ്ചാവ് എന്നിവയുമായി മാള പൂപ്പത്തി സ്വദേശി എരിമേൽ വീട്ടിൽ അക്ഷയ് (24) ആണ് പിടിയിലായത്. എക്സൈസ് ഇൻറലിജൻസ്, കൊടുങ്ങല്ലൂർ സർക്കിൾ ഇൻസ്പെക്ടർ, കൊടുങ്ങല്ലൂർ റേഞ്ച് ഇൻസ്പെക്ടറും സംഘവും എന്നിവർ സംയുക്തമായാണ് അറസ്റ്റ് നടത്തിയത്.
അഡിക്ഷൻ മെൻസവെയർ എന്ന പേരിൽ റെഡിമെയ്ഡ് ഡ്രസ് മേഖലയിൽ പ്രവർത്തിച്ച പ്രതി നിലവിൽ പേർഷ്യൻ പൂച്ചകളുടെ വിൽപനയുടെ മറവിൽ ബംഗളൂരുവിൽനിന്ന് കൊടുങ്ങല്ലൂർ, മാള മേഖലയിൽ മയക്കുമരുന്ന് എത്തിക്കുന്ന ശൃംഖലയിലെ പ്രധാന കണ്ണിയാണ്. ആവശ്യക്കാർക്ക് എല്ലാ തരത്തിലുള്ള കെമിക്കൽ, സിന്തറ്റിക്ക് ലഹരി വസ്തുക്കളും എത്തിച്ചു കൊടുക്കുന്ന വിൽപന സജീവമാണ്. ഡി.ജെ പാർട്ടികൾക്കും ക്രിസ്മസ് പുതുവത്സര ആഘോഷങ്ങൾക്കും വേണ്ട സ്റ്റോക്ക് എത്തിച്ചുവരവെയാണ് പ്രതി പിടിയിലായതെന്ന് എക്സൈസ് സി.ഐ പി.എൽ. ബിനുകുമാർ പറഞ്ഞു.
നാർകോട്ടിക് കേസുകളിൽ പരമാവധി ശിക്ഷ ലഭിക്കാവുന്ന തരത്തിലുള്ള കോമേഴ്സ്യൽ അളവിലാണ് മയക്കുമരുന്നുകൾ പിടികൂടിയത്. ഇതുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം നടത്തുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. എക്സൈസ് സി.ഐ പി.എൽ. ബിനുകുമാർ, ഇൻറലിജൻസ് ഇൻസ്പെക്ടർ എസ്. മനോജ്കുമാർ, റേഞ്ച് ഇൻസ്പെക്ടർ ഷാംനാദ്, ഇൻറലിജൻസ് ഉദ്യോഗസ്ഥരായ കെ.എസ്. ഷിബു, ഒ.എസ്. സതീഷ്, ടി.ജി. മോഹനൻ, പി.ആർ. സുനിൽ കുമാർ, കെ.ജെ. ലോനപ്പൻ, പ്രിവൻറിവ് ഓഫിസർമാരായ പി.വി. ബെന്നി, നെൽസൺ, എക്സൈസ് ഓഫിസർമാരായ രാജേഷ്, സജികുമാർ, അബ്ദുൽ നിയാസ്, പ്രിൻസ്, റിഹാസ്, ഷിബു, ചിഞ്ചു എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.