മേലാറ്റൂർ: ഭൂമിയുടെ വ്യാജ പ്രമാണം ബാങ്കുകളിലും സ്വകാര്യ വ്യക്തിക്കും നൽകി ഒരു കോടിയിലേറെ രൂപ തട്ടിയെടുത്തയാൾ പൊലീസ് പിടിയിൽ. എടപ്പറ്റ ഏപ്പിക്കാട് കുണ്ടൻ ചോല സ്വദേശി പാറമ്മൽ മുഹമ്മദലിയെ (41) ആണ് മേലാറ്റൂർ പൊലീസ് അറസ്റ്റു ചെയ്തത്. വ്യാജ പ്രമാണം നൽകി 40 ലക്ഷം രൂപ കൈക്കലാക്കിയെന്ന് ഉച്ചാരക്കടവ് എം.ഡി.സി ബാങ്ക് മാനേജറും 35 ലക്ഷം തട്ടിയെന്ന് പൂക്കോട്ടുംപാടം സ്വദേശി ബലറാമും നൽകിയ പരാതിയിലാണ് അറസ്റ്റ്. മുഹമ്മദലിയുടെ ഉടമസ്ഥതയിലുള്ള ഭൂമിയുടെ യഥാർഥ പ്രമാണം പണയം വെച്ച് പാണ്ടിക്കാട് സൗത്ത് ഇന്ത്യൻ ബാങ്കിൽനിന്ന് പ്രതി 23,90,000 രൂപ കൈപറ്റിയിരുന്നു.
എന്നാൽ ഇത് നിലനിൽക്കെ ഇതേ ഭൂമിയുടെ വ്യാജ പ്രമാണം പണയം വെച്ച് പെരിന്തൽമണ്ണയിലെ ഒരു ബാങ്കിൽനിന്ന് 20 ലക്ഷം, ഉച്ചാരക്കടവ് എം.ഡി.സി ബാങ്കിൽനിന്ന് 40 ലക്ഷം, എടപ്പറ്റയിലെ ഒരു ബാങ്കിൽനിന്ന് 35 ലക്ഷം, നിലമ്പൂർ പൂക്കോട്ടുംപാടം സ്വദേശി ബലറാമിൽനിന്ന് 35 ലക്ഷവും മുഹമ്മദലി തട്ടിയതായി പൊലീസ് അന്വേഷണത്തിൽ തെളിഞ്ഞു. ഇങ്ങനെ 1.30 കോടിയുടെ തട്ടിപ്പാണ് നടത്തിയതെന്ന് പൊലീസ് പറഞ്ഞു.
മേലാറ്റൂർ സി.ഐ കെ.ആർ. രഞ്ജിത്, എസ്.ഐമാരായ റെജി മോൻ, ജോഫി ജോസ്, സി.പി.ഒമാരായ പ്രമോദ്, രഘു, ശ്രീകുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. സംഭവത്തിൽ പങ്കുള്ള മറ്റുള്ളവരെക്കുറിച്ചും അന്വേഷണം പുരോഗമിക്കുകയാണെന്ന് മേലാറ്റൂർ സി.ഐ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.