കുമളി: രാജ്യത്തെ പ്രമുഖ കടുവ-വന്യജീവി സങ്കേതത്തിനു ചുറ്റും വേട്ടക്കാർ താവളമാക്കിയത് ആശങ്ക വർധിപ്പിക്കുന്നു. മ്ലാവ് വേട്ട സംഭവം ‘മാധ്യമം’ വാർത്തയാക്കിയതിനു പിന്നാലെ ഉണർന്ന വനം വകുപ്പ് ഒരാഴ്ചക്കിടെ പിടികൂടിയത് അഞ്ച് ആനക്കൊമ്പും മ്ലാവ് ഇറച്ചിയും മ്ലാവിെൻറ കൊമ്പുകളും. ഇതിനോടകം വിവിധ കേസുകളിലായി 10 പേർ അറസ്റ്റിലാകുകയും ചെയ്തു. പെരിയാർ കടുവ സങ്കേതത്തിനുള്ളിൽനിന്ന് പുറത്തെത്തിയ മ്ലാവിനെ വെടിവെച്ചു വീഴ്ത്തിയ സംഭവം പുറംലോകം അറിഞ്ഞതോടെയാണ് വനപാലകർ സജീവമായത്.
കോട്ടയം ഡി.എഫ്.ഒ എൻ. രാജേഷിെൻറ മേൽനോട്ടത്തിൽ എരുമേലി റേഞ്ച് ഓഫിസർ ബി.ആർ. ജയനും സംഘവും ദിവസങ്ങൾക്കുള്ളിൽ മ്ലാവ് വേട്ട സംഘത്തിലെ നാലുപേരെ 120 കിലോ മ്ലാവ് ഇറച്ചിയും തോക്കും തിരകളുമായി പിടികൂടി. വർഷങ്ങളായി മ്ലാവ്, കേഴ, പന്നി, കൂരമാൻ, കരിങ്കുരങ്ങ്, മുയൽ, മരപ്പട്ടി ഉൾപ്പെടെ ജീവികളെ കൊന്ന് ഇറച്ചിയാക്കി വിൽപന നടത്തിയിരുന്ന വലിയ സംഘത്തിലെ കണ്ണികളെയാണ് റേഞ്ച് ഓഫിസറും സംഘവും ഈ മാസം 12ന് പിടികൂടിയത്.
വേട്ട സംഘം നൽകിയ ഇറച്ചി ഉണക്കി വിദേശത്തേക്കുവരെ ആവശ്യക്കാർക്ക് എത്തിച്ചു നൽകിയിരുന്നതായാണ് വിവരം. വർഷങ്ങളായി വേട്ടക്കാരിൽനിന്ന് ഇറച്ചി വാങ്ങിയിരുന്ന ഉന്നതൻമാർ ഉൾപ്പെടെ 25 പേരുടെ പട്ടിക തയാറാക്കി നിരീക്ഷണം തുടരുകയാണ്. ഇതിനു പിന്നാലെ കുമളിവഴി തമിഴ്നാട്ടിൽ വിൽപനക്കെത്തിച്ച മൂന്ന് ആനക്കൊമ്പുമായി മലയാളി ഉൾപ്പെടെ രണ്ടുപേരെ തമിഴ്നാട് വനപാലകർ അറസ്റ്റ് ചെയ്തു. വനം വകുപ്പിെൻറ കേന്ദ്ര-സംസ്ഥാന ഇന്റലിജൻസുകളുടെ സഹായത്തോടെയായിരുന്നു ഈ മാസം 13ന് അറസ്റ്റ് നടന്നത്.
ഇതിനു പിന്നാലെയാണ് പീരുമേട് പരുന്തുംപാറയിൽനിന്ന് രണ്ട് ആനക്കൊമ്പുമായി മൂന്ന് പേരെ എരുമേലി റേഞ്ച് ഓഫിസറും സംഘവും കഴിഞ്ഞ 16ന് അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം സ്വദേശിക്ക് ആനക്കൊമ്പുകൾ കൈമാറാനുള്ള ശ്രമത്തിനിടെയായിരുന്നു അറസ്റ്റ്. ഇതേ ദിവസം കുമളി റേഞ്ച് ഓഫിസർ അനിൽ കുമാറും സംഘവും വണ്ടിപ്പെരിയാർ തങ്കമല മാട്ടുപ്പെട്ടി സ്വദേശിയെ നാല് മ്ലാവിെൻറ കൊമ്പുകളുമായും അറസ്റ്റ് ചെയ്തു.
വനം, വന്യജീവി സംരക്ഷണ പ്രവർത്തനങ്ങളിൽ ഇടക്കാലത്തുണ്ടായ അനാസ്ഥയാണ് വേട്ട സജീവമായതിനു പിന്നിൽ. ആനക്കൊമ്പുകൾ, മ്ലാവിെൻറ കൊമ്പുകൾ എന്നിവയെല്ലാം വനത്തിനുള്ളിൽനിന്ന് ശേഖരിച്ചതാണെന്ന വിവരം കടുവ സങ്കേതത്തിെൻറ നിലനിൽപിനുതന്നെ വെല്ലുവിളി ഉയർത്തുന്നു. ആനക്കൊമ്പുകൾ, മ്ലാവ്, പോത്ത് എന്നിവയുടെ ഇറച്ചികൾ, കൊമ്പ് എന്നിവയെല്ലാം വാങ്ങാനും വിദേശ രാജ്യങ്ങളിൽവരെ എത്തിക്കാനും സംഘങ്ങൾ പ്രവർത്തിക്കുന്നുവെന്നത് വലിയ ആശങ്കക്കാണ് വഴി തുറന്നിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.