വീട്ടമ്മയെ കബളിപ്പിച്ച് 65 പവൻ സ്വർണവും പണവും തട്ടിയെടുത്ത സംഘം പിടിയിൽ

കൊടുങ്ങല്ലൂർ: വീട്ടമ്മയെ കബളിപ്പിച്ച് 65 പവൻ സ്വർണവും നാലു ലക്ഷം രൂപയും തട്ടിയെടുത്ത സംഘം പിടിയിൽ. കയ്‌പമംഗലം തായ്‌നഗർ സ്വദേശി പുതിയവീട്ടിൽ അബ്ദുൾ സലാം (24), ചേറ്റുവ സ്വദേശി അമ്പലത്ത് വീട്ടിൽ അഷ്‌റഫ് (53), വാടാനപ്പള്ളി സ്വദേശി അമ്പലത്ത് വീട്ടിൽ റഫീക്ക് (31) എന്നിവരെയാണ് കൊടുങ്ങല്ലൂർ ഡിവൈ.എസ്.പി എൻ.എസ്. സലീഷിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്.

പിടിയിലായ സംഘം നടി ഷംന കാസിമിന്‍റെ കൈയിൽ നിന്നു പണം തട്ടാൻ ശ്രമിച്ച കേസിൽ ഉൾപ്പെട്ടവരാണ്. കയ്‌പമംഗലം കൂരിക്കുഴി സ്വദേശിയായ വീട്ടമ്മയെ കബളിപ്പിച്ചാണ് സ്വർണവും രൂപയും തട്ടിയെടുത്തത്. ഭർത്താക്കന്മാർ വിദേശത്തുള്ള വീട്ടമ്മമാരെ ലക്ഷ്യം വെച്ചാണ് സംഘം വല വീശുന്നത്. വിവിധ നമ്പറുകളിലേക്ക് മിസ് കോൾ അടിച്ച ശേഷം തിരിച്ചു വിളിക്കുന്ന വീട്ടമ്മമാരോട് ഡോക്ടർ, എൻജിനീയർ എന്ന് സ്വയം പരിചയപ്പെടുത്തി മാന്യമായി പെരുമാറി അടുപ്പം സ്ഥാപിക്കും. തുടർന്ന് പ്രതികളിലെ മുതിർന്നയാൾ ബാപ്പയെന്നും, മറ്റെയാൾ ബന്ധുവെന്നും പരിചയപ്പെടുത്തി വീട്ടമ്മയെ വിശ്വാസത്തിലെടുത്ത് തിരിച്ചു നൽകാമെന്ന വ്യാജേന പണവും സ്വർണവും കൈക്കലാക്കി മുങ്ങുന്നതാണ് ഇവരുടെ രീതി.

കിട്ടിയ സ്വർണം വിവിധ സ്ഥലങ്ങളിൽ പണയം വെച്ച് മൂന്ന് പേരും തുല്യമായി വീതിച്ചെടുക്കും. ഇതിനിടെ വീട്ടമ്മ പണവും സ്വർണവും തിരിച്ചു ചോദിച്ചാൽ മൊബൈൽ ഫോൺ ഓഫ് ചെയ്‌ത്‌ കടന്നുകളയും. ഇത്തരത്തിൽ നിരവധി പേരെ ഇവർ കബളിപ്പിച്ചിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. അറസ്റ്റിലായ മൂന്ന് പ്രതികൾക്കും കാട്ടൂർ, വലപ്പാട്, വാടാനപ്പള്ളി, എറണാകുളം, മലപ്പുറം ജില്ലകളിലെ വിവിധ സ്റ്റേഷനുകളിലും കേസുകൾ നിലവിലുണ്ട്. പ്രതികളെ കോടതി റിമാൻഡ് ചെയ്‌തു.

കയ്‌പമംഗലം എസ്.ഐ പി. സുജിത്ത്, എസ്.ഐമാരായ പി.സി. സുനിൽ, സന്തോഷ്, എ.എസ്.ഐമാരായ സി.ആർ. പ്രദീപ്, ഷൈൻ, റാഫി, ഷാജു, സീനിയർ സി.പി.ഒമാരായ അഭിലാഷ്, സൂരജ് വി. ദേവ്, ലിജു ഇയ്യാനി, പി.ജി. ഗോപകുമാർ, മിഥുൻ കൃഷ്‌ണ, രമേഷ്, അരുൺ നാഥ്‌, നിഷാന്ത്, ജിനീഷ്, രജീന്ദ്രൻ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.

Tags:    
News Summary - Police nab money laundering gang

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.