കോട്ടയം: പാലാ സെന്റ് തോമസ് കോളജ് വിദ്യാർഥിനി നിധിന മോളുടെ മരണകാരണം രക്തം വാർന്നതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. പെൺകുട്ടിയുടെ കഴുത്തിലേറ്റത് ആഴത്തിലും വീതിയിലുമുള്ള മുറിവാണ്. രക്തധമനികൾ മുറിഞ്ഞിട്ടുണ്ടെന്നും പ്രാഥമിക റിപ്പോർട്ടിൽ പറയുന്നു.
പ്രണയാഭ്യർഥന നിരസിച്ച വിദ്യാർഥിനിയെ കോളജ് കാമ്പസിൽവെച്ച് ഇന്നലെയാണ് സഹപാഠി കഴുത്തറുത്ത് കൊന്നത്. തലയോലപ്പറമ്പ് കളപ്പുരക്കല്‍ കെ.എസ്. ബിന്ദുവിന്റെ മകള്‍ നിധിന മോളാണ് (22) കൊല്ലപ്പെട്ടത്. സംഭവത്തില്‍ കൂത്താട്ടുകുളം പുത്തനയില്‍ പുത്തന്‍പുരയില്‍ അഭിഷേക് ബൈജുവിനെ (20) പൊലീസ് കസ്റ്റഡിയിലെടുത്തു.
കോളജിലെ ബാച്ചിലര്‍ ഓഫ് വൊക്കേഷനല്‍ സ്റ്റഡീസ് ഫുഡ് പ്രോസസിങ് ടെക്നോളജി (ബി.വോക്) കോഴ്സിലെ ആറാം സെമസ്റ്റര്‍ വിദ്യാർഥികളാണ് നിധിന മോളും അഭിഷേകും. ഇരുവരും രണ്ട് വര്‍ഷമായി പ്രണയത്തിലായിരുന്നെന്ന് പൊലീസ് പറയുന്നു. അഭിഷേകിന്റെ വീട്ടുകാര്‍ ബന്ധത്തെ എതിര്‍ത്തിരുന്നു. എതിര്‍പ്പ് വർധിച്ചതോടെ നിധിന അകല്‍ച്ച കാണിക്കുന്നതായി അഭിഷേകിന് തോന്നി. ഇതുസംബന്ധിച്ച വാക്കേറ്റമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് സംശയിക്കുന്നു.
കോഴ്സിന്റെ ആറാം സെമസ്റ്റര്‍ പരീക്ഷ രാവിലെ 9.30ന് ആരംഭിച്ചിരുന്നു. പരീക്ഷ നേരേത്ത എഴുതിത്തീര്‍ത്ത അഭിഷേക് നിധിന വരുന്നത് കാത്ത് കോളജ് സ്റ്റേഡിയത്തിന് സമീപം നിന്നു. 12 മണിയോടെ നിധിന എത്തിയ ശേഷം ഫോണ്‍ നിധിനക്ക് കൈമാറി. അമ്മ ബിന്ദുവിനെ നിധിന വിളിച്ചതായും പറയുന്നു. ഇതിനുശേഷം പ്രണയാഭ്യർഥന നടത്തിയെങ്കിലും നിധിന പ്രതികരിക്കാതിരുന്നതോടെ അഭിഷേക് ബാഗില്‍ സൂക്ഷിച്ചിരുന്ന പേപ്പര്‍ കട്ടര്‍ ബ്ലേഡ് കൊണ്ട് നിധിനയുടെ കഴുത്തറുക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.