പോത്തൻകോട്: സംഘം ചേർന്ന് മദ്യപിക്കുന്നതിനിടെ തർക്കത്തെ തുടർന്ന് ഗുണ്ടാസംഘാംഗങ്ങൾ ഏറ്റുമുട്ടി. കുപ്രസിദ്ധ ഗുണ്ട മെന്‍റൽ ദീപു എന്ന ദീപുവിന് ഗുരുതര പരിക്കേറ്റു. കല്ലും കുപ്പിയും കൊണ്ടുള്ള അടിയിൽ തലയ്ക്ക് ഗുരുതര പരിക്കേറ്റ ഇയാളെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ ദീപുവിന്‍റെ കൂട്ടാളികളായ മൂന്ന് പേരെ പോത്തൻകോട് പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇന്നലെ രാത്രി പതിനൊന്നരയോടെ കഴക്കൂട്ടം ചന്തവിളയിലായിരുന്നു സംഭവം. വസ്തുവിൽപ്പനയുമായി ബന്ധപ്പെട്ട തർക്കമാണ് അക്രമത്തിൽ കലാശിച്ചതെന്ന് പൊലീസ് പറയുന്നു. മണ്ണുമാഫിയ സംഘത്തിലെ ചിലർ ദിവസങ്ങളായി സമീപപ്രദേശങ്ങളിൽ ചെറിയ അക്രമങ്ങൾ നടത്തിയിരുന്നു. ഇതിന്‍റെ തുടർച്ചയാണോ അക്രമമെന്നും സംശയമുണ്ട്. കസ്റ്റഡിയിലുള്ളവർ മണ്ണ് മാഫിയ സംഘത്തിലുള്ളവരാണ്.
കടത്തിണ്ണയിലിരുന്ന് മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിലാണ് ദീപുവിന് തലയ്ക്കടിയേറ്റത്. നിരവധി കേസുകളിൽ പ്രതിയായ അയിരൂപ്പാറ സ്വദേശി കുട്ടനാണ് കല്ലും കുപ്പിയും കൊണ്ട് ദീപുവിന്‍റെ തലയ്ക്കടിച്ചതെന്നാണ് പ്രാഥമിക വിവരം. അഞ്ചംഗ സംഘമാണ് സംഭവത്തിൽ ഉൾപ്പെട്ടതെന്ന് പോത്തൻകോട് പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.
ഒരു ഗുണ്ടാ നേതാവിന്‍റെ വീട്ടിൽ നടന്ന പാർട്ടിയിൽ പങ്കെടുത്ത് വരുന്ന വഴിക്കാണ് സംഭവം. ചന്തവിളയിലെ സംഭവത്തിന് തൊട്ട് മുമ്പ് ഇതേ സംഘം ചെങ്കോട്ടുകോണം തുണ്ടത്തിൽ വച്ച് മറ്റൊരു സംഘവുമായും സംഘർഷത്തിലേർപ്പെട്ടിരുന്നു. ഇതിൽ ഒരാൾക്ക് പരിക്കേറ്റിരുന്നു. സംഭവത്തിൽ നേരിട്ട് പങ്കെടുത്ത അയിരൂപ്പാറ സ്വദേശികളായ കുട്ടൻ, സ്റ്റീഫൻ എന്നിവർ ഒളിവിൽ പോയി.
നിരവധി കേസുകളിൽ പ്രതിയാണ് പരിക്കേറ്റ മെന്‍റൽ ദീപു. കസ്റ്റഡിയിലെടുത്തവരെല്ലാം നിരവധി കേസുകളിൽ പ്രതികളാണ്. മറ്റ് പ്രതികൾക്കായി അന്വഷണം നടക്കുന്നതായും പ്രതികൾ ഉടൻ പിടിയിലാകുമെന്നും പോത്തൻകോട് പൊലീസ് പറഞ്ഞു. റൂറൽ എസ്.പി ദിവ്യാ ഗോപിനാഥ് രാത്രി തന്നെ സംഭവ സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.
കൊലക്കേസ് ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണ് ദീപു. കഴക്കൂട്ടത്ത് പച്ചക്കറി കടയിൽ കയറി ജീവനക്കാരനെ വെട്ടിക്കൊന്ന കേസിലും 2020 സെപ്റ്റംബറിൽ ശ്രീകാര്യം ചേന്തിയിൽ സംഘാംഗമായ ശരത് ലാലിനെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിലും പ്രതിയാണ്. നെടുമങ്ങാട് ഡിവൈ.എസ്.പി സുൽഫീക്കറിന്‍റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.