കൊടുങ്ങല്ലൂർ: കോടികളുടെ നിക്ഷേപ തട്ടിപ്പ് കേസിൽ പ്രതിയാണെങ്കിലും പ്രവീൺ റാണ ഇപ്പോഴും കൂൾ. തന്റെ ആശയങ്ങളെയും തന്നെയും തകർക്കാനുള്ള രാഷ്ടീയ നാടകമാണിതെന്ന് കുറ്റപ്പെടുത്തലും. കൊടുങ്ങല്ലൂരിലെ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് കൊടുങ്ങല്ലൂരിൽ എത്തിച്ചപ്പോഴാണ് ഇയാൾ കൂളായി കാണപ്പെട്ടത്.
കോടതിയിൽ കയറുമ്പോഴും തിരിച്ച് വരുമ്പോഴും സദാ ചിരിക്കുന്ന മുഖഭാവത്തോടെ ഉല്ലാസവാനായിരുന്നു പ്രതി. തൃശൂർ വെളുത്തൂർ കൈപ്പിള്ളി വീട്ടിൽ കെ.പി. പ്രവീൺ (37) എന്ന പ്രവീൺ റാണ ചെയർമാനും എം.ഡിയുമായ സേഫ് ആൻഡ് സ്ട്രോങ്ങ് ബിസിനസ് കൺസൽട്ടിങ് ലിമിറ്റഡിൽ പണം നിക്ഷേപിച്ച കൊടുങ്ങല്ലൂരിലെ വീട്ടമ്മ നൽകിയ പരാതിയിൽ രജിസ്റ്റർ ചെയ്ത കേസിലാണ് റാണയെ കോടതിയിൽ ഹാജരാക്കിയത്.
കൊടുങ്ങല്ലൂർ ചീഫ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി പ്രതിയെ ബുധനാഴ്ച വൈകീട്ട് അഞ്ച് വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. കൊടുങ്ങല്ലൂർ ജെ.ടി.എസ് റോഡിൽ ഉണ്ണിപ്പറമ്പത്ത് നടുവിൽ രാധാകൃഷ്ണന്റെ ഭാര്യ ഗീതാ കൃഷ്ണന്റെ പരാതിയിലാണ് നടപടി. ഈ ദമ്പതികളുടെ പേരിൽ 28,50,000 രൂപയാണ് റാണയുടെ സ്ഥാപനത്തിൽ നിക്ഷേപിച്ചിരുന്നത്. 48 ശതമാനം പലിശയാണ് ഇവർക്ക് വാഗ്ദാനം ചെയ്തിരുന്നത്.
എട്ട് ലക്ഷം രൂപ പലിശയിനത്തിൽ പലപ്പോഴായി ലഭിച്ചു. ബാക്കി 20, 50,000 രൂപ നൽകാതെ വഞ്ചിച്ചുവെന്നാണ് പരാതി. ഇതിൽ കേസെടുത്ത് അന്വേഷണം നടത്തിയ കൊടുങ്ങല്ലൂർ പൊലീസ് ഫെബ്രുവരി 11ന് ജില്ല ജയിലിൽ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. മറ്റു കേസുകളുമായി ബന്ധപ്പെട്ട് റിമാൻഡ് കസ്റ്റഡിയിൽ കഴിയവേയാണ് അറസ്റ്റ് നടപടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.