പ്രയാഗ് രാജ്: മൂന്ന് കുട്ടികളുൾപ്പെടെ കുടുംബത്തിലെ അഞ്ച് പേരെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൊലപാതകത്തിന് ഉപയോഗിച്ച കോടാലി കണ്ടെടുത്തതായി പൊലീസ്. വീടിന് പുറത്തു നടത്തിയ പരിശോധനയിലാണ് ആയുധം കണ്ടെടുത്തത്.
ഖാഗൽപൂർ സ്വദേശികളായ കുടുംബത്തെയാണ് കഴിഞ്ഞ ദിവസം സ്വവസതിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കൊല്ലപ്പെട്ട പ്രീതിയുടേയും മൂന്ന് മക്കളുടേയും ശരീരത്തിൽ മൂർച്ചയേറിയ ആയുധം കൊണ്ട് പരിക്കേറ്റതിന്‍റെ പാടുകൾ പൊലീസ് കണ്ടെത്തയിരുന്നു.
പ്രീതിയുടെ ഭർത്താവ് രാഹുൽ തൂങ്ങിമരിച്ച നിലയിലായിരുന്നു. കുടുംബത്തെ കൊലപ്പെടുത്തിയ ശേഷം രാഹുൽ ആത്മഹത്യ ചെയ്തതാകാമെന്നായിരുന്നു പൊലീസിന്‍റെ പ്രാഥമിക മിഗമനം. എന്നാൽ, രാഹുലിന്‍റെ ശരീരത്തിൽ നിന്നും മുറിവുകൾ കണ്ടെത്തിയതോടെ കൊലപാതകവും പൊലീസ് അന്വേഷിച്ച് വരികയാണ്.
സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. രാഹുലിന്‍റെ മൃതദേഹത്തിനരികിൽനിന്നും ആത്മഹത്യകുറിപ്പും പൊലീസ് കണ്ടെടുത്തിരുന്നു. സ്വത്ത് തർക്കത്തിന്‍റെ പേരിൽ ബന്ധുക്കൾ തങ്ങളെ നിരന്തരം മാനസികമായി പീഡിപ്പിക്കാറുണ്ടെന്ന് കുറിപ്പിൽ പറയുന്നു.
സംഭവത്തിൽ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അനുശോചനമറിയിച്ചു. മരണപ്പെട്ടവർക്ക് നീതി ഉറപ്പാക്കുമെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഉത്തർപ്രദേശിലെ പ്രയാഗ് രാജിൽ ശനിയാഴ്ചയായിരുന്നു സംഭവം. ഖാഗൽപൂർ സ്വദേശികളായ രാഹുൽ (42), ഭാര്യ പ്രീതി (38), മക്കളായ മാഹി (15), പിഹു(13), കുഹു(11) എന്നിവരെയാണ് വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.