ന്യൂഡൽഹി: കിർഗിസ്താൻ സ്വദേശിയായ ഗർഭിണിയെയും ഒരുവയസ് പ്രായമായ മകനെയും ഡൽഹിയിലെ സുഹൃത്തിന്‍റെ വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ഡൽഹിയിലെ കൽക്കാജി പ്രദേശത്ത് ചൊവ്വാഴ്ചയാണ് സംഭവം. മിസ്കാൽ സുമാബേവയും (28) മകൻ മാനസുമാണ് മരിച്ചത്. ഇരുവരുടെയും നെഞ്ചിലും മറ്റ് ശരീരഭാഗങ്ങളിലും കുത്തേറ്റ പാടുകളുണ്ട്. യുവതി അഞ്ച് മാസം ഗർഭിണിയായിരുന്നു.
ഭർത്താവ് വിനയ് ചൗഹാനൊപ്പം ഗ്രേറ്റർ കൈലാശിലായിരുന്നു മിസ്കാലിന്റെ താമസം. ഗസ്റ്റ് ഹൗസുകൾ നടത്തി വരികയായിരുന്നു വിനയ് ചൗഹാൻ. രണ്ടുവർഷം മുമ്പായിരുന്നു ഇരുവരുടെയും വിവാഹം. 13 മാസമാണ് മകന്‍റെ പ്രായം.
'കൽക്കാജിയിൽ യുവതിയെയും കുഞ്ഞിനെയും കൊലപ്പെടുത്തിയതായി ഞങ്ങൾക്ക് സന്ദേശം വന്നു. സംഭവ സ്ഥലത്തെത്തിയപ്പോൾ കുത്തേറ്റ പാടുകളുമായി കിർഗിസ്താൻ യുവതിയും മകനും കിടക്കയിൽ മരിച്ചുകിടക്കുന്നതാണ് കണ്ടത്' -ഡി.സി.പി ആർ.പി മീണ പറഞ്ഞു. ക്രൈം ആൻഡ് ഫോറൻസിക് വിഭാഗം സ്ഥലം സന്ദർശിച്ചു.
തിങ്കളാഴ്ച രാത്രി ആശുപത്രിയിൽ പോകുന്നത് സംബന്ധിച്ച് മിസ്കാലും ഭർത്താവും തമ്മിൽ വഴക്ക് നടന്നതായി പൊലീസ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. വഴക്കിട്ട വിനയ് വീട് വിട്ട് ഗ്രേറ്റർ കൈലാശിലുള്ള സുഹൃത്ത് വാഹിദിനെ കാണാനായി പോയി.
അതേദിവസം സുഹൃത്തായ മത്ലുബ മഡുസ്മനോവയും അവരുടെ കൂട്ടുകാരൻ അവനിഷും മിസ്കാലിനെ ആശുപത്രിയിൽ എത്തിച്ചു. ഉസ്ബെക്കിസ്താൻ സ്വദേശിയാണ് മത്ലുബ. ആശുപത്രിയിൽ നിന്ന് മത്ലുബ മിസ്കലിനെയും കുഞ്ഞിനെയും കൽക്കഞ്ചിലെ തന്‍റെ വീട്ടിലേക്കാണ് കൊണ്ടുപോയത്.
ഇരുവരുടെയും ചില സുഹൃത്തുക്കളും അന്ന് ഫ്ലാറ്റ് സന്ദർശിച്ച് മടങ്ങിയതായി പൊലീസ് പറഞ്ഞു. ആശുപത്രി സന്ദർശനത്തെ കുറിച്ചും തങ്ങളുടെ താമസത്തെ കുറിച്ചും യുവതി ഭർത്താവിനെ വിളിച്ച് അറിയിച്ചിരുന്നു.
വീടിന്‍റെ ഉൾഭാഗത്ത് സി.സി.ടി.വി ക്യാമറകൾ ഇല്ലെന്നും മറ്റ് ക്യാമറകളിൽ പുറത്ത് നിന്ന് ആരും തന്നെ അകത്തേക്ക് കടന്നതായി കാണുന്നില്ലെന്നും പൊലീസ് പറഞ്ഞു. കേസ് രജിസ്റ്റർ ചെയ്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.