കൊല്ലം: പ്രമുഖ സ്വകാര്യ ബാങ്കിലെ അക്കൗണ്ടിൽ തിരിമറി നടത്തി കോടികൾ തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പൊലീസ് പിടിയിലായി. പാരിപ്പള്ളി മുക്കട ചേരിയിൽ ഫിറോസ് ഹൗസിൽ ഹഫീസ് (36) ആണ് ഗൾഫിൽനിന്ന് തിരികെ നാട്ടിലെത്തിയപ്പോൾ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ശക്തികുളങ്ങര പൊലീസിന്റെ പിടിയിലായത്.
ശക്തികുളങ്ങരയിലെ പ്രമുഖ സ്വകാര്യ ബാങ്കിൽനിന്ന് 2016 മുതൽ 2021 വരെയുള്ള കാലയളവിൽ സ്ഥിരനിക്ഷേപം നടത്തിയിരുന്ന 11 അക്കൗണ്ടുകളിൽനിന്നാണ് തിരിമറി നടത്തി പണം അപഹരിച്ചത്. ഈ കാലയളവിൽ ശക്തികുളങ്ങര ശാഖയിലെ മാനേജർ ഉൾപ്പെടെ അഞ്ചുപേർ ചേർന്നാണ് തട്ടിപ്പ് നടത്തിയത്.
കേസിലെ അഞ്ചാം പ്രതിയായ തിരുവനന്തപുരം വെമ്പായം കൊഞ്ചിറ പോങ്കുന്നിൽ സജീബ് മൻസിലിൽ സാജിദിനെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.
പുതുതായി ബാങ്കിൽ നിയമിതനായ മാനേജർ ശക്തികുളങ്ങര സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പിന്റെ വ്യാപ്തി തിരിച്ചറിഞ്ഞത്.
സ്ഥിരനിക്ഷേപമുണ്ടായിരുന്ന 11 അക്കൗണ്ടുകളിൽനിന്ന് രണ്ടു കോടിയോളം രൂപ ഉടമകൾ അറിയാതെ ഓവർ ഡ്രാഫ്റ്റായി പ്രതികൾ വ്യാജമായി നിർമിച്ച ഐ.ടി കമ്പനിയുടെ പേരിലുള്ള ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റുകയായിരുന്നു. പിന്നീട് ഈ പണം അഞ്ചുപേരും ചേർന്ന് വീതിച്ചെടുത്തു. ഇതുവഴി 2,12,39,329 രൂപയുടെ ബാധ്യതയാണ് ഇവർ ബാങ്കിന് വരുത്തിയത്.
ഇവർ പണമിടപാട് നടത്തിയ ഐ.ടി കമ്പനി വ്യാജമാണെന്നും തട്ടിപ്പിൽ ബാങ്ക് മാനേജർക്ക് സഹായം നൽകിയ നാലുപേർകൂടി ഉണ്ടെന്നും അന്വേഷണത്തിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് പ്രതികൾക്കായി തിരച്ചിൽ ആരംഭിച്ചെങ്കിലും അഞ്ചാം പ്രതിയെ മാത്രമേ പിടികൂടാൻ സാധിച്ചിരുന്നുള്ളൂ.
തട്ടിപ്പ് നടത്തിയ ബാങ്ക് മാനേജർ ഉൾപ്പെടെ ബാക്കിയുള്ളവർ വിദേശരാജ്യത്തേക്ക് കടന്നിരുന്നു.
തുടർന്ന് ഇവർക്കെതിരെ ലുക്ക് ഔട്ട് സർക്കുലർ പുറപ്പെടുവിച്ചതിന്റെ അടിസ്ഥാനത്തിലാണ് രണ്ടാം പ്രതിയായ ഹഫീസിനെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽനിന്ന് പിടികൂടാനായത്. കഴിഞ്ഞ ദിവസം നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ പ്രതിയെ എമിഗ്രേഷൻ വിഭാഗം തടഞ്ഞുവെക്കുകയും ശക്തികുളങ്ങര പൊലീസ് എത്തി കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.
തുടർന്ന് ഇയാളെ ശക്തികുളങ്ങരയിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി.
കേസിലെ ബാക്കി പ്രതികളെ ഉടൻ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന് സിറ്റി പൊലീസ് മേധാവി മെറിൻ ജോസഫ് അറിയിച്ചു.
കൊല്ലം എ.സി.പി എ. അഭിലാഷിന്റെ മേൽനോട്ടത്തിൽ നിലവിൽ ശക്തികുളങ്ങര ഇൻസ്പെക്ടറുടെ ചാർജ് വഹിക്കുന്ന അഞ്ചാലൂംമൂട് ഇൻസ്പെക്ടർ ധർമജിത്തിന്റെ നേതൃത്വത്തിൽ എ.എസ്.ഐമാരായ രാജേഷ്, അനിൽകുമാർ, ബാബുക്കുട്ടൻ, സി.പി.ഒമാരായ ഹാരോൺ, ശ്രീകാന്ത് എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.