സ്വത്തുതർക്കത്തെ തുടർന്ന് സഹോദരനെ വെടിവെച്ചുകൊന്ന ജോർജ് കുര്യനെ പൊലീസ് വൈദ്യ പരിശോധനക്കായി കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ എത്തിച്ചപ്പോൾ

സ്വത്തുതർക്കം: സഹോദരനെ വെടിവെച്ച് കൊന്നു; തലക്ക് വെടിയേറ്റ മാതൃസഹോദരന് ഗുരുതര പരിക്ക്

കാഞ്ഞിരപ്പള്ളി: സ്വത്തുതർക്കത്തെ തുടർന്ന്​ സഹോദരന്‍റെ വെടിയേറ്റ്​ യുവാവ്​ മരിച്ചു. തലക്ക് വെടികൊണ്ട മാതൃസഹോദരന് ഗുരുതര പരിക്കേറ്റു. കാഞ്ഞിരപ്പള്ളി മണ്ണാറക്കയം കരിമ്പനാൽ രഞ്ജു കുര്യനാണ്​ (49 ) കൊല്ലപ്പെട്ടത്​. വെടിയുതിർത്ത സഹോദരൻ ജോർജ് കുര്യനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. പരിക്കേറ്റ മാതൃസഹോദരൻ കൂട്ടിക്കൽ പൊട്ടംകുളം മാത്യു സ്കറിയയെ കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.

തിങ്കളാഴ്ച വൈകീട്ട് നാലുമണിയോടെ കാഞ്ഞിരപ്പള്ളി മണ്ണാറക്കയത്തായിരുന്നു സംഭവം. സ്ഥലം വിൽപനയുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് അറിയുന്നു. കൊച്ചിയിൽ ഫ്ലാറ്റ് നിർമ്മാതാവായ ജോർജ് കുര്യൻ കുടുംബ ഉടമസ്ഥതയിലുള്ള സ്ഥലം കഴിഞ്ഞ ദിവസം വിറ്റിരുന്നു. ഊട്ടിയിൽ വ്യവസായിയായ രഞ്ജു ഇതിനെപ്പറ്റി ചോദിക്കുന്നതിനായി തിങ്കളാഴ്ച കാഞ്ഞിരപ്പള്ളിയിലെ വീട്ടിൽ എത്തുകയായിരുന്നു. തറവാട്ടുവീട്ടിൽ ഇത് സംബന്ധിച്ച ചർച്ചകൾ നടക്കുന്നതിനിടെ ഇരുവരും തമ്മിൽ വാക്കേറ്റം ഉണ്ടായി.

തുടർന്ന്​ വീട്ടിലുണ്ടായിരുന്ന പിസ്റ്റൽ എടുത്ത്​ ജോർജ്​ കുര്യൻ സഹോദരനെയും അമ്മാവനെയും വെടിവെക്കുകയായിരുന്നു. തലക്ക് വെടിയേറ്റ രഞ്ചു തൽക്ഷണം മരിച്ചു. തടയാൻ ശ്രമിക്കുന്നതിനിടെയാണ് മാത്യുവിന്റെ തലക്ക് വെടിയേറ്റത്. രഞ്ജുവിന്റെ മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ. വെടിയേറ്റ് അബോധാവസ്ഥയിലായ മാത്യുവിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു.

വിവരമറിഞ്ഞെത്തിയ കാഞ്ഞിരപ്പള്ളി പൊലീസ് ജോർജിനെ കസ്റ്റഡിയിലെടുത്തു. ഇയാൾ തന്റെ പേരിൽ ലൈസൻസുള്ള തോക്കാണ് കൊലപാതകത്തിന് ഉപയോഗിച്ചതെന്ന് പൊലീസ് പറഞ്ഞു. ജോർജിനെ വിശദമായി ചോദ്യം ചെയ്തു വരികയാണെന്ന് കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി പറഞ്ഞു.

Tags:    
News Summary - Property dispute: Brother shot dead

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.