കുവൈത്ത് സിറ്റി: കൃത്യനിർവഹണത്തിനിടെ ഡോക്ടർമാരെ ആക്രമിച്ച കേസിൽ കോടതി ശിക്ഷ വിധിച്ചു. കുവൈത്ത് ക്രിമിനൽ കോടതിയാണ് ശിക്ഷവിധിച്ചത്. മെഡിക്കൽ അസോസിയേഷന്റെ നിയമ പ്രതിനിധി അഭിഭാഷകയായ ഇലാഫ് അൽ-സലേഹ് ഫയൽ ചെയ്ത കേസുകളിലാണ് വിധിവന്നത്. അൾട്രാസൗണ്ട് പരിശോധനക്കിടെ പ്രവാസി ഡോക്ടറെ ആക്രമിക്കുകയും അൾട്രാസൗണ്ട് മുറിയിൽ തടഞ്ഞുവെക്കുകയും ചെയ്ത കേസിൽ ഒരു സ്ത്രീക്കെതിരെ 5,000 ദീനാർ പിഴ ചുമത്തിയാണ് ആദ്യ കേസ് വിധി വന്നത്.
രണ്ടാമത്തെ കേസിൽ, സ്വദേശി യുവാവിനാൽ ആക്രമിക്കപ്പെട്ട ഒരു ഈജിപ്ഷ്യൻ ഡോക്ടറുടെ കേസിൽ ക്രിമിനൽ കോടതി പൗരനെതിരെ 2,000 ദീനാർ പിഴ ചുമത്തി. മറ്റൊരു കേസിൽ പ്രവാസി ഡോക്ടറെ ജോലിക്കിടെ പരസ്യമായി മർദിച്ച സ്വദേശി പൗരന് രണ്ടുവർഷത്തെ തടവോ അല്ലെങ്കിൽ 500 ദീനാർ പിഴയോ ശിക്ഷിച്ചു. മൂന്നുവർഷത്തേക്ക് നല്ലനടപ്പിന് പ്രതിജ്ഞയെടുക്കുകയും ചെയ്യണം. ഫർവാനിയ ഹോസ്പിറ്റലിൽ കുവൈത്ത് ഡോക്ടറെ അപമാനിച്ചതിന് 500 ദീനാർ പിഴയാണ് മറ്റൊരു സ്ത്രീക്ക് ശിക്ഷ വിധിച്ചത്.
ആശുപത്രികളിലെ മെഡിക്കൽ സ്റ്റാഫിനെയും ഡോക്ടർമാരെയും ആക്രമിക്കുന്നവർക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കാൻ കുവൈത്ത് മെഡിക്കൽ അസോസിയേഷന്റെ നിയമ പ്രതിനിധിയായി താൻ ഇനിയും പ്രവർത്തിക്കുമെന്ന് അഭിഭാഷകൻ ഇലാഫ് അൽ-സലേഹ് പറഞ്ഞു.
ആശുപത്രികളിലെ മെഡിക്കൽ ഉദ്യോഗസ്ഥരുടെ സുരക്ഷ കർശനമാക്കാൻ പൊലീസ് ഓഫിസർമാരുടെയോ സെക്യൂരിറ്റി ഗാർഡ് കമ്പനികളിലെ അംഗങ്ങളുടെയോ സാന്നിധ്യം ഹോസ്പിറ്റലുകളിൽ ശക്തമാക്കണമെന്നും അഭിഭാഷകൻ ആരോഗ്യ മന്ത്രാലയത്തോടും ആഭ്യന്തര മന്ത്രാലയത്തോടും ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.