തിരൂര്‍: ക്യൂനെറ്റിെൻറ പേരില്‍ തട്ടിപ്പിന് വലവിരിക്കുന്നത് കൃത്യമായ ആസൂത്രണത്തോടെ. കുശലാന്വേഷണങ്ങള്‍ അറിയാനെന്ന മട്ടിൽ വരുന്ന ഫോൺവിളിയോ വാട്സ്ആപ് സേന്ദശമോ അയച്ചായിരിക്കും തട്ടിപ്പിന് തുടക്കം കുറിക്കുക. സംസാരത്തിനിടെ എന്താണ് ഇപ്പോൾ പരിപാടിയെന്ന് ചോദിച്ചാല്‍ താന്‍ ഒരു ബിസിനസ് തുടങ്ങിയിട്ടുണ്ടെന്നും അല്ലെങ്കില്‍ ഫ്രാഞ്ചൈസി എടുത്തിട്ടുണ്ടെന്നുമാവും മറുപടി.
ക്യൂ ഐ ഗ്രൂപ്പിെൻറ ഉടമസ്ഥതയിലുള്ള മണിചെയിന്‍ കമ്പനിയായ ക്യൂനെറ്റ്, ഇന്‍ഫിനിറ്റി എന്ന യഥാര്‍ഥ പേര് മറച്ച് വെച്ച് ആമസോണ്‍, ഫ്ലിപ്പ്കാര്‍ട്ട് പോലെ ഇ-കൊമേഴ്സ് ബിസിനസാണിതെന്ന് പറയും. 400ഓളം ഉൽപന്നങ്ങളും സർവിസുകളും ബിസിനസിന് കീഴിലുണ്ടെന്നും സാധനങ്ങള്‍ വില്‍ക്കുന്നതിന് അനുസരിച്ച് കമീഷന് കിട്ടുമെന്നും വ്യക്തമാക്കും. കമ്പനിയില്‍ തെൻറ കീഴില്‍ ഇപ്പോള്‍ ഒരവസരമുണ്ടെന്നും എപ്പോഴെങ്കിലും കിട്ടുന്ന സുവര്‍ണാവസരമാണിതെന്നും പറയുന്നു.
സമീപിക്കുന്നയാളുടെ ആധാര്‍ കാര്‍ഡ് എത്രയും പെട്ടെന്ന് അയച്ചുതന്നാല്‍ അടുത്ത ദിവസത്തെ ഇൻറര്‍വ്യൂവിന് അവസരമൊരുക്കി തരാം എന്നും അതില്‍ എന്ത് സംശയം ഉണ്ടെങ്കിലും ചോദിക്കാമെന്നും പറയും.
സൂം ആപ്പിലൂടെയുള്ള അഭിമുഖത്തിൽ അപരിചിതന് വന്ന് ബിസിനസിലൂടെ ലക്ഷങ്ങള്‍ ഉണ്ടാക്കിയ കഥയും രക്ഷപ്പെടണമെങ്കില്‍ രണ്ട് വര്‍ഷം തങ്ങളോടൊപ്പം പണം മുടക്കി നില്‍ക്കൂവെന്നും വാഗ്ദാനം ചെയ്യുന്നു. ഇല്ലെങ്കില്‍ പണം തിരിച്ചുതരാമെന്ന വാഗ്ദാനം കേള്‍ക്കുന്നതോടെ പലരും തട്ടിപ്പില്‍ കുടുങ്ങുന്നു.
ബിസിനസിനെ കുറിച്ച് പല കാര്യങ്ങള്‍ പറയുമ്പോഴും ആളെ ചേര്‍ക്കുന്ന കാര്യം വ്യക്തമാക്കില്ല. പണം മുടക്കിയതിന് ശേഷം വരുമാനം ലഭിക്കാതെയാവുേമ്പാഴാണ് ആളെ ചേര്‍ത്താല്‍ മാത്രമേ ബിസിനസില്‍ വിജയം കണ്ടെത്താനാവൂവെന്ന് തുറന്നുപറയുക. ക്യൂനെറ്റിലും ഇന്‍ഫിനിറ്റി എന്ന പേരിലും ഒരുപാട് ആളുകളാണ് സമാന രീതിയില്‍ തട്ടിപ്പിനിരയായിരിക്കുന്നത്.
അതേസമയം, പൊലീസിൽ പരാതി നൽകിയതിെൻറ പേരില്‍ തങ്ങള്‍ക്ക് വധഭീഷണി വരെയുള്ളതായി തട്ടിപ്പിനിരയായവര്‍ മാധ്യമങ്ങളോട് പറഞ്ഞു.തട്ടിപ്പ് വാര്‍ത്തകള്‍ ചര്‍ച്ചയാവുമ്പോഴും ക്യൂനെറ്റിെൻറ പേരില്‍ പുതിയ വലവിരിച്ചുകൊണ്ടിരിക്കുകയാണ് ലക്ഷങ്ങള്‍ തട്ടിപ്പ് നടത്തിയവര്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.