തലശ്ശേരി: റെയിൽവേയിലെ വിവിധ തസ്തികകളിൽ ജോലി വാഗ്ദാനം ചെയ്ത് ഉദ്യോഗാർഥികളിൽനിന്ന് വൻ തുക തട്ടിയെടുത്തെന്ന പരാതികളിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി. സംഭവവുമായി ബന്ധപ്പെട്ട് ചൊക്ലി നിടുമ്പ്രം സ്വദേശി ശശിയെ തലശ്ശേരി പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റുചെയ്തു. സ്ത്രീ ഉൾപ്പെടെയുള്ള തട്ടിപ്പുസംഘത്തിലെ മറ്റുള്ളവർ പൊലീസ് അന്വേഷണത്തിനിടെ നാട്ടിൽനിന്നും മുങ്ങിയതായാണ് വിവരം.
ഇരിട്ടി, ചാല, കോയ്യോട്, പിണറായി, മമ്പറം, കാസർകോട് പീലിക്കോട്, കോഴിക്കോട് തുടങ്ങിയ സ്ഥലങ്ങളിൽനിന്നായി 30ഓളം പേർ തട്ടിപ്പിനിരയായിട്ടുണ്ട്. കുറുക്കുവഴിയിലൂടെ റെയിൽവേയിൽ കയറിപ്പറ്റാൻ ശ്രമിച്ച ഇവരിൽനിന്ന് ഓരോ ജോലിക്കും വ്യത്യസ്ത നിരക്കിൽ 10 ലക്ഷം മുതൽ മുകളിലോട്ടാണ് വാങ്ങിയത്.
35 ലക്ഷം രൂപ നഷ്ടപ്പെട്ടതായി കാലിക്കടവിലെ ഉദ്യോഗാർഥി പയ്യന്നൂർ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. കോഴിക്കോട് ജില്ലയിൽ നാലുപേർ തട്ടിപ്പിനിരയായിട്ടുണ്ട്.
തട്ടിപ്പ് സംബന്ധിച്ച് കണ്ണൂർ ജില്ലയിൽ തലശ്ശേരി, പയ്യന്നൂർ, പിണറായി പൊലീസ് സ്റ്റേഷനുകളിൽ കേസുണ്ട്. റെയിൽവേയുടെ വ്യാജരേഖ ചമച്ച് കമേഴ്സ്യൽ ക്ലർക്ക് ജോലി ശരിയാക്കിത്തരാമെന്നു പറഞ്ഞ് രണ്ടുപേരിൽ നിന്ന് 36.5 ലക്ഷം രൂപ വാങ്ങി വഞ്ചിച്ചെന്നാണ് തലശ്ശേരി പൊലീസിൽ ലഭിച്ച പരാതി.
ചൊക്ലി സ്വദേശി ശശി, പുനലൂർ സ്വദേശി ശരത്ത്, തിരുവനന്തപുരം സ്വദേശി ഗീതാറാണി എന്നിവർക്കെതിരെയാണ് വിവിധ വകുപ്പുകളിൽ തലശ്ശേരി പൊലീസ് കേസെടുത്തത്. 2023 നവംബർ 17ന് തലശ്ശേരി റെയിൽവേ സ്റ്റേഷനിൽനിന്നും ചെന്നൈയിൽനിന്നും പണം നൽകിയതായാണ് പരാതി.
റെയിൽവേയിൽ ജോലി വാഗ്ദാനം ചെയ്ത് 35,20,000 രൂപ വാങ്ങി വഞ്ചിച്ചതിന് പയ്യന്നൂർ പൊലീസ് മൂന്ന് പേർക്കെതിരെ കേസെടുത്തു. ചൊക്ലിയിലെ ശശി, മക്രേരിയിലെ ലാൽചന്ദ്, കണ്ണൂർ സിറ്റിയിലെ അജിത്ത് എന്നിവർക്കെതിരെയാണ് കേസ്. 2023 സെപ്റ്റംബർ ഒന്നു മുതൽ 2024 ഫെബ്രുവരി ആറ് വരെ കാലയളവിൽ പണം വാങ്ങി വഞ്ചിച്ചതായാണ് പരാതി.
ഓരോ ജോലിക്കും നിശ്ചിത തുകയാണ് ഇവർ വാങ്ങുന്നത്. ഇതിനായി സതേൺ റെയിൽവേ ജോബ് റിക്രൂട്ട്മെന്റ് വേക്കൻസി (ഫോർ ഓഫിസ് ആൻഡ് ഏജന്റ് യൂസ് ഓൺലി) എന്ന പേരിൽ തയാറാക്കിയ ചാർട്ടുമുണ്ട്. ഇതിൽ ലൈസൻസ്ഡ് ഏജന്റ് എന്ന പേരിൽ ഫോട്ടോ പതിച്ചിട്ടുണ്ട്. യോഗ്യത, ജോലി ലഭിച്ചാൽ കിട്ടുന്ന ശമ്പളം, നൽകേണ്ട തുക, കമീഷൻ എന്നിവയൊക്കെ ചാർട്ടിലുണ്ട്.
അസി. സ്റ്റേഷൻ മാസ്റ്റർ ഗ്രൂപ് (സി) നിയമനത്തിന് പത്ത് ലക്ഷം രൂപയാണ് ആവശ്യപ്പെടുന്നത്. ജൂനിയർ എൻജിനീയർ 12 ലക്ഷം, ടിക്കറ്റ് എക്സാമിനർ ഒമ്പത് ലക്ഷം, ക്ലർക്ക് ആറ് ലക്ഷം, പ്യൂൺ മൂന്ന് ലക്ഷം, ഡോക്ടർ 20 ലക്ഷം, നഴ്സ് 10 ലക്ഷം എന്നിങ്ങനെയാണ് തുക. നിരവധി പേർ ഉൾപ്പെട്ട സംഘമാണ് തട്ടിപ്പിന് പിന്നിലെന്ന് ഉദ്യോഗാർഥികൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.